പരസ്പരം
....................
ഡോ. ജേക്കബ് തോമസ്
മുൻ ഡി.ജി.പി
-------------------------------
വിജിലൻസ് മേധാവിയായിരിക്കെ ശബരിമലയിലെയും വിവിധ ദേവസ്വം ബോർഡുകളിലെയും നിരവധി അഴിമതികൾ പിടികൂടിയ ഉദ്യോഗസ്ഥനാണ് ഡി.ജി.പി ആയിരുന്ന ഡോ. ജേക്കബ് തോമസ്. ശബരിമല ശ്രീകോവിലിലെ സ്വർണം കവർന്നതിൽ സി.ബി.ഐ അന്വേഷണമാണ് വേണ്ടതെന്നും, അന്യസംസ്ഥാനങ്ങളിലെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിന് പരിമിതിയുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വർണക്കൊള്ളയിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കേണ്ടത് കോടിക്കണക്കിന് അയ്യപ്പഭക്തന്മാരോടുള്ള നീതിയാണ്. ഡോ. ജേക്കബ്തോമസ് 'കേരളകൗമുദി'യോട് സംസാരിക്കുന്നു
? സ്വർണക്കൊള്ളയിലെ അന്വേഷണം ശരിയായ ദിശയിലാണോ.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പരിമിതിയുണ്ട്. സി.ബി.ഐ അന്വേഷണമാണ് വേണ്ടത്. സ്വർണപ്പാളികൾ മുറിച്ച് അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കടത്തിയിരിക്കാനിടയുണ്ട്. സി.ബി.ഐയ്ക്ക് രാജ്യമാകെ അധികാരപരിധിയുണ്ട്. ഇന്റർപോളിന്റെ നോഡൽ ഏജൻസിയാണ്. നിഷ്പക്ഷമായി അന്വേഷിക്കും. ശബരിമലയിലെ കേസ് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് പക്ഷം പിടിക്കേണ്ടതില്ല. ദേവസ്വം ബോർഡിൽ പൊലീസിലെ ഉന്നതരുടെ ബന്ധുക്കളുണ്ട്. അവരെയെല്ലാം സംരക്ഷിക്കേണ്ടതുകൊണ്ട് പൊലീസിന് പക്ഷംപിടിച്ചേ പറ്റൂ.
? ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണല്ലോ അന്വേഷണം.
ഭക്തർ കാണിക്കയായോ വഴിപാടായോ നൽകുന്നതെല്ലാം പൊതുസ്വത്താണ്. അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. ഭരണനേതൃത്വം പരാജയമാണെന്ന് ഹൈക്കോടതി തിരിച്ചറിഞ്ഞാണ് കണക്കെടുപ്പിനും അന്വേഷണത്തിനും ഉത്തരവിട്ടത്. ജുഡിഷ്യൽ ഓഫീസറെ കണക്കെടുപ്പിന് നിയോഗിക്കേണ്ടി വന്നു. ഇപ്പോഴെങ്കിലും പുറത്തു വന്നില്ലായിരുന്നെങ്കിൽ ശബരിമലയിലെ സ്വത്ത് മുഴുവനായു മോഷ്ടിക്കപ്പെടുമായിരുന്നു. 2019 മുതൽ വർഷങ്ങളായി പല ഘട്ടങ്ങളിലായുള്ള മോഷണം ആസൂത്രിതമാണ്. ഏതെങ്കിലും ക്ഷേത്രത്തിലെ വിഗ്രഹമോഷണം പോലെയല്ല ഇത്. ശബരിമലയിൽ പൊലീസ് സാന്നിദ്ധ്യം എപ്പോഴുമുണ്ട്. വിലപിടിപ്പുള്ള സ്വർണവും വിഗ്രഹങ്ങളും ഉള്ളതിനാൽ എപ്പോഴും കാവലുണ്ട്. രഹസ്യാന്വേഷണ വിഭാഗവുമുള്ളതിനാൽ വിവരം സർക്കാർ അറിയേണ്ടതാണ്. ഇക്കാര്യത്തിൽ വൻവീഴ്ചയുണ്ടായി. ഹൈക്കോടതി ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്വേഷണം.
? സി.ബി.ഐ അന്വേഷണത്തിന് ഇനി സാദ്ധ്യതയുണ്ടോ.
കൈകൾ ശുദ്ധമാണെങ്കിൽ ഒരുനിമിഷം പോലും വൈകിക്കാതെ അന്വേഷണം സി.ബി.ഐയ്ക്ക് വിടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. അയ്യപ്പഭക്തരോടുള്ള നീതിയാണ് അത്. അതിനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഭക്തരുടെ പണമാണ് അവിടെയുള്ളത്. സ്വർണം പൊതിഞ്ഞതും കർണാടക സ്വദേശിയാണ്. ഭഗവാനു നൽകുന്ന കാണിക്ക ഉത്തരവാദിത്വത്തോടെയാണ് സംരക്ഷിക്കുന്നതെന്ന സന്ദേശം ഭക്തർക്ക് നൽകണം. കൈകൾ ശുദ്ധമാണെങ്കിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഭയക്കുന്നതെന്തിന്? മുഖ്യമന്ത്രി ഒരു ഒപ്പിട്ടാൽ പോരേ? സർക്കാരിന് ഉത്തരവിടാം, അല്ലെങ്കിൽ സി.ബി.ഐ വേണമെന്ന് ഹൈക്കോടതിയെ അറിയിക്കാം. കോടതി ഉത്തരവിട്ടാൽ സി.ബി.ഐ അപ്പോൾത്തന്നെ അന്വേഷണം ഏറ്റെടുക്കും.
? ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പരിമിതികൾ എന്തൊക്കെയാണ്.
മുൻകാലങ്ങളിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച പല അഴിമതികളും തട്ടിപ്പുകളും ഒതുക്കപ്പെടുകയാണ് ചെയ്തത്. കേസുകൾ തടസപ്പെടുത്താൻ ഭരണസംവിധാനത്തെ ഉപയോഗിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു, ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചു. അന്വേഷണ ഏജൻസികളുടെ സമയം കളയുകയാണ് ലക്ഷ്യം. ഇതുകാരണം തെളിവുകൾ നശിപ്പിക്കപ്പെടും, സാക്ഷികളെ സ്വാധീനിക്കാനാവും.
? കവർന്ന സ്വർണം ഇനി വീണ്ടെടുക്കാൻ കഴിയുമോ.
മോഷണസ്വർണം ഉരുക്കി രൂപം മാറ്റിയാൽ കണ്ടെടുക്കുക എളുപ്പമല്ല. അന്വേഷണം മെല്ലെയാക്കുന്നത് തെളിവ് നശിപ്പിക്കാനാണ്. മോഷ്ടിക്കുന്ന വിഗ്രഹങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ വിലയാണ്. അതിന്റെ ദിവ്യത്വമാണ് കാരണം. സ്വർണപ്പാളികൾ മോഷ്ടിച്ചതും ഇതേ ലക്ഷ്യത്തോടെയായിരിക്കണം. ഈ കൊള്ളയിൽ സ്വർണത്തിന്റെ ഇപ്പോഴത്തെ വില കണക്കാക്കുകയല്ല വേണ്ടത്. അതിനേക്കാൾ എത്രയോ വലുതാണ് നഷ്ടം. സന്നിധാനത്തു നിന്നെടുത്ത ദൈവികത്വമുള്ള സ്വർണം അമൂല്യമാണ്. വിദേശത്തേക്കടക്കം കടത്തി വില്പന നടത്താം.
? സ്വർണക്കൊള്ളയിൽ വമ്പൻസ്രാവുകൾക്ക് പങ്കുണ്ടാവുമോ.
ഉറപ്പായും. സ്വർണപ്പാളി ചെമ്പാക്കി വ്യാജരേഖയുണ്ടാക്കിയത് ബോർഡാണ്. അതൊരു ക്ലാർക്കിന്റെ പിശകല്ലല്ലോ. ദേവസ്വം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ദേവസ്വം ബോർഡ്. ദേവസ്വം മന്ത്രി ഉറപ്പായും അറിഞ്ഞിരിക്കണം. മുഖ്യമന്ത്രി അറിയാതെ ഒരു കാര്യവും നടക്കില്ല. ഞാൻ വിജിലൻസിലിരിക്കെ, പല മന്ത്രിമാരുടെയും കാര്യങ്ങൾ മുഖ്യമന്ത്രി പറയുമായിരുന്നു. ദൈവ സന്നിധിയിലായാലും അഴിമതി നടക്കുന്നത് ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടാണ്. അഴിമതി പിടികൂടാൻ പരിശീലനം കിട്ടിയ ദേവസ്വം വിജിലൻസുണ്ടെങ്കിലും അവരുടെ കൈകൾ കെട്ടപ്പെട്ടിരിക്കുന്നു.
? ബി.ജെ.പിയിൽ സജീവമാണല്ലോ.
ഞാൻ ആർ.എസ്.എസിന്റെ സ്വയംസേവക് ആണ്. 1997മുതൽ ബന്ധമുണ്ട്. സർവീസിലുള്ളപ്പോഴും ആർ.എസ്.എസ് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഏതെങ്കിലും പദവിക്കു വേണ്ടിയല്ല ഇതൊന്നും. രാജ്യത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യം. രാജ്യദ്രോഹമായ അഴിമതി തടയേണ്ടത് പൗരധർമ്മമാണ്. ജനങ്ങൾ മൗനം പാലിക്കുന്നതാണ് മിക്കതിനും വളമാവുന്നത്. ശബരിമല പോലും സുരക്ഷിതമല്ലെങ്കിൽ പൊതുസ്വത്തിന്റെ അവസ്ഥയെന്താണ്? പൊതുമുതൽ കൊള്ളയടിക്കുന്നത് തടയേണ്ടത് പൗരധർമ്മമാണ്. അത് ചെയ്തേ പറ്റൂ. പോരാട്ടങ്ങൾക്കൊപ്പമുണ്ടാവും.
? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ.
അതിന് സമയമായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ലക്ഷ്യം. തൃശൂരിലെ 10 വാർഡുകളുടെ ചുമതല പാർട്ടി ഏല്പിച്ചിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ മുന്നേറ്റമുണ്ടാക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കൂട്ടുക എന്നതിനപ്പുറം, സീറ്റ് വിഹിതം കൂട്ടുകയെന്നതാവും ലക്ഷ്യം. അതിനുള്ള ശക്തമായ പ്രൊഫഷണൽ നേതൃത്വം ബിജെപിക്കുണ്ട്.
? സംസ്ഥാനത്തെ പ്രവർത്തനങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിക്കുന്നുണ്ടോ.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ കാര്യങ്ങൾ അറിയിക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയിരുന്നു. മൂന്നുമാസമെടുത്ത് പഠിച്ച് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകി. അതിലെ ശുപാർശകൾ മിക്കതും നടപ്പാക്കി. ഇപ്പോൾ പഴയതു പോലെയല്ലല്ലോ പാർട്ടി നേതൃത്വം.
? ശബരിമലയിലെ ക്രമക്കേടുകളിൽ സർക്കാരിനും പങ്കുണ്ടെന്നാണോ.
ഒറ്റപ്പെട്ട കേസായി കാണേണ്ടതില്ല. ഭരണനേതൃത്വത്തിന്റെ പൂർണപരാജയമാണ് ഇത്. പരശുരാമൻ വെള്ളം നീക്കിയുണ്ടാക്കിയ കേരളത്തെ വീണ്ടും വെള്ളത്തിലാക്കുന്ന സർക്കാരാണിത്. പൊതുസ്വത്തിനെ ഉത്തരവാദിത്വമില്ലാതെ മറ്റു പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു. അഴിമതിയും കൊള്ളയും കൃത്യമായി നടക്കുന്നു. ജനങ്ങൾക്ക് നീതികിട്ടാൻ കോടതിയിലെത്തേണ്ട സ്ഥിതി. ഡ്രൈവിംഗ് അറിയാത്തയാളെ പുതിയ കാർ ഏല്പിച്ചാൽ ഏതാനും വർഷംകൊണ്ട് ആക്രിയാക്കി മാറ്റുന്ന പോലെയാണ് ഇപ്പോഴത്തെ സ്ഥിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |