
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംഭാഷണം
ഞാൻ തോറ്റതല്ല. എന്നെ തോൽപ്പിച്ചതാണ്.
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം
--------------------------------------------------------------------------------------------------------------------------------------
കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും വോട്ട് വിഹിതം വർദ്ധിപ്പിച്ച എൻ.ഡി.എ ഇത്തവണയും ശുഭപ്രതീക്ഷയിലാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. 'വികസിത കേരളം' എന്ന കാഴ്ചപ്പാടുമായി മുന്നേറുന്ന എൻ.ഡി.എയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നു.
കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും എൻ.ഡി.എയ്ക്ക്
ത്രിതല പഞ്ചായത്തിൽ സീറ്റുകൾ വർധിപ്പിക്കാനായി. ഇത്തവണ
എങ്ങനെയായിരിക്കും?
എൻ.ഡി.എയുടെ വോട്ട് വിഹിതവും രാഷ്ട്രീയ സ്വാധീനവും വർധിക്കുന്നതിന്റെ തെളിവുകളാണവ. 20 ശതമാനം വോട്ട് വിഹിതം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചു. ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ അത് 25 ശതമാനമായി വർധിപ്പിക്കാനാണ് ശ്രമം. നാടകങ്ങളോ രാഷ്ട്രീയ തന്ത്രങ്ങളോ അല്ല എൻ.ഡി.എയുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കുന്നത്. വികസനം തിരിച്ചറിഞ്ഞ് ജനം വോട്ട് ചെയ്യുന്നതാണ്. ഇത്തവണയും മികച്ച വിജയം പ്രതീക്ഷിക്കുന്നു.
എൻ.ഡി.എയുടെ പ്രധാന പ്രചാരണ
വിഷയങ്ങൾ എന്തൊക്കെയാണ് ?
ആത്മാർത്ഥമായ വികസന രാഷ്ട്രീയമാണ് മുഖ്യ പ്രചാരണം. അതോടൊപ്പം ഇതുവരെ ഭരിച്ചവരുടെ കള്ളത്തരങ്ങൾ തുറന്നു കാട്ടാനും ശ്രമിക്കുന്നുണ്ട്. 'വികസിത കേരളം- മാറാത്തത് ഇനി മാറണം' അതാണ് മുന്നണിയുടെ കാഴ്ചപ്പാടും മുദ്രാവാക്യവും. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരാണ് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളും.
പ്രധാന എതിരാളി എൽ.ഡി.എഫാണോ
യു.ഡി.എഫാണോ ?.
രണ്ടുപേരും ഒരുപോലെയാണ്. 27 സംസ്ഥാനങ്ങളിലും എട്ട് യൂണിയൻ ടെറിട്ടറിയിലും ഇവർ ഒന്നല്ലേ. ഇവിടെ വെറുതെ നാടകം കളിക്കുന്നു. രണ്ടു പേരുടെയും ഐഡിയോളജിയിൽ വ്യത്യാസമൊന്നുമില്ല. ഇവർ മാറി വന്നാലും ഒരു മാറ്റവും സംഭവിക്കില്ല. 70 ശതമാനം തദ്ദേശ സ്ഥാപനങ്ങൾ എൽ.ഡി.എഫും 30 ശതമാനം യു.ഡി.എഫും ഭരിക്കുന്നു. അഴിമതി മാത്രമാണ് നടക്കുന്നത്. എൻ.ഡി.എ ഭരിക്കുന്ന പന്തളവും പാലക്കാടും അഴിമതി രഹിതമാണ്.
ജനം എൻ.ഡി.എയെ എന്തിന് തിരഞ്ഞെടുക്കണം ?
സംസ്ഥാനത്ത് ജനങ്ങൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. ഒന്ന് എൽ.ഡി.എഫ്- യു.ഡി.എഫ് കൂട്ട്‌കെട്ട്. മറ്റൊന്ന് അഴിമതി രഹിതമായ വികസന കാഴ്ചപ്പാടോടെയുള്ള എൻ.ഡി.എ. അത് മാത്രമാണ് പുതുതായി തിരഞ്ഞെടുക്കാനുള്ളത്. കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുകയാണ് അവർ. ആചാര ലംഘനവും വിശ്വാസ സംഗമവും ഒരേസമയം നടത്തുന്നു. മതേതരത്വം പ്രസംഗിച്ചിട്ട് വർഗീയ സംഘടനകളുമായി കൂട്ടുകൂടുന്നു. മാറ്റത്തിനുള്ള ഒരു അവസരമാണ് ചോദിക്കുന്നത്. എൻ.ഡി.എയുടെ പ്രകടനം ജനം വിലയിരുത്തട്ടെ. മോശമാണെങ്കിൽ എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ തിരിച്ചു കൊണ്ടുവരാം.
സംസ്ഥാനത്ത് പലയിടത്തും സി.പി.എം- ബി.ജെ.പി
ഡീൽ യു.ഡി.എഫ് ആരോപിക്കുന്നുണ്ട് ?.
അതെല്ലാം കേരളത്തിലെ ജനങ്ങൾക്കറിയാം. ഞാൻ മത്സരിച്ച കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത്. ഞാൻ തോറ്റതല്ല. എന്നെ തോൽപ്പിച്ചതാണ്. 8000 വോട്ടിന് പരാജയപ്പെടാൻ കാരണം എൽ.ഡി.എഫ് യു.ഡി.എഫിന് വോട്ട് മറിച്ചത് കൊണ്ടാണ്. ആ തന്ത്രം ഇരു മുന്നണികളും ഇവിടെയും ഉപയോഗിക്കും.
പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ
വരുമെന്നാണ് എൽ.ഡി.എഫ് അവകാശപ്പെടുന്നത് ?
സ്വപ്നങ്ങൾ എല്ലാവർക്കുമുണ്ട്. അമേരിക്കൻ പ്രസിഡന്റാകാൻ നിരവധിപേർക്ക് ആഗ്രഹം കാണും. അതിൽ കാര്യമില്ല. മൂന്നാം തവണയും തുടരുമെന്ന് പറയുന്നത് എന്ത് അവകാശപ്പെട്ട് കൊണ്ടാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിന് വേണ്ടി കുട്ടികൾ വിദേശത്ത് പോകുന്ന അവസ്ഥ. അതാണ് ഇപ്പോൾ കേരളം. വികസനം കൊണ്ടുവരാനായില്ലെങ്കിൽ ജനങ്ങളോട് പ്രതിബദ്ധത കാണിച്ച് ഭരണാധികാരികൾ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കിൽ ലേശം ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവച്ചു പുറത്തു പോകണം.
അടുത്ത നിയമസഭയിൽ എൻ.ഡി.എയ്ക്ക്
എത്ര അംഗങ്ങൾ ഉണ്ടാകും ?.
അത് ഇപ്പോൾ പറയുന്നത് ശരിയല്ല. 2014 ൽ നരേന്ദ്രമോദിയോട് എത്ര സീറ്റ് കിട്ടുമെന്ന് ചോദിച്ചു. ജനം തീരുമാനിക്കുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്. കേരളത്തിലെ ജനം ഇരു മുന്നണികളെയും മടുത്തു കഴിഞ്ഞു. സർക്കാരിനെക്കുറിച്ച് ഏത് മലയാളിയോട് ചോദിച്ചാലും 'ഞങ്ങൾക്ക് മതിയായി' എന്ന മറുപടിയാകും ലഭിക്കുക. അതൊരു നോർമലായ മറുപടിയാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന്
സ്വയം പ്രഖ്യാപിച്ചത് സംഘടനയ്ക്കുള്ളിൽ
അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിട്ടുണ്ടോ ?
ഒരിക്കലുമില്ല. ഒരു ചോദ്യത്തിന് മറുപടിയായാണ് അങ്ങനെ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കേരളത്തിൽ നിൽക്കുമോയെന്നായിരുന്നു പത്രസമ്മേളനത്തിലെ ചോദ്യം. ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അതിനായി ഇവിടെത്തന്നെ കാണുമെന്ന് പറഞ്ഞു. മത്സരിക്കുമോയെന്നായിരുന്നു അടുത്ത ചോദ്യം. അതിന് മറുപടിയായാണ് നേമത്ത്മത്സരിക്കുമെന്ന് പറഞ്ഞത്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ?
തീർച്ചയായും നിയമസഭ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യം. വികസന മുരടിപ്പുമായി സംസ്ഥാനം പിന്നോട്ടു പോകുകയാണ്. രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റണമെങ്കിൽ ഭരണമാറ്റം അനിവാര്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |