വരാനിരിക്കുന്ന തദ്ദേശ -നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് നിലമൊരുക്കൽ പ്രവർത്തനങ്ങൾ യു.ഡി.എഫിലെ ഘടക കക്ഷിയായ ആർ.എസ്.പി. ഏതാണ്ട് ഒരു വർഷം മുമ്പേ തന്നെ തുടങ്ങിക്കഴിഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. അതിനുള്ള ശക്തിസംഭരണമാണ് തുടങ്ങിയത്. യു.ഡി.എഫിനും ഘടകകക്ഷിയെന്ന നിലയ്ക്ക് ആർ.എസ്.പിക്കും ഇത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. കേരളത്തിൽ ആർ.എസ്.പിക്ക് ചൂടും ചൂരുമുള്ള നേതൃത്വം നൽകി എണ്ണയിട്ട യന്ത്രംപോലെ പാർട്ടിയെ ചലിപ്പിക്കാൻ ജാഗരൂകനായി പ്രവർത്തിക്കുന്ന സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ 'കേരളകൗമുദി"യോട് സംസാരിച്ചു.
? നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. ആർ.എസ്.പി കൂടുതൽ സീറ്റുകളിൽ മത്സരിക്കുമോ.
അത്തരം ചർച്ചകളിലേക്ക് കടക്കേണ്ട ഘട്ടമായിട്ടില്ല. അഞ്ചു സീറ്റുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി മത്സരിച്ചത്. കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ തത്ക്കാലം പാർട്ടി ആലോചിക്കുന്നില്ല. എന്നാൽ പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ ചില മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മുമ്പ് മത്സരിച്ച ആറ്റിങ്ങൽ, മട്ടന്നൂർ സീറ്റുകൾ ഒരിക്കലും യു.ഡി.എഫ് ജയിച്ചിട്ടുള്ളതല്ല. മറ്റു രണ്ട് സീറ്റുകളിൽ ഒരിക്കൽ മാത്രമാണ് യു.ഡി.എഫിന് ജയിക്കാനായത്. ഇത് നീതിയുക്തമാണെന്ന് പറയാനാവില്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ്, സീറ്റുകളുടെ പേരിൽ കടുംപിടുത്തത്തിനോ കലഹത്തിനോ നിൽക്കില്ല, കാരണം തിരിച്ചുവരവിനുള്ള അവസരമാണ് മുന്നിലുള്ളത്.
?തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി, നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടു തവണയായി യു.ഡി.എഫ് പ്രതിപക്ഷത്താണ്. എന്തൊക്കെയാണ് ആർ.എസ്.പിയുടെ തയ്യാറെടുപ്പുകൾ.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് അവിചാരിതമായ പരാജയമുണ്ടായി. പാർട്ടിയുടെ ശക്തിക്ക് അനുസരിച്ച് സീറ്റുകൾ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. വരാനിരിക്കുന്നത് നിലനിൽപ്പിന്റെ പേരാട്ടമാണ്. അത് മുന്നിൽക്കണ്ടാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആവശ്യകത പാർട്ടിക്കും മുന്നണിക്കും നല്ല ബോദ്ധ്യമുണ്ട്. യു.ഡി.എഫിലെ മറ്റു ഘടക കക്ഷികളെപ്പോലെ, എല്ലാ സമരമുഖങ്ങളിലും ആർ.എസ്.പിയും അതിന്റെ പോഷക സംഘടനകളും സജീവമാണ്. പല സമരങ്ങളിലും യൂത്ത് കോൺഗ്രസിനും യൂത്ത് ലീഗിനുമൊപ്പം ആർ.വൈ.എഫും സജീവമായിരുന്നു. രാഷ്ട്രീയ വിഷയങ്ങൾ ഏറ്റെടുത്ത് കേഡർ സ്വഭാവത്തിൽ ശക്തമായി മുന്നോട്ടു പോവുകയാണ്.
? അനുകൂല സാഹചര്യമെന്ന് ഉറപ്പിച്ച് പറയാൻ കാരണമെന്ത്.
ജനം മടുത്തു എന്നതു തന്നെയാണ് പ്രധാനം. ഇപ്പോഴത്തെ ഭരണത്തിനെതിരെ വോട്ടു ചെയ്യാൻ ജനങ്ങൾ വെമ്പൽ കൊള്ളുകയാണ്. കാലഘട്ടം മാറിയതുകൊണ്ടാണ്, അല്ലെങ്കിൽ വിമോചന സമരത്തിന് സമാനമായ സമരം അനിവാര്യമായ സമയമാണിത്. സി.പി.എമ്മിലുള്ളവർ പോലും യഥാർത്ഥത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നതാണ് സത്യം.
?വരുന്ന തിരഞ്ഞെടുപ്പുകളിലെ വിജയത്തെക്കുറിച്ച് ആർ.എസ്.പിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിത്തറ.
മുമ്പെങ്ങുമില്ലാത്ത വിധം ഒറ്റക്കെട്ടാണ് യു.ഡി.എഫ്. ഉപതിരഞ്ഞെടുപ്പുകളിൽ ടീം യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടി. കേവലം എൽ.ഡി.എഫിനോടുള്ള എതിർപ്പ് മുതലാക്കുകയല്ല യു.ഡി.എഫ് ലക്ഷ്യം. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ വ്യക്തമായ രൂപരേഖ യു.ഡി.എഫിനുണ്ട്. മലയോര മേഖലകളിലെ വന്യജീവി ആക്രമണം, തീരമേഖലയിലെ വറുതിയുൾപ്പെടെയുള്ള വിഷയങ്ങൾ, ആരോഗ്യമേഖലയുടെ ശോച്യാവസ്ഥ, ക്രമസമാധാന തകർച്ച തുടങ്ങി ഇപ്പോൾ ജനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് യു.ഡി.എഫ് മുന്നോട്ടു വയ്ക്കുന്നത്.
?കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവല്ലല്ലോ ഇപ്പോഴുള്ളത്. യു.ഡി.എഫിലും അതിന്റേതായ മാറ്റമുണ്ടല്ലോ. ഇതിനെ എങ്ങനെ വിലയിരുത്തുന്നു.
കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങളാണ് അതെല്ലാം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ നല്ല നിലയിലാണ് കാര്യങ്ങൾ ചെയ്തത്. എന്തെങ്കിലും പോരായ്‌മ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. എന്തെല്ലാം അഴിമതി ആരോപണങ്ങൾ അന്നത്തെ പ്രതിപക്ഷ നേതാവ് ഉയർത്തിക്കൊണ്ടുവന്നു. പക്ഷെ സാഹചര്യങ്ങൾ എൽ.ഡി.എഫിന് അനുകൂലമായി. പ്രത്യേകിച്ച് പ്രളയം, കൊവിഡ് പോലുള്ള പ്രതിസന്ധികളിൽ ജനങ്ങൾ വല്ലാതെ ഭയപ്പെട്ടിരുന്നു. ഭരണത്തിനെതിരെ ശബ്ദിക്കുന്നവരെ ശപിക്കുന്ന ഒരു സ്ഥിതിയാണ് അന്നുണ്ടായിരുന്നത്.
?ഇടതുപക്ഷത്തുള്ള കേരള കോൺഗ്രസിന് ചില ചാഞ്ചാട്ടങ്ങൾ ഉള്ളതായി പ്രചരിക്കുന്നുണ്ടല്ലോ. ആർ.എസ്.പി യു.ഡി.എഫിൽ ഉറച്ചു നിൽക്കുമോ.
ആർ.എസ്.പിയുടെ കാര്യത്തിൽ ഒരു സംശയവും വേണ്ട, കാരണം യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ് ഞങ്ങൾ. എല്ലാ സമരമുഖത്തും ആർ.എസ്.പിയും പോഷക സംഘടനകളും സജീവമാണ്. കേരള കോൺഗ്രസിനെ സംബന്ധിച്ച് ഇടതു പക്ഷത്ത് നിൽക്കുമ്പോൾ അവരുടെ അസ്തിത്വമാണ് നഷ്ടമാവുന്നത്. യു.ഡി.എഫിൽ കിട്ടുന്ന പരിഗണനയൊന്നും അവിടെ അവർക്ക് കിട്ടില്ല. യു.ഡി.എഫിലെ അന്തരീക്ഷമാണ് കേരള കോൺഗ്രസിന് ഏറ്റവും ഗുണകരം. അത് അവർ തിരിച്ചറിയുകയാണെങ്കിൽ നല്ല കാര്യം. മുന്നണി വിപുലീകരണം യു.ഡി.എഫിന്റെ പരിഗണനയിലുള്ളതാണ്. അതിന്റെ അജൻഡയൊന്നും ഞങ്ങളുടെ മുന്നിൽ വന്നിട്ടില്ല. കേരളത്തെ രക്ഷിക്കാനുള്ള അവസരമായി കണ്ടുകൊണ്ട് യു.ഡി.എഫിനൊപ്പം ചേരാൻ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ അത് ആലോചിക്കും.
?വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് എത്ര സീറ്റ് കിട്ടും?
വളരെ നല്ല മാർജിനിൽ വിജയിച്ച് യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തും. അക്കാര്യത്തിൽ നല്ല ശുഭാപ്തിവിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |