
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി അഭിമുഖം
കുറ്റക്കാരെ പുറത്താക്കാൻ സി.പി.എമ്മിന് പേടി
അടൂർപ്രകാശിനെക്കൊണ്ട് പോറ്റിക്കെന്ത് കാര്യം
പാർട്ടി പറഞ്ഞാൽ മത്സരിക്കും
രക്തസാക്ഷി ഫണ്ട് വെട്ടിക്കുന്നിടത്തേക്ക്
സി.പി.എം അധ:പതിച്ചു
കേരളത്തിൽ നിർണായകമായ നിയമസഭാതിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കുമ്പോൾ കോൺഗ്രസിന്റെ സാരഥി സണ്ണി ജോസഫാണ്. കെ.പി.സി.സി. പ്രസിഡന്റായശേഷം പാർട്ടിയെ ഒറ്റക്കെട്ടായി നയിച്ച് തദ്ദേശത്തിൽ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസം ചെറുതല്ല. തദ്ദേശം സെമിഫൈനലാണെന്ന് പ്രഖ്യാപിച്ചാണ് സണ്ണിജോസഫ് പാർട്ടിയെ അന്നൊരുക്കിയത്. ഇപ്പോൾ ഫൈനലാണ് വരുന്നത്. ഫൈനലിൽ കപ്പടിക്കുകയെന്നതുമാത്രം ലക്ഷ്യമാകയാൽ സണ്ണിജോസഫും മത്സരിക്കുന്നെന്നാണ് വാർത്തകൾ. പട നയിക്കുന്ന കപ്പിത്താൻ 'കേരള കൗമുദി'യോട് രാഷ്ട്രീയം പങ്കുവയ്ക്കുന്നു.
?കേരളത്തിൽ എസ്.എൻ.ഡി.പി-എൻ.എസ്.എസ് സാമുദായിക
ഐക്യമുണ്ടായിരിക്കുന്നു, യു.ഡി.എഫിന് പേടിയുണ്ടോ...?
എസ്.എൻ.ഡി.പിയും എൻ.എസ്.എസും ഐക്യപ്പെട്ടാൽ എന്തിനാണ് യു.ഡി.എഫ് പേടിക്കുന്നത്. അവരുടെ ഐക്യപ്പെടൽ യു.ഡി.എഫിന് എതിരാണോ. ചിലരൊക്കെ പലതും സ്വപ്‌നം കാണുന്നുണ്ടാവും. അതൊന്നും നടക്കാൻപോകുന്നില്ല. പിന്നെ സാമുദായിക ഐക്യം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാവരും ഒന്നിച്ച് ഒരുമനസോടെ നീങ്ങണമെന്നാണ് കോൺഗ്രസ് എക്കാലത്തും ആഗ്രഹിക്കുന്നത്.
? വി.ഡി.സതീശനെതിരെ പേരെടുത്താണ് എൻ.എസ്.എസ് സെക്രട്ടറി
വിമർശിച്ചത്, അനുരഞ്ജനത്തിന് പോവുന്നുണ്ടോ...?
അങ്ങിനെയൊന്നും താൻ പറഞ്ഞിട്ടില്ലെന്ന് സുകുമാരൻനായർ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എവിടെയെങ്കിലും പ്രയാസങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ,തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചർച്ച ചെയ്ത് പരിഹരിക്കും. നേരിൽകണ്ട് സംസാരിക്കും. അതിനൊന്നും പ്രയാസമുള്ള പാർട്ടിയല്ല കോൺഗ്രസ്. ബി.ജെ.പിയും സി.പി.എമ്മും കേരളത്തിൽ പയറ്റാൻ ശ്രമിക്കുന്ന വർഗീയ ധ്രുവീകരണത്തിൽ ജനം വീഴില്ലെന്നുറപ്പാണ്.
?കേരളം യു.ഡി.എഫ് ഭരിക്കുമോ...?
ആർക്കാണ് സംശയം. നൂറിന് മുകളിൽ സീറ്റുനേടി യു.ഡി.എഫ് ഭരിക്കും. അത്രമേൽ അനുകൂല സാഹചര്യമാണ് കേരളത്തിൽ. ഒരു സർക്കാരിനെ ഇത്രമേൽ വെറുത്തുപോയ കാലമുണ്ടോ..?
?എന്താണ് വിജയ പ്രതീക്ഷകൾ...?
അതിനുത്തരം ജനങ്ങളാണ് പറയേണ്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കേവലം കുട്ടിക്കളിയല്ല. ജനങ്ങൾ ഒരു സർക്കാരിനെതിരെ വിധിയെഴുതിയതാണ് അത്. കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, വികസനമുരടിപ്പ്, അഴിമതി തുടങ്ങിയവയല്ലാതെ ഈ സർക്കാർ പത്തുവർഷം കൊണ്ട് കേരള ജനതയ്ക്ക് എന്താണ് ഉണ്ടാക്കിക്കൊടുത്തത്. അതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂല വിധിയെഴുത്താവും.
? ശബരിമല ഒടുക്കം തിരിഞ്ഞുകുത്തുമോ...
അടൂർ പ്രകാശിന്റെ പേരും കേൾക്കുന്നുണ്ടല്ലോ...?
എന്തിന് തിരിഞ്ഞ് കുത്തണം. അയ്യപ്പന്റെ സ്വർണപ്പാളി കട്ടത് കോൺഗ്രസാണോ. യു.ഡി.എഫ് ഭരണകാലത്താണോ...? കേസിലെ പ്രതികളെല്ലാം സി.പി.എമ്മും സി.പി.ഐയുമൊക്കെ അല്ലേ. ഒരു കേസിൽ പിടികൂടി ജയിലിലടച്ചാൽ പിന്നെ അവർക്ക് നേരെ നടപടിയെടുക്കാൻ കഴിയാതെ പേടിച്ചിരിക്കുന്ന പാർട്ടിയല്ലേ കേരളം ഭരിക്കുന്നത്. പിന്നെ അടൂർപ്രകാശിന്റെ കാര്യം. അദ്ദേഹം പോറ്റിയുമായി കാണുമ്പോൾ നാട്ടിലെ എം.പി മാത്രമല്ലേ. സംസ്ഥാന സർക്കാരിന്റെ ഭാഗമായ എം.എൽ.എയോ മന്ത്രിയോ അല്ലല്ലോ. അല്ലെങ്കിൽ ദേവസ്വംബോർഡിന്റെ ഭാഗമാണോ. പിന്നെ അടൂർപ്രകാശിനെക്കൊണ്ട് പോറ്റിക്കെന്ത് കാര്യം. ഒന്നിച്ച് ഫോട്ടോ എടുക്കുന്നതും വീട്ടിൽപോകുന്നതുമെല്ലാം ഇക്കാലത്ത് വലിയ കാര്യമാണോ. അതെല്ലാം കേസുമായി കൂട്ടിക്കുഴയ്ക്കുന്നത് പേടിയുള്ളതുകൊണ്ടാണ്. കോൺഗ്രസിന് ഏതായാലും ആ പേടിയില്ല. ശബരിമല കൊള്ളക്കാർ പുറത്താവും, പാർട്ടിയിൽ നിന്നല്ല, കേരള ഭരണത്തിൽ നിന്ന്.
?കുറ്റപത്രം വന്നാൽ നടപടി ഉണ്ടാകുമെന്നല്ലേ സി.പി.എം പറയുന്നത്...?
കോൺഗ്രസ് ഭരിക്കുന്ന സർക്കാരല്ല അവരെ പ്രതികളാക്കി ജയിലിലടച്ചത്. അവരുടെ പൊലീസല്ലേ അറസ്റ്റ് ചെയ്തത്. അപ്പോൾ പൊലീസിൽ വിശ്വാസമില്ലേ. ഉണ്ടെങ്കിൽ കുറ്റപത്രം വരട്ടേ എന്ന് പറയുന്നതിൽ എന്ത് ധാർമികതയാണുള്ളത്. സത്യം അതൊന്നുമല്ല. അവരെ പാർട്ടിയിൽ നിന്ന് ഇപ്പോൾ പുറത്താക്കിയാൽ അവരുടെ വായിൽ നിന്ന് പുറത്തുവരുന്നത് താങ്ങാൻ ഇപ്പോഴത്തെ സി.പി.എം നേതൃത്വത്തിനാവില്ല. വമ്പൻ സ്രാവുകൾ പുറത്തുവരും. അതിനെപേടിച്ചിട്ടാണ് പുറത്താക്കത്തത്.
? സി.പി.എമ്മിനെതിരെ പുതിയ ആരോപണം
രക്തസാക്ഷി ഫണ്ട് വെട്ടിച്ചെന്നാണ്..?
ശരിക്കും ഞാനും ഞെട്ടി. ഇത്രയും അധ:പതനത്തിലേക്ക് ആ പാർട്ടി പോകുമെന്ന് കരുതിയില്ല. രക്തസാക്ഷികളുടെ പേരിൽ ഫണ്ട് പിരിച്ചിട്ട് അത് വെട്ടിച്ചെന്ന് പറയുന്നത് ചില്ലറക്കാരനല്ല. ജില്ലാ കമ്മറ്റി അംഗമാണ്. അതിന് ജില്ലാ സെക്രട്ടറി നൽകിയ വിശദീകരണം ആർക്കെങ്കിലും ദഹിച്ചിട്ടുണ്ടോ. എനിക്കേതായാലും വിശ്വാസ യോഗ്യമായിട്ടില്ല. അധ:പതനത്തിന്റെ പടുകുഴിയാലാണ് സി.പി.എം.
? സ്ഥാനാർത്ഥി തീരുമാനം എന്നുവരും..?
ഡൽഹി ചർച്ചകളുടെ തുടർച്ചയായി കേരള പ്രദേശ് ഇലക്ഷൻ കമ്മിറ്റി യോഗം ജനുവരി 27ന് കെ.പി.സി.സി ആസ്ഥാനത്ത് ചേരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കും. 27 മുതൽ 29 വരെ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, പോഷകസംഘടനകളുടെ അദ്ധ്യക്ഷൻമാർ എന്നിവരുടെ യോഗവും കെ.പി.സി.സി ആസ്ഥാനത്ത് ചേരും. അതിനുശേഷമാവും സ്ഥാനാർത്ഥികൾ. തദ്ദേശത്തിലെപ്പോലെ ഇത്തവണ നിയമസഭയിലേക്കും ആദ്യ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസിന്റേതാവും.
? താങ്കൾ മത്സരിക്കാൻപോകുന്നു, പുതിയ കെ.പി.സി.സി പ്രസിഡന്റ് വരുമോ...?
എന്നോട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും. ജയിക്കുന്ന സീറ്റുകൾ നിലനിർത്തുകയും ജയസാദ്ധ്യതയുള്ളവ പിടിച്ചെടുക്കലും ഇത്തവണത്തെ ലക്ഷ്യമാണ്. അതിനായി ഹൈക്കമാൻഡ് തയ്യാറാക്കുന്ന പാർട്ടി പരിപാടികൾക്കൊപ്പം നിൽക്കുകയാണ് എല്ലാവരുടേയും കടമ. പിന്നെ പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യം. അതും ഹൈക്കമാൻഡ് തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |