ഡോ. ബി. അശോക്
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
സ്‌മാർട്ട് കൃഷിരീതികളിലൂടെ കാർഷിക നവീകരണത്തിന് ലോകബാങ്ക് സഹായത്തോടെയുള്ള 2400 കോടിയുടെ 'കേര' പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുകയാണ്. പതിനഞ്ചു ലക്ഷം കർഷകർക്ക് ഗുണകരമാവുന്ന പദ്ധതി സ്മാർട്ട് കൃഷിരീതികളിലൂടെയും മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, വിപണനം എന്നിവയിലൂടെയും കർഷക രക്ഷയുടെ പുതിയ വാതായനങ്ങളാണ് തുറന്നിടുന്നത്. വ്യവസായവത്കരണത്തിലൂടെ കൃഷി ലാഭകരമാക്കാനും ഉത്പന്നങ്ങൾക്ക് പുതിയ വിപണി തുറക്കാനും കഴിഞ്ഞാൽ കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനാവും വഴിയൊരുങ്ങുക. 'കേര' പദ്ധതി ഡയറക്ടറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോക് 'കേരളകൗമുദി"യോട് സംസാരിക്കുന്നു.
? രണ്ടു വർഷമായി കേൾക്കുന്ന 'കേര' പദ്ധതി ഇക്കൊല്ലം നടപ്പാക്കുമോ.
ഫെബ്രുവരിയിൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്ന പദ്ധതിയിൽ കഴിഞ്ഞ മാസംതന്നെ ലോകബാങ്ക് സഹായത്തിന്റെ ആദ്യ ഗഡു സംസ്ഥാന സർക്കാരിന് ലഭിച്ചു. അഡ്വാൻസ് തുക അക്കൗണ്ടിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പദ്ധതി ഇപ്പോൾ നടപ്പാക്കൽ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രവർത്തനങ്ങൾ ഈ മാസം പൂർണതോതിൽ ആരംഭിക്കും. കാലാവസ്ഥാ പ്രതിരോധ കൃഷിരീതി, ഉത്പാദക സഖ്യങ്ങൾ, കാർഷിക മൂല്യവർദ്ധന ശൃംഖല ശക്തിപ്പെടുത്തൽ എന്നീ അനുബന്ധ പ്രവർത്തങ്ങൾ ഉടൻ തുടങ്ങും.
? പദ്ധതി നടത്തിപ്പ് സർക്കാർ നേരിട്ടാണോ.
പദ്ധതി നിർവഹണത്തിന് അഞ്ച് ഘടകങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, മൂല്യവർദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്കരണം വർദ്ധിപ്പിക്കൽ, അഗ്രി ബിസിനസും ഭക്ഷണ സമ്പ്രദായവും, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കണ്ടിജന്റ് എമർജൻസി റെസ്‌പോൺസ് ഘടകവും കാലാവസ്ഥാ ധനസഹായവും എന്നിവയാണ് അവ. കൃഷിവകുപ്പ്, വ്യവസായ- വാണിജ്യ വകുപ്പ്, കിൻഫ്ര, സ്റ്റാർട്ട് അപ്പ് മിഷൻ, കാർഷിക സർവകലാശാല എന്നിവയാണ് നിർവഹണ വകുപ്പുകളും ഏജൻസികളും.
?കൃഷിയുടെ വ്യവസായവത്കരണത്തിൽ പദ്ധതിയുടെ പങ്ക്...
കാർഷിക സംരംഭങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഉത്പാദക സംഘടനകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്കു നല്കുന്ന പിന്തുണയിലൂടെ കേര പദ്ധതി കേരളത്തിന്റെ വ്യവസായവത്കരണത്തിൽ നിർണായക പങ്കു വഹിക്കും. കാലാവസ്ഥാ പ്രതിരോധ, കാർഷിക മൂല്യവർദ്ധന ശൃംഖല ശക്തിപ്പെടുത്തൽ, കൃഷിയുമായി ബന്ധപ്പെട്ട പ്രോസസിംഗ് യൂണിറ്റുകൾ, ഫുഡ് പാർക്കുകൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്ക് കൂടുതൽ സാദ്ധ്യതകൾ സൃഷ്ടിക്കാൻ പദ്ധതിക്കു കഴിയും. പുതിയ സാങ്കേതിക വിദ്യകളും ഗവേഷണവും സമന്വയിപ്പിച്ച് കർഷകരുടെയും ചെറുകിട സംരംഭകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനും, കാർഷിക മേഖലയുടെ വ്യവസായവൽക്കരണത്തിനും പദ്ധതി കരുത്തായി മാറും. ഇതുവഴി കർഷകർക്ക് മികച്ച വിപണന അവസരങ്ങൾ ലഭിക്കുകയും, കൃഷി അടിസ്ഥാനത്തിലുള്ള വ്യവസായങ്ങൾക്ക് ഗണ്യമായ മുന്നേറ്റം നടത്താൻ കഴിയുകയും ചെയ്യും. ഈ ഘടകങ്ങൾക്ക് 30 ശതമാനം പദ്ധതി അടങ്കൽ വിനിയോഗിക്കും.
