നാല് ദശകത്തോളം ആർ.എസ്.പി എന്ന വിപ്ളവ പ്രസ്ഥാനത്തെ സംസ്ഥാനത്തിന്റെ മുഖ്യധാരയിൽ പിടിച്ചുനിറുത്തിയ ബേബി ജോൺ ഓർമ്മയായിട്ട് പതിനേഴു വർഷം തികയുമ്പോൾ നവതിയിലൂടെ കടന്നുപോകുന്ന അദ്ദേഹത്തിന്റെ പ്രിയ പത്‌നി അന്നമ്മ ബേബിജോൺ മനസു തുറക്കുന്നു.
? കർത്താവിന്റെ മണവാട്ടിയാകാൻ ആഗ്രഹിച്ച്, ഒരു സോഷ്യലിസ്റ്റ് വിപ്ളവകാരിയുടെ ഭാര്യയായപ്പോൾ...
തുടക്കത്തിൽ മനസിൽ ഒരു ഉൾഭയം നിഴലിച്ചുവെങ്കിലും മുന്നോട്ടുള്ള ജീവിതം എനിക്കു സമ്മാനിച്ചത് പൂർണ സംതൃപ്‌തിയും അടിച്ചമർത്തപ്പെട്ടവന്റെ മോചനത്തിനും പട്ടിണിപ്പാവങ്ങളുടെ ഉന്നമനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹദ‌്‌വ്യക്തിയെ ജീവിതപങ്കാളിയായി കിട്ടിയത് ദൈവത്തിന്റെ അനുഗ്രഹമായാണ് കരുതുന്നത്.
? നിരീശ്വരവാദിയും പൂർണ വിശ്വാസിയും തമ്മിലുള്ള അന്തരം വലുതാണല്ലോ.
നിരീശ്വരവാദി എന്ന പ്രയോഗം നമ്മുടെ സമൂഹം കാലങ്ങളായി കമ്മ്യൂണിസ്റ്റുകാരിൽ അന്ധമായി അടിച്ചേൽപ്പിച്ച ഒന്നാണ്. കുറേപ്പേരെങ്കിലും അതിനെ ഒരു മുഖംമൂടിയാക്കാൻ ശ്രമിക്കാറുമുണ്ട്. പപ്പാച്ചനാകട്ടെ ജുബ്ബയുടെ പോക്കറ്റിൽ കരുതിയിട്ടുള്ള കൊന്ത, യാത്രകളുടെ ഇടവേളകളിൽ ജപിക്കാറുണ്ട് എന്നതാണ് വാസ്തവം. ഗീതയും ബൈബിളും ഖുറാനും വിഭാവനം ചെയ്യുന്ന പരമമായ സത്ത തന്നെ സോഷ്യലിസമാണ്.
? കൊല്ലം മുതൽ ചവറ വരെയുള്ള കരിമണൽപ്പരപ്പിന്റെ സന്തതി എന്ന് ചരിത്രം വിളിക്കുന്നത് കേൾക്കുമ്പോൾ.
വലുപ്പത്തിൽ പാർട്ടി ചെറുതാണെങ്കിലും ചിട്ടയായ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ മുഖ്യധാരയിൽ എത്തിപ്പെടുകയും. പല മുന്നണികളുടെ 'കിംഗ് മേക്കർ" എന്ന പദവി ചാർത്തപ്പെടുകയും, അനുരഞ്ജന കലയിൽ പ്രാവീണ്യം തെളിയിക്കുക വഴി 'കേരള കിസിംഗർ" എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.
? കോളിളക്കം സൃഷ്ടിച്ച ചവറ സരസൻ തിരോധാനത്തിനു പിന്നാലെ നടന്ന അസംബ്ളി തിരഞ്ഞെടുപ്പ് ബേബിജോണിന്റെ വാട്ടർലൂ ആയിരിക്കുമെന്ന് എതിർപക്ഷം പ്രവചിച്ചിരുന്നല്ലോ.
രാഷ്ട്രീയ പകപോക്കലിന്റെ രൗദ്രഭാവം ആ വലിയ മനുഷ്യനെയും വേട്ടയാടി. 11 തിരഞ്ഞെടുപ്പുകളിൽ ഒന്നിൽപ്പോലും പരാജയം തീണ്ടിയിട്ടില്ലാത്ത ബേബി ജോണിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ പ്രതിയോഗികൾ തിരഞ്ഞെടുത്ത ഒരു നാടകമായിരുന്നു ചവറ സരസൻ സംഭവം. ആർ.എസ്.പി വിട്ട സരസനെ ബേബിജോൺ ഇല്ലാതാക്കി എന്നായിരുന്നു പ്രചാരണം. അന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്ന് സി.ബി.ഐയിലേക്കു നീളുമ്പോഴും കരളുറപ്പുള്ള ആ മനുഷ്യൻ പിടിച്ചുനിന്നുവെന്നു മാത്രമല്ല, തുടർന്നു വന്ന തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. താമസിയാതെ സരസൻ പ്രത്യക്ഷപ്പെടുകയും ആ അദ്ധ്യായത്തിന് തിരശീല വീഴുകയും ചെയ്തു.
? മന്ത്രിയെന്ന നിലയിൽ ബേബിജോണിന്റെ ഏറ്റവും വലിയ സംഭാവന.
റവന്യു, ജലസേചനം, വിദ്യാഭ്യാസം, തൊഴിൽ, എക്സൈസ്, സഹകരണം തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നെങ്കിലും, അച്യുതമേനോൻ മന്ത്രിസഭയിൽ റവന്യു മന്ത്രി എന്ന നിലയിൽ രാജ്യത്തിനു തന്നെ മാതൃകയായ സമഗ്ര ഭൂപരിഷ്‌കരണ നിയമനിർമ്മാണത്തിനും തുടർ നടപടികൾക്കും ചുക്കാൻ പിടിച്ചതാണ് മഹത്തായ സംഭാവന.
? നേതൃഗുണത്തിന്റെ സവിശേഷത.
കൂർമ്മബുദ്ധിയാണ് പ്രധാനം. അപാരമായ ആജ്ഞാശക്തിയും, ഇഷ്ടമില്ലാത്തവരെക്കൊണ്ട് അനുസരിപ്പിക്കാനുള്ള കഴിവും തന്റേടവും.
? വളരെക്കാലം ശ്രീകണ്ഠൻനായരുമായി ഉണ്ടായിരുന്ന ബന്ധത്തിന് അവസാനകാലത്ത് ഒരു വിള്ളലുണ്ടായല്ലോ.
ശ്രീകണ്ഠൻ ചേട്ടൻ ഒരു ഇതിഹാസ പുരുഷനായിരുന്നു. പപ്പാച്ചനുൾപ്പെടെ നാട്ടുകാർക്കെല്ലാം ചേട്ടനായിരുന്നു. എന്റെ അമ്മാവിഅമ്മയ്ക്ക് അദ്ദേഹം മൂത്ത മകനും എന്റെ മക്കൾക്ക് അദ്ദേഹം വല്ല്യച്ഛനുമായിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ ഉടലെടുത്ത ആ ഉലച്ചിൽ കുടുംബബന്ധങ്ങൾക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചില്ല.
? 'ബേബി ഹാജി" എന്ന വിളിപ്പേരു വന്നത്...
മുസ്ളിംലീഗ് നേതാവും മന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുമായിട്ടുള്ള ഗാഢബന്ധമാണ് ആ പേരു സമ്മാനിച്ചത്. കുടുംബങ്ങൾ തമ്മിലുള്ള ബന്ധം അതിന് മാറ്റുകൂട്ടി. സരസൻ തിരോധാനം കത്തിപ്പടരുന്ന വേളയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇരുവരും വ്യത്യസ്ത ചേരിയിലായിരുന്നു. ഇലക്‌ഷൻ പ്രചാരണാർത്ഥം സി.എച്ച് ചവറ വഴി കടന്നുപോകുമ്പോൾ മുസ്ളിം ലീഗിനു മേൽക്കൈയുള്ള പ്രദേശങ്ങളിൽ അദ്ദേഹം പ്രസംഗിക്കണമെന്ന പ്രവർത്തകരുടെ നിർബന്ധം സ്നേഹപൂർവം നിരസിക്കുകയായിരുന്നു. 'എന്റെ ബേബി ആരെയും കൊല്ലില്ല. ഞാൻ അത് വിശ്വസിക്കില്ല" എന്നു പറഞ്ഞ് അവിടം വിടുകയായിരുന്നു.
? ഐ.എ.എസ് ഉദ്യോഗസ്ഥരോട് ഉണ്ടായിരുന്ന മൃദുസമീപനം ഫയലുകൾ തീർപ്പാക്കാൻ ഏറെ സഹായിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്...
മലയാറ്റൂർ രാമകൃഷ്ണന്റെ സർവീസ് സ്റ്റോറി (എന്റെ ഐ.എ.എസ് ദിനങ്ങൾ) വായിച്ചാൽ അത് മനസിലാകും. പപ്പാച്ചനെ അതിൽ വിശേഷിപ്പിച്ചിരിക്കുന്നത് 'എ ഗുഡ് മാൻ മാനേജർ" എന്നാണ്. ബാബുപോളിനെയും പദ്മകുമാറിനെയും മോഹൻലാലിന്റെ പിതാവ് വിശ്വനാഥൻ നായരെയും പോലുള്ളവരുടെ അനുഭവവും മറിച്ചായിരുന്നില്ല.
? കുടുംബാധിപത്യം എന്ന വിമർശനം പലപ്പോഴും ഉയരുന്നുണ്ടല്ലോ.
ഷിബു രാഷ്ട്രീയത്തിലേക്കു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. രോഗം കീഴ്‌പ്പെടുത്തിയപ്പോൾ ചവറയിലെ ജനങ്ങളുടെ സ്നേഹത്തിന്റെ ബഹിർസ്‌ഫുരണമാണ് ഷിബുവിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ കലാശിച്ചത്.
? ബേബിജോണിന് ഉചിതമായൊരു സ്‌മാരകമെന്ന സ്വപ്നം ലക്ഷ്യം കാണാതെ നീങ്ങുകയല്ലേ.
പപ്പാച്ചന്റെ സ്മരണ നിലനിറുത്താൻ പിതാവ് സെബാസ്റ്റ്യൻ ജോണിന് നീണ്ടകരയിൽ എൻ.എച്ചിന്റെ ഓരത്തുള്ള 11 സെന്റ് സ്ഥലത്ത് ബേബിജോൺ ഫൗണ്ടേഷൻ വ്യത്യസ്തമായൊരു സ്മൃതിമണ്ഡപം ഒരുക്കിയിട്ടുണ്ട്. പതിമൂന്നു മക്കളിൽ പന്ത്രണ്ടു പേരും നഷ്ടമായപ്പോൾ പതിമൂന്നാമനായ ബേബിജോൺ മാത്രമാണ് ശേഷിച്ചത്. കഴിഞ്ഞ പതിനേഴു വർഷമായി അദ്ദേഹം അവസാനകാലം ചെലവിട്ട വീട്ടിൽ ആ അദൃശ്യസാമീപ്യം അനുഭവിച്ചറിഞ്ഞ്, പ്രാർത്ഥനയിൽ മുഴുകി കിട്ടുന്ന സായൂജ്യം മറ്റൊന്നിനും പകരംവയ്ക്കാൻ ആവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |