ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റ് 21. 22 തീയതികളിൽ കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുകയാണ്. നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന കേരളത്തിന്റെ വിശേഷണത്തിന് ഇതോടെ പകിട്ടേറും. ആറുപതിറ്റാണ്ടിലേറെയായി കേരളത്തിന്റെ വ്യാവസായിക മേഖലയ്ക്ക് കൈത്താങ്ങായി നിലകൊള്ളുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എസ്.ഐ.ഡി.സി) 'ഇൻവെസ്റ്റ് കേരള"യ്ക്ക് നേതൃത്വം വഹിക്കുന്നത്. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു...
? സർക്കാരിന്റെ വികസന ഏജൻസി എന്നതിനപ്പുറം കെ.എസ്.ഐ.ഡി.സിയുടെ ലക്ഷ്യങ്ങൾ.
കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള സമഗ്രമായ ഏജൻസിയായാണ് സർക്കാർ കെ.എസ്.ഐ.ഡി.സിയെ വിഭാവനം ചെയ്തത്. നിക്ഷേപകർക്ക് ആവശ്യമുള്ള ലൈസൻസ് നൽകാനുള്ള ഏകജാലക സൗകര്യമൊരുക്കുക,വായ്പകൾ നൽകാൻ സഹായിക്കുക തുടങ്ങിയവ കെ.എസ്.ഐ.ഡി.സി ചെയ്യുന്നുണ്ട്. അതിനായി ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ വിംഗ്,പ്രോജ്ക്ട് ഫെസിലിറ്റേഷൻ വിംഗ്, ഇൻഫ്രാസ്ട്രക്ചർ വിംഗ് എന്നിവയുണ്ട്.
? കേരളത്തിലേയ്ക്ക് വരുന്ന നിക്ഷേപകർക്ക് സർക്കാർ ഇക്വിറ്റി കെ.എസ്.ഐ.ഡി.സി വഴി എടുക്കാനാകുമോ.
പുതിയ നിക്ഷേപങ്ങളിൽ സർക്കാരിന്റെ ഇക്വിറ്റി കെ.എസ്.ഐ.ഡി.സി വഴി എടുക്കാൻ സാധിക്കും. സർക്കാരിന്റെ ഷെയർ വിവിധ കമ്പനികളിലെടുക്കാൻ കെ.എസ്.ഐ.ഡി.സിയുടെ പ്രോജക്ട് ഇൻവെസ്റ്റ്മെന്റ് ഡിവിഷനിൽ സംവിധാനമുണ്ട്. ഇപ്രകാരം കെ.എസ്.ഐ.ഡി.സി വഴി ഇക്വിറ്റിയെടുത്ത കമ്പനികൾ കേരളത്തിൽ പേരും പെരുമയുമുള്ള കമ്പനികളായി പ്രവർത്തിക്കുന്നു.
? എല്ലാത്തരം സംരംഭങ്ങൾക്കും കേരളം അനുയോജ്യമാണോ.
പുതിയ സംരംഭം ആരംഭിക്കാൻ ഏറ്റവും ഉചിതമായ ഇടമാണ് കേരളം. വളരെ കൃത്യതയോടെ പ്രവർത്തിക്കുന്ന എയറോസ്പെയ് മാനുഫാക്ചറിംഗ്, ഗവേഷണം പോലുള്ള സംരംഭങ്ങൾക്ക് കേരളമാണ് പറ്റിയ സ്ഥലം. ഉയർന്ന മൂല്യമുള്ള, മികച്ച മാനവവിഭവശേഷി ആവശ്യമുള്ള രംഗങ്ങളിലെ സംരംഭങ്ങൾക്ക് നല്ല ആവാസവ്യവസ്ഥയാണ് ഇവിടം.
? നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് കേരളത്തിന് തനതായ പ്രത്യേകതകളുണ്ടോ.
തീർച്ചയായും. ഗുണമേന്മയുള്ള ജീവിതനിലവാരമാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. രാജ്യത്ത് ഏറ്റവും മികച്ച വായു ഗുണനിലവാരം ഇവിടെയാണ്. ലോജിസ്റ്റിക്സും കണക്ടിവിറ്റിയുമാണ് അടുത്ത ഘടകങ്ങൾ. കേരളത്തിലെ ഗ്രാമീണ മേഖലയിലെ റോഡുകളടക്കം മികച്ചതാണ്. വിഴിഞ്ഞം, കൊച്ചി ഉൾപ്പെടെയുള്ള തുറമുഖങ്ങൾ മികവ് വർദ്ധിപ്പിക്കുന്നു.
? കേരളത്തിൽ നിക്ഷേപത്തിന് മികച്ച മേഖലകൾ ഏതെല്ലാമാണ്.
വ്യവസായത്തിന്റെ വിവിധ മേഖലകൾ പരിശോധിച്ചാൽ കേരളത്തിന് മേൽക്കൈയുള്ള പത്തു സെക്ടറുകളുണ്ടെന്ന് മനസിലാക്കാം. ഐ.ടിക്ക് കേരളത്തിൽ മികച്ച അന്തരീക്ഷമാണ്. ആയുർവേദമാണ് രണ്ടാമത്തെ പ്രധാന വിഭാഗം. പുതിയ റിസോർട്ടുകൾക്കും തെറാപ്പി സെന്ററുകൾക്കും വലിയ സാദ്ധ്യതയാണ്. ഇന്ത്യയിൽ ഏറ്റവുമധികം ഫൈവ്സ്റ്റാർ ഹോട്ടലുകളുള്ളത് കേരളത്തിലായതിനാൽ വിനോദസഞ്ചാര മേഖലയിൽ വലിയ അവസരമാണ്.
ബഹിരാകാശ- പ്രതിരോധ മേഖലകളിലും മികച്ച ആവാസ വ്യവസ്ഥയാണ്. മെഡിക്കൽ ഡിവൈസുകളുടെ നിർമ്മാണമാണ് മറ്റൊരു മേഖല. ലൈഫ് സയൻസ് സെക്ടറിൽ മികച്ച ആവാസ വ്യവസ്ഥയാണ് കേരളത്തിന്റേത്. ഈ രംഗത്ത് ഇന്ത്യയുടെ വിറ്റുവരവിന്റെ 24 ശതമാനം കേരളത്തിൽ നിന്നാണ്. ഫുഡ്-സ്പൈസസ് പ്രോസസിംഗ് എന്നിവയിലും കേരളം മുന്നിലാണ്. മറൈൻ ഫുഡ് പ്രൊസസിംഗിലും ഹൈ-വാല്യു ആഡഡ് റബർ പ്രോഡക്ട്സ് എന്നിവയിലും കേരളം ശോഭിക്കുകയാണ്. ഗ്രഫീൻ പോലുള്ള പുതിയ മേഖലകളിലും കേരളമാണ് കൂടുതൽ ഗവേഷണം നടത്തുന്നത്.
? സാങ്കേതിക നൂലാമാലകൾ ലഘൂകരിച്ചതോടെ നിക്ഷേപക ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനായോ.
കമ്പനികൾക്ക് ലൈസൻസെടുത്തു നൽകാൻ കെ-സ്വിഫ്റ്റ് പോർട്ടലുണ്ട്. ഒരൊറ്റ മിനിട്ടിൽ റെഡ് ക്യാറ്രഗറി (അപകടസാദ്ധ്യതയുള്ള വ്യവസായങ്ങൾ) അല്ലാത്ത ഒരു എം.എസ്.എം.ഇ (സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭം) കേരളത്തിൽ തുടങ്ങാം! ഇൻ- പ്രിൻസിപ്പൽ അപ്രൂവൽ രേഖ ഉപയോഗിച്ച് സംരംഭം തുടങ്ങിയ ശേഷം മൂന്നരക്കൊല്ലംകൊണ്ട് ആവശ്യമുള്ള ലൈസൻസുകൾ എടുത്താൽ മതിയാകും. ഇതുവഴി അനവധി സ്ഥാപനങ്ങൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.
? കേരളത്തിന്റെ പുതിയ വ്യവസായ നയത്തെക്കുറിച്ച്.
2023-ലാണ് പുതിയ വ്യവസായ നയം (ന്യൂ ഇൻഡസ്ട്രിയൽ പോളിസി)സർക്കാർ ആവിഷ്കരിച്ചത്. ഭാവിയിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് സാദ്ധ്യതയുള്ള 22 മുൻഗണനാ മേഖലകൾ വ്യവസായ നയത്തിൽ തിരഞ്ഞെടുത്തിരുന്നു. നിക്ഷേപകർക്ക് പതിനെട്ടോളം ഇൻസെന്റീവുകൾ കൊണ്ടുവന്നു. വലിയ നിക്ഷേപങ്ങൾക്ക് സ്പെഷ്യൽ ഇൻസെന്റീവുകൾ നൽകാനും പ്രൊവിഷനുണ്ട്. പുതിയ വ്യവസായ നയത്തിൽ സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകൾ കേന്ദ്രീകരിച്ചാണ് ഇൻവെസ്റ്റ് കേരളയ്ക്കു മുന്നോടിയായി കോൺക്ലേവുകളും റോഡ്ഷോകളും സംഘടിപ്പിച്ചത്.
? ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമിറ്റിനെക്കുറിച്ച്.
വൈജ്ഞാനികസമൂഹമായ കേരളത്തിന്റെ ശക്തികേന്ദ്രങ്ങളായ മേഖലകളിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കാനാണ് സമിറ്റ് നടത്തുന്നത്. നിക്ഷേപകരുൾപ്പെടെ 2500-ലേറെ പ്രതിനിധികളെയും 25-ലേറെ രാജ്യങ്ങളുടെ പ്രതിനിധികളെയും പ്രതീക്ഷിക്കുന്നു. ഉദ്ഘാടനവും സമാപനവും ഉൾപ്പെടെ മുപ്പതോളം സെഷനുകളിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നിക്ഷേപങ്ങൾക്ക് കേരളം തയ്യാറാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക, വ്യവസായരംഗത്തെ കേരളത്തിന്റെ മികവ് പ്രദർശിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.നിക്ഷേപത്തിനായി ധാരാളം താത്പര്യപത്രങ്ങൾ സമിറ്റിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
? ഇൻവെസ്റ്റ് കേരളയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ട് നാളേറെയായോ.
ഇൻവെസ്റ്റ് കേരള എന്നത് വെറുതെ ഒരു ഇവന്റ് നടത്തുന്ന മാതൃകയിലല്ല ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത്രയും കാലം നടന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണിത്. കഴിഞ്ഞ ഒരുവർഷമായി ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്. നാല്പതോളം റോഡ് ഷോകൾ, മേഖലാതല യോഗങ്ങൾ, കോൺക്ലേവുകൾ എന്നിവ ആറുമാസമായി നടത്തിവരുന്നു. വിവിധ മേഖലകളിലുള്ളവരുടെ പ്രശ്നങ്ങൾ മനസിലാക്കാനും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും സാധിച്ചു.
സ്വിറ്റ്സർലൻഡിലെ ദാവോസിലെ വേൾഡ് ഇക്കണോമിക്ക് ഫോറത്തിൽ ആദ്യമായി കേരളത്തിന്റെ പവലിയൻ വഴി ബി-ടു-ബി (ബിസിനസ്- ടു- ബിസിനസ് മീറ്റിംഗുകൾ) നടത്തി. ദുബായിലും ജർമനിയിലും ഡൽഹിയിലും മുംബയിലും ചെന്നൈയിലും പരിപാടികളിൽ പങ്കെടുത്തു. എക്സ്പോർട്ട്, ലോജിസ്റ്റിക്സ് നയങ്ങൾ പുറത്തിറക്കി. സി.ഐ.ഐ (കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്), ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേമ്പേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ഫിക്കി) ഉൾപ്പെടെയുള്ളവരുമായി സഹകരിച്ചാണ് ഇവന്റ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |