SignIn
Kerala Kaumudi Online
Saturday, 26 July 2025 10.55 AM IST

നേടേണ്ടത് മനക്കരുത്ത്,​ മാറേണ്ടത് മനോഭാവം

Increase Font Size Decrease Font Size Print Page
sathidevi

പി. സതീദേവി

സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ

എല്ലാ രംഗങ്ങളിലും കരുത്തു തെളിയിച്ചിട്ടും വെല്ലുവിളികൾ മുറിച്ച് മുന്നേറിയിട്ടും ആത്മവിശ്വാസം അടർന്നുപോകുന്നവർ,​ മക്കളുമായി ആത്മഹത്യ ചെയ്യുന്നവർ,​ പ്രണയപ്പകയ്ക്കും സ്ത്രീധനക്കൊതിക്കും ഇരയാകുന്നവർ... കരുത്തരായ സ്ത്രീകൾക്കൊപ്പം കാൽവഴുതിപ്പോകുന്നവരും നമുക്കിടയിലുണ്ട്. കരുത്തയാണെന്ന് സ്ത്രീയെ നിരന്തരം ഓർമ്മിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, കരളുറപ്പോടെ മുന്നേറേണ്ടതിനെക്കുറിച്ച് ജനാധിപത്യപരമായ ബന്ധങ്ങൾ തിരഞ്ഞെടുക്കേണ്ടതിനെക്കുറിച്ച് കേരള വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

?​ അഭിഭാഷക പോലും കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്ന തരത്തിൽ ആത്മഹത്യാ പ്രവണത ഏറിവരുന്നു. സ്ത്രീകളിൽ മാനസികാരോഗ്യം കുറയുകയാണോ.

അത്തരം സംശയം ജനിപ്പിക്കുന്ന തരത്തിൽ സംഭവങ്ങൾ വർദ്ധിക്കുന്നുണ്ട്. സ്ത്രീകളിൽ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള മനക്കരുത്ത് കുറയുന്നതിനു തെളിവാണ് വർദ്ധിച്ചുവരുന്ന ആത്മഹത്യകൾ.

?​ പ്രതിസന്ധികളിൽ സ്ത്രീകൾ പതറിപ്പോകുന്നതിൽ കുടുംബാന്തരീക്ഷത്തിന്റെ സ്വാധീനം.

 വീടിനകത്ത് ഓരോരുത്തരും ഓരോ മൊബൈലിന്റെ ലോകത്താണ്. പല വീടുകളിലും അന്യോന്യം പ്രശ്നങ്ങളും വിഷമങ്ങളും ആശയങ്ങളും പങ്കുവയ്കാവുന്ന അന്തരീക്ഷമില്ല. മാതാപിതാക്കളും മക്കളും തമ്മിൽ സംഭാഷണമില്ല. കൂട്ടുകുടുംബമായിരുന്നപ്പോൾ ഒരു പ്രശ്നം വന്നാൽ പങ്കുവയ്ക്കാൻ അവസരമുണ്ടായിരുന്നു. കാലക്രമത്തിൽ സർക്കാരിന്റെ തന്നെ നിലപാട് മാറി. 'നാം രണ്ട് നമുക്കു രണ്ട്" എന്നായിരുന്നു തുടക്കത്തിലെ മുദ്രാവാക്യം. പിന്നീടത്,​ 'ഒന്നേ ഒന്ന് കണ്ണേ കണ്ണ്" എന്നായി. ഇതിനപ്പുറം,​ വിവാഹിതരായാൽ കുട്ടികൾ വേണ്ടെന്ന കാഴ്ചപ്പാടുള്ള ദമ്പതികളുടെ എണ്ണവും കൂടുന്നു. ദാമ്പത്യബന്ധം ബാദ്ധ്യതയാകുമോ എന്ന ആശങ്കയുള്ളവരാണ് യുവതലമുറ.

?​ സൗഹൃദങ്ങളുടെ അഭാവം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് കുറച്ചിട്ടില്ലേ.

 നല്ല സൗഹൃദങ്ങളിലും സൗഹൃദക്കൂട്ടായ്മകളിലും കുറവ് വന്നിട്ടുണ്ട്. ഉള്ള സൗഹൃദങ്ങളാകട്ടെ മൊബൈൽ വഴിയുമാണ്. ആരും തമ്മിൽ കാണുന്നില്ല,​ ഇത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതിസന്ധികൾ അന്യോന്യം പങ്കുവയ്ക്കാനുള്ള മാനസികാവസ്ഥ വളർത്താനുള്ള ശ്രമം അനിവാര്യമാണ്.

?​ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതിരുന്നിട്ടും പണ്ടത്തെ സ്ത്രീകൾ കുറച്ചുകൂടി കരുത്തരായിരുന്നില്ലേ...

കൂട്ടായുള്ള കുടുംബപശ്ചാത്തലത്തിൽ നിന്നായിരുന്നു അവരുടെ അടിത്തറ. എനിക്കു മാത്രമല്ല, മറ്റുള്ളവ‌ർക്കും പ്രശ്നങ്ങളുണ്ടെന്നുള്ള തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. പ്രശ്നം വരുമ്പോൾ മറ്റുള്ളവരോട് തുറന്നുപറയാനും അവരുമായി ആലോചിച്ച് പരിഹരിക്കാനും അവർക്ക് കഴിഞ്ഞിരുന്നു. മാനസികാരോഗ്യം സംബന്ധിച്ച് വനിതാ കമ്മിഷൻ ക്യാംപെയിനുകൾ സംഘടിപ്പിക്കുന്നുണ്ട്. ആത്മഹത്യയ്ക്കെതിരെ കൗമാരപ്രായത്തിൽത്തന്നെ ബോധവത്കരണം തുടങ്ങണം.

?​ പ്രണയബന്ധങ്ങൾ കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിക്കപ്പെടുന്ന ഗുരുതര സാഹചര്യമുണ്ടല്ലോ.

ബന്ധങ്ങളെക്കുറിച്ച് കൗമാരപ്രായക്കാർക്ക് കൃത്യമായ ധാരണയില്ല എന്നത് യാഥാർത്ഥ്യമാണ്. പ്രണയം തെറ്റിക്കഴിഞ്ഞാൽ കൊലപാതകം,​ ആത്മഹത്യ എന്ന നിലയിലേക്ക് മാറുന്നത് അതുകൊണ്ടാണ്. ആരോഗ്യകരമായ ബന്ധങ്ങൾ എന്നത് ലൈംഗികവിദ്യാഭ്യാസം ഉൾപ്പെടെയാണ്. പ്ലസ് ടു വിദ്യാർത്ഥികൾക്കായി 'കലാലയജ്യോതി" എന്ന പേരിൽ കമ്മിഷൻ സംഘടിപ്പിക്കുന്ന ക്ളാസുകളിലെ പ്രധാന വിഷയം ആരോഗ്യകരമായ ബന്ധങ്ങൾ സംബന്ധിച്ചാണ്. ഇതിൽ പ്രണയബന്ധങ്ങൾ മാത്രമല്ല,​ ആരോഗ്യകരമായ സുഹൃദ് ബന്ധങ്ങൾ,​ അദ്ധ്യാപക - വിദ്യാർത്ഥി ബന്ധം, കുട്ടിയും രക്ഷിതാവും തമ്മിലുള്ള ബന്ധം എന്നിവയെല്ലാം ചർച്ച ചെയ്യും.


സ്കൂൾകാലഘട്ടത്തിൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യത ഏറിവരികയാണ്. കൗമാരപ്രായം തുടങ്ങുന്നതിന് മുൻപുതന്നെ ശരീരത്തിലെ മാറ്റങ്ങളെക്കുറിച്ചും വൈകാരിക മാറ്റങ്ങളെക്കുറിച്ചും കുട്ടികൾക്ക് ധാരണ നൽകണം. പാഠ്യപദ്ധതിയിൽ ആരോഗ്യകരമായ ബന്ധങ്ങൾ സംബന്ധിച്ച ഭാഗം ഉൾപ്പെടുത്തണമെന്ന് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

?​ കുട്ടികളെ വളർത്തുന്നതിൽ ശരിയായ അവബോധമുള്ളവരല്ല പല രക്ഷിതാക്കളുമെന്ന് തോന്നിയിട്ടുണ്ടോ.

മേധാവിത്വ മനോഭാവമുള്ള ആൺകുട്ടികളെയും വിധേയത്വ മനോഭാവമുള്ള പെൺകുട്ടികളെയും വളർത്തിയെടുക്കുന്ന രീതിയാണ് വീടുകളിൽ കണ്ടുവരുന്നത്. മൂത്തത് പെൺകുട്ടിയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇളയതായാലും ആൺകുട്ടി തന്നെ വേണമെന്നാണ് പല രക്ഷിതാക്കളുടെയും കാഴ്ചപ്പാട്.

മറ്റൊരു വീട്ടിലേക്ക് പോകേണ്ടതാണെന്ന ധാരണയിലാണ് പെൺകുട്ടികളെ വളർത്തുന്നത്. അതുകൊണ്ട് വീട്ടുജോലികളെല്ലാം പെൺകുട്ടിയുടെ ചുമതലയാണ്. ഈ മനോഭാവം കുട്ടികൾക്ക് തെറ്രായ സന്ദേശമാണ് നൽകുന്നത്. എനിക്ക് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്ന ധാരണയിൽ പെൺകുട്ടികളെ വളർത്തിയെടുക്കുന്നത് അധമ മനോഭാവമാണ്. ഇത്തരം വിഷയങ്ങളിൽ കുടുംബശ്രീ, അങ്കൺവാടി സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി രക്ഷിതാക്കൾക്ക് ക്ളാസുകൾ നൽകുന്നുണ്ട്.

?​ പെൺകുട്ടികളിൽ രാസലഹരിയുടെ ഉപയോഗം കണ്ടുവരുന്നു, അവർ ലഹരിയുടെ വിതരണക്കാരാകുന്നു. ഗൗരവമുള്ള സാഹചര്യമല്ലേ...

ലഹരി വസ്തുക്കളുടെ വ്യാപനം വർദ്ധിച്ചപ്പോൾ ഒരു പരിധിവരെ പെൺകുട്ടികളും അതിന്റെ ഭാഗമായി എന്നത് വാസ്തവമാണ്. പെൺകുട്ടികളെക്കൊണ്ട് എളുപ്പത്തിൽ കൈമാറ്രം ചെയ്യിക്കാം എന്നതാണ് ഏജന്റുമാർ അവരെ വിതരണത്തിന് ഉപയോഗിക്കാൻ കാരണം. ലഹരി ഉപയോഗത്തിലും വിതരണത്തിലും മൊബൈൽ ബന്ധങ്ങളുടെ സ്വാധീനമുണ്ട്. ഗവൺമെന്റ് ലഹരിക്കെതിരെ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം കമ്മിഷനും ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്.

?​ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നുണ്ടല്ലോ.

ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങളിൽ നിന്നാണ് പലപ്പോഴും സ്ത്രീകൾ ഉൾപ്പെടുന്ന ക്രൈമുകളുടെ ഉത്ഭവം. മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങളിൽ കുട്ടികളാണ് ഇരകളാക്കപ്പെടുന്നത്. പെട്ടെന്ന് പണമുണ്ടാക്കണമെന്ന മനോഭാവം സ്ത്രീകളിലും കൂടിയിട്ടുണ്ട്. ഈ വിഷയത്തിലും ബോധവത്കരണം നൽകുന്നുണ്ട്.

?​ സ്ത്രീയുടെ സാമ്പത്തിക സുരക്ഷിതത്വം അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്.

സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്തതിനാൽ സർവംസഹയായി കഴിഞ്ഞിരുന്ന കാലത്തുനിന്ന് സ്ത്രീ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. വിവാഹമോചനങ്ങൾ വർദ്ധിക്കുന്നതും ഇതിന്റെ സൂചനയാണ്. ഡിവോഴ്സുകളെ മോശം പ്രവണതയായി കമ്മിഷൻ കാണുന്നില്ല. ബന്ധങ്ങൾ ഒരുതരത്തിലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലെ വിവാഹമോചനം തെറ്റല്ല.


?​ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്ന സംഭവം പോലും കേരളത്തിലുണ്ടായി...

സ്ത്രീധനം സംബന്ധിച്ച് പെൺകുട്ടിയുടെ വീട്ടുകാരുടെ മനോഭാവവും മാറാനുണ്ട്. സ്ത്രീധനം ചോദിച്ചെന്ന പേരിൽ പരാതികൾ വരാത്തത് അതുകൊണ്ടാണ്. സ്ത്രീധനപീഡനത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്യുക,​ കൊലചെയ്യപ്പെടുക തുടങ്ങിയ സാഹചര്യത്തിൽ മാത്രമാണ് ഭൂരിഭാഗം പരാതികളും ഉയരുന്നത്. ഒരു പെൺകുട്ടിയെ സ്ത്രീധനത്തിന്റെ പേരിൽ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ,​ പീഡനത്തിന്റെ ആദ്യഘട്ടത്തിൽ പരാതിപ്പെടാൻ ആർക്കും കഴിഞ്ഞില്ല. പട്ടിണികിടന്ന് 21 കിലോ തൂക്കമെത്തിയപ്പോഴല്ലേ ആ യുവതി മരിച്ചത്?​

പലരും സ്ത്രീധനത്തിന് ഗിഫ്റ്റ് എന്ന പേരിട്ടാണ് നൽകുന്നത്. ഇത് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പാരിതോഷികത്തിന് പരിധി നിശ്ചയിക്കണമെന്ന് കമ്മിഷൻ ശുപാർശ നൽകിയത്. ആർഭാട വിവാഹങ്ങൾക്ക് നികുതി ഏർപ്പെടുത്തണമെന്ന ശുപാർശയും ഗവൺമെന്റിന് നൽകിയിട്ടുണ്ട്.

?​ വയോജനങ്ങളിൽ സ്ത്രീകൾ ഏറെ ഒറ്റപ്പെടുന്നുണ്ടല്ലോ.

കേരളത്തിൽ മുതിർന്ന സ്ത്രീകൾക്കിടയിൽ ഒറ്റപ്പെടൽ വർദ്ധിക്കുകയാണ്. സ്വത്തു മുഴുവൻ മക്കൾക്കെഴുതി വച്ചവരാണ് ഒറ്റപ്പെടുന്നവരിൽ കൂടുതലും. വയോജന കമ്മിഷൻ വരുന്നതോടെ ഇത്തരം പരാതികൾ കൂടുതൽ പരിഹരിക്കാനാവും.

?​ പെൺകുട്ടികൾക്ക് കമ്മിഷന്റെ ഉപദേശം.

സ്വന്തം വ്യക്തിത്വത്തിന് ഊന്നൽ നൽകി ആത്മവിശ്വാസം വളർത്തിയെടുക്കണം. ഒപ്പം ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കുക. ബന്ധങ്ങൾ എങ്ങനെ ജനാധിപത്യപരമായിരിക്കണം എന്നതിനെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തും കമ്മിഷൻ ക്ലാസുകൾ നൽകുന്നുണ്ട്. മാരിറ്റൽ കൗൺസലിംഗിന് വിധേയമായതിന്റെ സർട്ടിഫിക്കറ്റ് നേടിയ ശേഷമേ വിവാഹം രജിസ്റ്റർ ചെയ്യാവൂ എന്ന ശുപാർശ ഗവൺമെന്റിന് നൽകിയിട്ടുണ്ട്.

TAGS: SATHIDEVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.