?കർഷകർക്ക് നേരിട്ടു കിട്ടുന്ന നേട്ടങ്ങൾ എന്തൊക്കെയാവും.
കേര പദ്ധതിയിലൂടെ മികച്ച സാങ്കേതികവിദ്യയും നവീന കൃഷിരീതികളും വികസിപ്പിച്ച് കർഷകർക്ക് കൈമാറുന്നതു വഴി കൃഷിയിൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനാകും. കാർഷിക ഉത്പാദക സംഘടനകൾ വഴി കൃഷിയുടെ വാണിജ്യവൽക്കരണം ഊർജിതമാക്കി, അവർക്ക് വിപണിയിൽ മികച്ച വില ലഭ്യമാക്കും. മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ കർഷകർക്ക് അധിക വരുമാനം ലഭിക്കാൻ സഹായിക്കും. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് പ്രതിരോധശേഷിയുള്ള പുത്തൻ കൃഷിരീതികൾ നടപ്പാക്കുന്നതിലൂടെ നഷ്ടം കുറയ്ക്കാനും വരുമാന സ്ഥിരത ഉറപ്പാക്കാനുമാകും. സാമ്പത്തിക സഹായങ്ങളും കൃഷി അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്ക് പിന്തുണയും ലഭ്യമാക്കുന്നതോടെ, കർഷകർക്ക് തൊഴിൽ സുരക്ഷയും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രാപ്യമാവും.
?കാർഷിക പശ്ചാത്തല മേഖലയ്ക്ക് എന്തൊക്കെ നേട്ടങ്ങളുണ്ടാവും.
കേര പദ്ധതി കാർഷിക പശ്ചാത്തല മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ശക്തമായ പിന്തുണ നൽകും. ആധുനിക അഗ്രി ലോജിസ്റ്റിക് ഹബ്ബുകൾ, കോൾഡ് സ്റ്റോറേജുകൾ, പ്രോസസിംഗ് യൂണിറ്റുകൾ, ഫുഡ് പാർക്കുകൾ എന്നിവ സ്ഥാപിച്ച് ഉത്പാദനവും വിപണന ശൃംഖലയും മെച്ചപ്പെടുത്തും. കർഷക സംഘടനകൾക്കും അഗ്രിടെക് സ്റ്റാർട്ടപ്പുകൾക്കും പരിശീലന കേന്ദ്രങ്ങളും ഇൻക്യുബേഷൻ ഹബ്ബുകളും സജ്ജമാക്കി, നവീന സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ കൃഷിയെ വ്യവസായവത്കരിച്ച് കേരളത്തിന്റെ കാർഷിക അടിസ്ഥാന വ്യവസായം ആഗോള മത്സരക്ഷമതയുള്ളതാക്കും. ഇതിന് 200കോടി രൂപയുണ്ട്.
? പദ്ധതി ചെലവുകളും സ്റ്റാഫ് പാറ്റേണും എങ്ങനെയാണ്.
കേര പദ്ധതിയുടെ ധനസഹായം ലോകബാങ്ക് വായ്പയും സംസ്ഥാന സർക്കാരിന്റെ വിഹിതവും ഉപയോഗിച്ച് ഉറപ്പാക്കും. ഇതിൽ സംസ്ഥാന വിഹിതത്തിന്റെ 90 ശതമാനം (709കോടി രൂപ) നബാർഡിന്റെ റിയാസ് (Rural Infrastructure Assistance to States) ഫണ്ടിംഗിലൂടെ സമാഹരിക്കും. ഈ ഫണ്ട് കാർഷിക മൂല്യവർദ്ധന ശൃംഖല, അടിസ്ഥാന സൗകര്യ വികസനം, കാർഷിക ഉത്പാദക സംഘടനകൾ, ചെറുകിട സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, പരിശീലനം, ഗവേഷണം എന്നിവയ്ക്കായി വിനിയോഗിക്കും.
പദ്ധതി സുതാര്യമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് മൂന്നു തലത്തിലുള്ള ഭരണ സംവിധാനമുണ്ട്. SPMU (State Project Management Unit): സംസ്ഥാനതല ഏകോപനം, ധനവിനിയോഗം, പദ്ധതി നടപ്പാക്കൽ നിരീക്ഷണം എന്നിവയാണ് ആദ്യതലം. RPMU (Regional Project Management Units) പ്രാദേശിക തലത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. PIU (Project Implementation Units) വ്യവസായ വകുപ്പ്, കാർഷിക സർവകലാശാല, കിൻഫ്ര, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. പദ്ധതിയുടെ പ്രൊഫഷണൽ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ കൃഷി, വ്യവസായ വകുപ്പുകളിൽ നിന്ന് പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
? പദ്ധതിയുടെ ഉദ്ഘാടനം എന്നത്തേക്കാവും.
ഔദ്യോഗിക ഉദ്ഘാടനം മേയ് മാസത്തിൽ മന്ത്റിസഭാ വാർഷികത്തിനൊപ്പം നടത്താനാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |