ജി. ശങ്കർ
ചീഫ് ആർക്കിടെക്റ്റ്, ഹാബിറ്റാറ്റ്
ശങ്കർ എന്നു കേട്ടാൽ മലയാളിക്ക് ആർക്കിടെക്റ്റ് ശങ്കറാണ്. മലയാളികളുടെ ജനകീയ ആർക്കിടെക്ട്! ഗോപാലൻ നായർ ശങ്കർ എന്ന ആർക്കിടെക്റ്റ് ജി. ശങ്കറിനെ ജനകീയനാക്കിയത് മത്സ്യതൊഴിലാളികൾക്കിടയിലെ സാക്ഷരതാ യജ്ഞമാണ്. അവരുടെ ജീവിതവ്യഥകളാണ്, ചെലവുകുറഞ്ഞ വീടുകൾ എന്ന ആശയത്തിലേക്ക് ശങ്കറിനെ എത്തിച്ചത്. പ്രകൃതിദത്തവും എന്നാൽ ഈടുറ്റതുമായ അസംസ്കൃത പദാർത്ഥങ്ങൾ കൊണ്ട് ഗൃഹനിർമ്മാണം എന്ന,അതുവരെയാരും ചിന്തിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് നിർമ്മാണച്ചെലവ് കുറഞ്ഞ വീടുകൾ പണിത് ശങ്കർ മുന്നേറി.
1985-ൽ ഹാബിറ്റാറ്റ് എന്ന സംഘടയുണ്ടാക്കി, അതിന്റെ ചീഫ് ആർക്കിട്ക്റ്റായിരുന്നുകൊണ്ട് ലോകമെമ്പാടും ചെലവുകുറഞ്ഞ വീടുകൾ പണിത് പുതിയ മാതൃകയ്ക്ക് പ്രചാരമേകി. 1985-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. വീടിനെക്കുറിച്ചുള്ള സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും സങ്കല്പങ്ങൾക്കും സാമ്പത്തിക ആസൂത്രണത്തിനും ഒപ്പമാണ് എപ്പോഴും ആർക്കിടെക്റ്റ് ശങ്കർ. അദ്ദേഹവുമായുള്ള സംഭാഷണത്തിൽ നിന്ന്.
കേരളത്തിന്റെ ഗൃഹനിർമ്മാണ രീതികളിൽ കൊണ്ടുവന്ന മാറ്റം.
1980-കളുടെ അവസാനമാണ് ഹാബിറ്റാറ്റ് രൂപീകരിക്കുന്നത്. ഞാൻ ഗുരുതുല്യനായി കാണുന്ന ലാറി ബേക്കർ കേരളത്തിന്റെ ആവാസ വ്യവസ്ഥയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഈ മാറ്റങ്ങൾ ജനകീയമാക്കണമെന്ന ചിന്തയോടെയാണ് ഹാബിറ്റാറ്റ് രൂപംകൊണ്ടത്. കെട്ടിടനിർമ്മിതിയിൽ സാധാരണക്കാരുടെ അറിവില്ലായ്മ ചൂഷണം ചെയ്തിരുന്ന മേഖലയാണ് കെട്ടിട നിർമ്മാണ രംഗം. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമായി ചെലവുകുറഞ്ഞ ലക്ഷക്കണക്കിന് കെട്ടിടങ്ങൾ പണിയാൻ ഹാബിറ്റാറ്റിന് കഴിഞ്ഞു.
? ഗൃഹനിർമ്മാണവും പരിസ്ഥിതി പ്രവർത്തനവും ഒരുമിച്ചാണല്ലോ.
ഏറ്റവും സാധാരണക്കാർക്കു വേണ്ടിയുള്ള വീടുകളുടെ നിർമ്മിതിയിലാണ് ഹാബിറ്ററ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വീടുനിർമ്മാണത്തിലെ അനഭിലഷണീയ ശൈലിയാണ് ഏറ്റവും വലിയ പ്രശ്നം. ഒരു ദേശത്തിന്റെ പ്രത്യേകതകൾ പഠിച്ചും പരിഗണിച്ചും വേണം വീടുനിർമ്മാണം നടത്തേണ്ടത്. കേരളത്തിനു വേണ്ട ബൗദ്ധിക ഒസ്യത്തുകൾ ഇവിടെത്തന്നെയുണ്ട്. അവ ഉപയോഗിക്കണം. ഉരുൾദുരന്തങ്ങളുടെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളണം. നൂറ്റാണ്ടുകൾ ഉപയോഗിക്കേണ്ട വിഭവങ്ങൾ യാതൊരു വീണ്ടുവിചാരവുമില്ലാതെ നമ്മൾ ഉപയോഗിച്ചു തീർക്കുകയാണ്.
? വലിയ വീടുകൾ വയ്ക്കുന്ന മലയാളികളുടെ മാനസികാവസ്ഥയെക്കുറിച്ച്...
കെട്ടിടത്തിനു വേണ്ടി വലിയ നിക്ഷേപം ഒരിക്കലും നല്ലതല്ല. ഓരോ ദിവസം കഴിയുന്തോറും അതിന്റെ വിലയിടിയും. കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്കുള്ള സംക്രമണവും, അണുകുടുംബങ്ങളിൽ നിന്ന് വ്യക്തികളിലേക്കുള്ള സംക്രമണവും, ഓരോ മുറിയും ഓരോ വീടാകുന്ന നിലയിലേക്കുള്ള പരിവർത്തനവുമാണ് നടക്കുന്നത്. നമുക്ക് വൃത്തിയാക്കാൻ കഴിയുന്ന പരിസരം മാത്രമേ വീടാക്കി കെട്ടാവൂ. കൊവിഡ് നൽകിയ പാഠം അതാണ്. നമ്മൾ പണിയുന്ന വീട് നാളെ മക്കൾക്ക് ഇഷ്ടമാകണമെന്നില്ല. അവർ അതു പൊളിച്ച് വേറൊന്ന് പണിയും. അപ്പോൾ, വീടിന് അധികമായി ഇൻവെസ്റ്റ് ചെയ്യുന്നത് നഷ്ടക്കച്ചവടമാണെന്ന് വ്യക്തം.
? പതിനഞ്ചു വർഷം മുമ്പാണ്, കേരളത്തിൽ ഒരു കോടി ജനങ്ങൾക്ക് ഒന്നേകാൽ കോടി വീടുകളുണ്ടെന്ന് എം.പി. പരമേശ്വരൻ പറഞ്ഞത്. ഇപ്പോഴോ...
വലിയൊരു പ്രതിസന്ധിയാണത്. ഒരു പ്രവാചക ശബ്ദത്തിലാണ് അന്ന് പരമേശ്വരൻ സാർ അതു പറഞ്ഞത്. ഒരു വാസ്തുശില്പി ഉറക്കെ പ്രഖ്യാപിക്കാൻ മടിക്കുന്നൊരു സത്യമാണത്. നിയമംകൊണ്ട് അത് നിയന്ത്രിക്കണം. അല്ലെങ്കിൽ അപകടമാണ്.
? കെട്ടിടനിർമ്മാണ മേഖല ഇന്നു നേരിടുന്ന വെല്ലുവിളികൾ.
അസംസ്കൃത സാധനങ്ങളുടെ ലഭ്യതക്കുറവു തന്നെ. കെട്ടിട നിർമ്മാണ സാധനങ്ങൾ സർക്കാർ സംവിധാനങ്ങൾ വഴി ലഭ്യമാകുന്ന ഒരു സമ്പ്രദായം ഉണ്ടാകണം. വീട്ടുസാധനങ്ങൾക്ക് മാവേലി സ്റ്റോറും നീതി സ്റ്റോറുമൊക്കെ ഉള്ളതുപോലെ കെട്ടിട നിർമ്മാണ സാമഗ്രികൾക്കും സർക്കാർ സ്റ്റോർ ഉണ്ടാകണം. ചൂഷണം തടയണം.
? ഡി.ജി.പി ആയിരുന്ന ലോക്‌നാഥ് ബെഹ്റയ്ക്കു വേണ്ടി നിർമ്മിച്ച വീട് വളരെ പ്രത്യേകത നിറഞ്ഞതാണെന്ന് കേട്ടിട്ടുണ്ട്. ആ പ്രത്യേകത...
മണ്ണുകൊണ്ടുള്ള നിർമ്മിതിയാണ്. വേസ്റ്റ് മാനേജ്മെന്റിന് ഉൾപ്പെടെ, സൂര്യതാപം എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്ന പരീക്ഷണങ്ങളൊക്കെ അവിടെ ഉപയോഗിച്ചിട്ടുണ്ട്. വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിനടുത്ത്, പൊലീസ് മേധാവിക്കും നാല് എ.ഡി.ജി.പിമാർക്കുമായുള്ള അഞ്ച് കെട്ടിടങ്ങൾ ഉൾപ്പെടെ 'സീനിയർ ഓഫീസേഴ്സ് എൻക്ലേവ് ' നിർമ്മിക്കാൻ അദ്ദേഹം അവസരം നൽകി.
? സർക്കാർ പ്രോജക്ടുകൾ ഏറ്റെടുത്ത് ചെയ്യുമ്പോൾ...
സർക്കാരുകൾ എന്നും ഒപ്പമുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലാണ് തടസങ്ങൾ. സർക്കാർ സംവിധാനങ്ങൾക്ക് മുഖമില്ല, മനസുമില്ല. ഭാവിതന്നെ അപകടകരമാക്കുന്ന സന്ദർഭങ്ങൾ വന്നിട്ടുണ്ട്. ദു:ഖകരമാണത്. എന്തിനു വേണ്ടിയാണ് ഹാബിറ്രാറ്റ് നിലകൊള്ളുന്നതെന്നു മനസിലാക്കി അതിനെ തല്ലിക്കെടുത്തരുത് എന്നൊരപേക്ഷ മാത്രമാണുള്ളത്.
? മന്ത്രിമാരിൽ ഏറ്റവും നന്നായി ഇടപെടുന്നത്...
അങ്ങനെ പറയാൻ പറ്റില്ല. ഇപ്പോൾ മന്ത്രിസഭയിലുള്ള മിക്കവരുമായും വ്യക്തിപരമായ സ്നേഹബന്ധമുണ്ട്. അവരെല്ലാം കലർപ്പില്ലാത്ത പിന്തുണ തരുന്നു. വലതു പക്ഷവും ഇടതുപക്ഷവുമില്ല. ഉദ്യോഗസ്ഥരുടെ നിസഹകരണം പലപ്പോഴും കപ്പിനും ചുണ്ടിനും ഇടയിൽ പലതും ചോർന്നു പോകുന്ന അവസ്ഥയുണ്ടാക്കാറുണ്ട്. നാട്ടിലെ എൻജിനിയർമാർക്കും രാഷ്ട്രീയ നേതാക്കൾക്കുമെല്ലാം പരിശീലനം കൊടുക്കണം. കഴിഞ്ഞ വർഷം നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള യു.എൻ- ഷാങ്ഹായ് ഗ്ലോബൽ പുരസ്ക്കാരത്തിന് തിരുവനന്തപുരം നഗരസഭ അർഹമായ ചരിത്രം മുന്നിലുണ്ട്. അതൊക്കെ ഒരു സൂചനയാണ്. ലോകത്തിനു മാതൃകയാകേണ്ടത് കേരളമാണ്. പലതും പൂർണശോഭയിലെത്തിക്കാൻ കഴിയാതെ വരുന്നതിന് തടയിടാൻ സർക്കാരിനാകണം.
? സുഗതകുമാരി ടീച്ചറുമായുള്ള ആത്മബന്ധം...
ടീച്ചറിന്റെ കവിതകൾ ഇഷ്ടമായിരുന്നു. പിന്നീടാണ് ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവും സാമൂഹ്യ പ്രവർത്തനവും സ്വാധീനിക്കുന്നത്. സൈലന്റ് വാലി പോലൊരു പരിസ്ഥിതിവിഷയം ഉയർത്തിക്കൊണ്ടുവന്ന് വിജയിക്കുന്ന ലോകത്തെ ആദ്യ പരിസ്ഥിതി പ്രവർത്തകയാണ് ടീച്ചർ. പരിസ്ഥിതിലോല പ്രദേശങ്ങളിൽ വല്ലാത്ത ധ്വംസനങ്ങളാണ് നടക്കുന്നത്. അതൊന്നും ചോദ്യം ചെയ്യാൻ ഇന്ന് ആളില്ലാതായി.
? പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന ബോദ്ധ്യം ഉണ്ടായിവരുന്നത്...
ഞാനൊരു ഫ്യൂഡൽ കുടുംബത്തിലാണ് ജനിച്ചത്. അടിസ്ഥാന വർഗത്തിൽ ജനിക്കാതിരുന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. ശാസ്ത്രസാഹിത്യ പരിഷത്തിൽ അംഗമായപ്പോഴാണ് മാറ്റമുണ്ടാകുന്നത്. അതെനിക്കു സമ്മാനിച്ച സാമൂഹ്യ പാഠങ്ങൾ വലുതായിരുന്നു. എന്തു പഠിച്ചാലും ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്ന തീരുമാനത്തിലാണ് ആർക്കിടെക്ചർ തിരഞ്ഞെടുത്തത്.
? തിരിഞ്ഞു നോക്കുമ്പോൾ...
പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ നിർമ്മാണം എന്ന വലിയ ദൗത്യം തന്നെയാണ് വലിയ ഉത്തരവാദിത്വവും സംതൃപ്തിയും. ഭോപ്പാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു. ഭോപ്പാൽ കഴിഞ്ഞ് ഒഡിഷയിൽ, ഗുജറാത്തിലെ ലാത്തൂരിൽ, ഉത്തരകാശിയിൽ, ഉത്തരാഖണ്ഡിൽ, ഇന്തോനേഷ്യയിൽ, തായ്ലൻഡിൽ, മാലിദ്വീപിൽ ഒക്കെ പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി.
1990-കളുടെ അവസാനം ഒഡിഷയിൽ സൂപ്പർ സൈക്ളോൺ കടന്നുപോയി. ചുഴലിക്കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നെങ്കിലും പാരദ്വീപിനു സമീപം ഹാബിറ്റാറ്റ് നിർമിച്ച മെഡിക്കൽ കോളേജിന് ഒന്നും സംഭവിച്ചില്ല. അതൊരു ഹാബിറ്റാറ്റ് ചിഹ്നമായി നിലകൊള്ളുന്നത് വലിയ സന്തോഷമാണ്. ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസ പദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തിട്ടുണ്ട്- ശ്രീലങ്കയിൽ 95,000 പേർക്കുള്ള പാർപ്പിട പദ്ധതി! ബംഗ്ളാദേശിലെ ധാക്കയിൽ പണിത മൺകെട്ടിടം ലോകത്തെ തന്നെ ഏറ്റവും വലിയ മൺനിർമ്മിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |