ഡോ. മോഹനൻ കുന്നുമ്മേൽ
വി.സി, കേരള യൂണിവേഴ്സിറ്റി
രാജ്യത്തെ പൊതു സർവകലാശാലകളുടെ ഏറ്റവും പുതിയ കേന്ദ്ര റാങ്കിംഗിൽ (എൻ.ഐ.ആർ.എഫ്) അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് കേരള സർവകലാശാല; സംസ്ഥാനത്ത് ഒന്നാമതും! അക്കാഡമിക് മികവും ഗവേഷണവും അദ്ധ്യാപന ഗുണനിലവാരവും ഉൾപ്പെടെ നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിംഗ്. രാജ്യത്തെ 14,200 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മത്സരിച്ചാണ് കേരളയുടെ മിന്നുന്ന നേട്ടം. നാക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷനും സർവകലാശാലയ്ക്കുണ്ട്.
കേരളത്തിൽ ആദ്യം നാലുവർഷ ബിരുദ കോഴ്സ് ആരംഭിച്ച, ഏറ്റവുമധികം ഗവേഷണങ്ങൾ നടക്കുന്ന കേരളത്തിന്റെ മാതൃസർവകലാശാല രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും അക്കാഡമിക് രംഗത്ത് മുന്നേറുകയാണ്. സർവകലാശാലയുടെ വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
?ദേശീയ റാങ്കിൽ മുന്നിലെത്തിയത്...
സർവകലാശാലാ പഠന വകുപ്പുകളുടെ മികവാണ് റാങ്കിംഗിന് പരിഗണിക്കുന്നത്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം, അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം, അദ്ധ്യാപകരുടെ അക്കാഡമിക്- ഗവേഷണ മികവ്, ഗവേഷണ പ്രസിദ്ധീകരണണങ്ങൾ, പ്രോജക്ടുകൾ, സാമ്പത്തിക സ്രോതസ്, ഗവേഷണ ബിരുദങ്ങളുടെ എണ്ണം, ഇതരസംസ്ഥാന, വിദേശ വിദ്യാർത്ഥികളുടെ എണ്ണം, പ്ലേസ്‌മെന്റ്, ദേശീയ, അന്തർദേശീയ ബഹുമതികൾ, വനിതാ പ്രാതിനിദ്ധ്യം, പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ, വിദ്യാർത്ഥി സൗഹൃദ അന്തരീക്ഷം തുടങ്ങി നിരവധി ഘടകങ്ങൾ വിലയിരുത്തും.
? അനുകൂലമായ ഘടകങ്ങൾ.
നാലുവർഷ ബിരുദം ആദ്യമായി നടപ്പാക്കിയത് കേരളയിലായിരുന്നു. മറ്റ് സർവകലാശാലകളിൽ തൊട്ടടുത്ത വർഷമാണ് തുടങ്ങിയത്. അതിനാൽ ക്യാമ്പസിൽ കുട്ടികളുടെ എണ്ണം കാര്യമായി കൂടി. ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന ഘടകമാണിത്. ഇതിന് സ്കോർ അധികമായി ലഭിച്ചു. ഗവേഷണങ്ങൾക്കും പേറ്റന്റ് നേടിയെടുക്കാനും പരമാവധി സഹായം ലഭിക്കുന്നതിനും അനുകൂലമായി. പി.എച്ച്ഡി അഭിമുഖം, അദ്ധ്യാപക സെലക്ഷൻ എന്നിവയ്ക്ക് രാജ്യത്തെ സർവകലാശാലകളിലെയും ഐ.ഐ.ടികൾ, ഐ.ഐ.എമ്മുകൾ എന്നിവിടങ്ങളിലെയും അദ്ധ്യാപകരെ എത്തിച്ചു. ഇതോടെ സെലക്ഷന്റെ നിലവാരം കൂടി.
? ചൂണ്ടിക്കാട്ടിയിട്ടുള്ള കുറവുകൾ.
അദ്ധ്യാപകരുടെ ഒഴിവുകളാണ് പ്രധാനം. അതിന് അടിയന്തരമായി പരിഹാരം കാണും. നിയമനം ഉടൻ തുടങ്ങും. സുപ്രീംകോടതിയിലെ കേസ് ചൂണ്ടിക്കാട്ടിയാണ് നിയമനം മരവിപ്പിച്ചിരിക്കുന്നത്. നിയമനത്തിൽ സംവരണം പാലിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കേസിന് ആധാരം. ഇക്കാര്യത്തിൽ നിയമോപദേശം തേടി പരിഹാരമുണ്ടാക്കും. റിക്രൂട്ട്മെന്റിനുള്ള തടസം നീക്കി ഏറ്റവും മികച്ച അദ്ധ്യാപകരെ നിയമിക്കും. അതോടെ സർവകലാശാലയുടെ ഗുണനിലവാരം ഇനിയും ഉയരും. 'പി.എം ഉഷ പദ്ധതി"യുടെ 100 കോടി ലഭിക്കുന്നതോടെ ഹോസ്റ്റൽ, അക്കാഡമിക്, ലാബ് സൗകര്യങ്ങൾ കൂടും. അതോടെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കൂടും. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ കേരള സർവകലാശാലയിലാണ്. എണ്ണം കൂട്ടാനാവാത്തത് ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാലാണ്.
? നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ.
നാലു വർഷ ബിരുദ കോഴ്സുകളുടെ എണ്ണം കൂട്ടും. ഓൺലൈൻ വിദ്യാഭ്യാസം ശക്തമാക്കും. അതോടെ കുട്ടികൾക്ക് ഒരേ സമയം പല സർവകലാശാലകളിലെ ഓൺലൈൻ കോഴ്സുകൾ പഠിക്കാൻ അവസരമൊരുങ്ങും. യു.ജി.സിയുടെ സ്വയം പ്ലാറ്റ്ഫോമിലെ കോഴ്സുകളും പഠിക്കാം. അതിലേക്ക് സർവകലാശാല കോഴ്സുകളുണ്ടാക്കി നൽകും. വിദേശ സർവകലാശാലകളുമായി ഗവേഷണത്തിനും വിദ്യാർത്ഥി കൈമാറ്റത്തിനുമടക്കം ധാരണാപത്രമുണ്ടാക്കും. വിദൂര വിദ്യാഭ്യാസം ഓപ്പൺ സർവകലാശാലയിൽ മാത്രമാക്കിയത് സർക്കാർ നയമാണ്. അക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനം അനിവാര്യമാണ്. അത് പുനരാരംഭിക്കുന്നതിന് അനുമതി തേടിയിട്ടുണ്ട്. വിദൂര കോഴ്സുകൾ നടത്താൻ യു.ജി.സി നിയമപ്രകാരം കേരളയ്ക്കും കാലിക്കറ്റിനുമേ യോഗ്യതയുള്ളൂ.
? വിദ്യാർത്ഥികളുടെ പ്ലേസ്‌മെന്റ് മെച്ചപ്പെടുത്താൻ...
കോഴ്സുകൾ വിജയിക്കുന്നവർക്ക് ജോലിയും ഇന്റേൺഷിപ്പും ഉറപ്പാക്കും. രാജ്യത്തും വിദേശത്തുമുള്ള കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കും. തൊഴിൽ ലഭിക്കാൻ ആവശ്യമായ തരത്തിലുള്ള കോഴ്സുകൾ ആരംഭിക്കും. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടപ്പാക്കും. മറ്റ് സർവകലാശാലകളുമായി പരമാവധി സഹകരിക്കും.
?ഗവേഷണത്തിലെ മികവ് കൂട്ടാൻ.
സർവകലാശാലയിൽ 1462 ഫുൾടൈം, 571പാർട്ട് ടൈം ഗവേഷകരുണ്ട്. കഴിഞ്ഞ വർഷം 762 പേർ ഗവേഷണം പൂർത്തിയാക്കി. ഗവേഷണങ്ങളിലൂടെ ആർജ്ജിക്കുന്ന അറിവുകൾ സമൂഹത്തിന്റെ ജീവിതനിലവാരം ഉയർത്താനും മാറ്റങ്ങൾക്കും വഴിയൊരുക്കുന്നു. ഗവേഷണ ഫണ്ടായി 36.3 കോടിയും, കൺസൾട്ടൻസി ഇനത്തിൽ 46.1 കോടിയും ലഭിച്ചു. 134 കോടി ചെലവിൽ പുതിയ ലബോറട്ടറി സൗകര്യങ്ങളൊരുക്കി. 77.4 കോടി രൂപ ചെലവിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി.
? റാങ്കിംഗിൽ അടുത്ത ലക്ഷ്യം.
നിലവിൽ കേരളത്തിലെ നമ്പർ വൺ ആണ് കേരള സർവകലാശാല. അടുത്ത ലക്ഷ്യം ഇന്ത്യയിലെ നമ്പർ വൺ ആവുക എന്നതാണ്. നേരത്തേ ഒമ്പതാം റാങ്കായിരുന്നത് ഇപ്പോൾ ദേശീയതലത്തിൽ അഞ്ചായി. വിവാദങ്ങൾ ഏറെയുണ്ടെങ്കിലും അക്കാഡമിക് കാര്യത്തിൽ മികവോടെ മുന്നോട്ടു പോവുകയാണ്. ഭൂരിഭാഗം അദ്ധ്യാപകരും ജീവനക്കാരും കാര്യങ്ങൾ നല്ല രീതിയിൽ നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കുട്ടികളിൽ ഭൂരിപക്ഷത്തിനും അക്കാഡമിക് മികവിൽ മാത്രമാണ് താത്പര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |