
നിൽക്കക്കള്ളിയില്ലെന്ന് വന്നപ്പോഴാണ്
കോൺഗ്രസ് രാഹുലിനെ പുറത്താക്കിയത്
ശബരിമല കേസിൽ പാർട്ടി നേതാക്കൾക്ക്
എതിരെ കുറ്റപത്രം സമർപ്പിച്ചാൽ നടപടി
ബ്രിട്ടാസിനെ എന്നല്ല, പാർട്ടി ആരെയും
വക്താവായി നിയോഗിച്ചിട്ടില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ നയിക്കുന്നത് സംസ്ഥാന സി.പി.എം നേതൃത്വവും ഘടക കക്ഷികളുമാണ്. അതിൽ അഭിപ്രായം പറയേണ്ടയാൾ താനല്ലെന്ന നിലപാടിലായിരുന്നു സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. അങ്ങനെയല്ല, കേരളത്തിൽ സി.പി.എം നേരിടുന്ന വിഷയങ്ങൾ ദേശീയ ശ്രദ്ധയുള്ളതാവുമ്പോൾ മറുപടി പറയാൻ ഉത്തരവാദിത്വമുണ്ടല്ലോ എന്ന ചോദ്യത്തിൽ അദ്ദേഹം സംസാരിച്ചു തുടങ്ങി.
? നിയമസഭാ തിരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലാണല്ലോ തദ്ദേശ ഇലക്ഷൻ.
കേരളം ഇനി തിരഞ്ഞെടുപ്പ് ഒഴുക്കിലേക്കാണ്. ആദ്യം തദ്ദേശം, പിന്നെ നിയമസഭ. കഴിഞ്ഞ പത്തുവർഷമായി കേരളം ഭരിക്കുന്ന എൽ.എഡി.എഫിനോ നേതൃത്വം നൽകുന്ന സി.പി.എമ്മിനോ യാതൊരു ഭയവുമില്ല. കാരണം വോട്ട് വീട്ടിൽ പോയി പിടിച്ചുവാങ്ങുന്നതല്ല; ജനം അവരുടെ ഹൃദയത്തിൽ നിന്ന് നൽകുന്നതാണ്. അപ്പോൾ അവർക്കറിയാം, സങ്കടപ്പെടുമ്പോൾ കൂടെ നിൽക്കുന്നത് ആരാണെന്ന്. അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളിൽ നേടിയ സീറ്റുകളേക്കാൾ മുകളിലാവും ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും. കേരളം ഇനി എന്നും ഇടതുപക്ഷത്തിനൊപ്പമായിരിക്കും.
? പാർട്ടി സെക്രട്ടറി എന്ന നിലയിൽ കേരള സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് തുടർച്ചയായി പത്തുവർഷം ഇടതുപക്ഷം ഭരിക്കുന്നത്. അതൊന്നും വീട്ടിൽച്ചെന്ന് വോട്ടർമാർക്ക് കാശുകൊടുത്തിട്ടല്ലല്ലോ. ഇവിടെ സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ, സാധാരണക്കാരുടെ പ്രശ്‌നങ്ങളിലുള്ള ഇടപെടൽ... അതെല്ലാം ജനം മനസിലാക്കുകയും, ഇനി ഇടതുപക്ഷം മതി എന്ന് തീരുമാനിക്കുകയും ചെയ്തതിനാലാണ്.
സിംപിളായി ഒരു മറുചോദ്യം ചോദിക്കട്ടെ- കേരളത്തിൽ ഇപ്പോൾ പവർകട്ടുണ്ടോ? നായനാർ സർക്കാരിന്റെ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയൻ. അദ്ദേഹം അക്കാലത്ത് ഈ മേഖലയിൽ നടത്തിയ മാറ്റങ്ങൾ കേരളം കണ്ടതാണ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുന്ന ആളെന്ന നിലയിൽ പവർകട്ടില്ലാത്ത സംസ്ഥാനമുണ്ടെങ്കിൽ കേരളം മാത്രമാണെന്ന് എനിക്ക് പറയുവാൻ കഴിയും.
? പെൻഷൻ വർദ്ധനവും ആനുകൂല്യങ്ങളും വോട്ടർമാർക്കുള്ള കൈക്കൂലിയാണെന്നാണ് ആരോപണം...
സാധാരണ മനുഷ്യർക്ക് അർഹതപ്പെട്ടത് നൽകുമ്പോൾ കൈക്കൂലി എന്ന് ആക്ഷേപിച്ചാൽ അതിനും കൂടി ഇത്തവണ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയും. പൂർണ ദാരിദ്ര്യ നിർമാർജ്ജനമെന്ന് അവകാശപ്പെടുന്നില്ല. പക്ഷെ തീവ്ര ദാരിദ്ര്യ നിർമാർജ്ജനമാണ് കേരളത്തിൽ നടന്നത്. നാലേമുക്കാൽ ലക്ഷം അടച്ചുറപ്പുള്ള വീടുകളാണ് ഇടതു സർക്കാർ ജനങ്ങൾക്കായി ഉണ്ടാക്കിയത്. രാജ്യത്ത് ബി.ജെ.പിയോ കോൺഗ്രസോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതുപോലൊരു കാര്യം നടന്നിട്ടുണ്ടോ? ഡിജിറ്റൽ സാക്ഷരതയിലും മുന്നിലല്ലേ കേരളം? പശ്ചാത്തല സൗകര്യ വികസനത്തിലും ജനക്ഷേമത്തിലും അസമത്വ ലഘൂകരണത്തിലും കേരളം മാതൃകയാണെന്ന് ലോകമാകെ അംഗീകരിക്കുന്നു.
? ശബരിമല, പി.എം.ശ്രീ, മസാല ബോണ്ട്... വിനയാകുമോ വിവാദങ്ങൾ.
ഇതിലെല്ലാം നേരത്തേ തന്നെ മറുപടി പറഞ്ഞിട്ടുള്ളതാണ്. ശബരിമലയിൽ കേരളത്തിലെ അന്വേഷണ സംഘമാണ് മുന്നോട്ടു പോകുന്നത്. സി.പി.എം ബന്ധമുള്ളവർ അറസ്റ്റിലായെങ്കിൽ അത് പക്ഷപാതരഹിതമായി പൊലീസ് ഭരണം നടക്കുന്നതു കൊണ്ടല്ലേ? അവർക്കൊന്നും പാർട്ടി ഒരു സംരക്ഷണവും നൽകിയില്ലെന്ന് വ്യക്തം. പിന്നെ പി.എം.ശ്രി- അർഹിക്കുന്ന സാമ്പത്തിക സഹായം നൽകാതെ കേന്ദ്രം കേരളത്തെ വീർപ്പുമുട്ടിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരും, കെ.സി. വേണുഗോപാൽ അടക്കമുള്ള ദേശീയ നേതാക്കളും എവിടെയെങ്കിലും മിണ്ടിയിട്ടുണ്ടോ?
കേരളത്തിനു പുറത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്രയിടത്ത് മിണ്ടാതെ, എതിർക്കാതെ അവർ പി.എം. ശ്രീ നടപ്പിലാക്കി. പക്ഷേ, കേരളത്തിൽ ബി.ജെ.പിയുടെ ഒരു വർഗീയ അജണ്ടയും പാഠ്യപദ്ധതിയിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ല. വിവാദ ധാരണാപത്രത്തിൽ മന്ത്രിസഭാ ഉപസമിതിയുടെ പരിശോധനയ്ക്കു ശേഷമേ എന്തു വേണമെന്ന് ആലോചിക്കുകയുള്ളൂ. ഇപ്പോൾ അക്കാര്യത്തിൽ കേരളത്തിലെ ജനതയ്ക്ക് സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ആറിയാം, വിശ്വാസമുണ്ട്. രാജ്യത്ത് മറ്റ് ഏത് സംസ്ഥാനമെടുത്താലും കേരളമാണ് ഇന്ന് ജീവിതത്തിന് സുരക്ഷിതം. വർഗീയതയ്ക്കെതിരെ അടിയുറച്ച് പൊരുതുന്നത് ഇടതുപക്ഷമാണ്. അത് ഇവിടത്തെ ജനത്തിനറിയാം.
? ആരോപണമുണ്ടായപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കോൺഗ്രസ് നടപടി എടുത്തു, ശബരിമലയിൽ
ജയിലിലായിട്ടും സി.പി.എം നേതാക്കളെ പാർട്ടി സംരക്ഷിക്കുന്നതായി ആക്ഷേപമുണ്ടല്ലോ.
വി.ഡി.സതീശന്റേതാണ് പ്രധാന ആരോപണം. ഒറ്റ ചോദ്യം സതീശനോട് ചോദിക്കുകയാണ്. മന:സാക്ഷിക്ക് കൊള്ളുന്ന മറുപടി തരണം. എത്ര മാസങ്ങളായി രാഹുലിനെതിരെ പ്രതിപക്ഷ നേതാവിന് പരാതികൾ കിട്ടാൻ തുടങ്ങിയിട്ട്. എന്തേ ഇത്രയും കാലം അതെല്ലാം പൂഴ്ത്തിവച്ചു? നിൽക്കക്കള്ളിയില്ലാതെ തിരഞ്ഞെടുപ്പിനെ പേടിച്ചല്ലേ ഇപ്പോൾ പുറത്താക്കിയത്? എന്ത് ധാർമികതയാണ് ഇവർക്ക് സി.പി.എമ്മിനോട് ചോദിക്കാനുള്ളത്.
പിന്നെ, ശബരിമല കേസിന്റെ കാര്യം. കേസ് അന്വേഷിക്കുന്നത് യു.ഡി.എഫ് സർക്കാരല്ലല്ലോ! സി.പി.എം ബന്ധമുള്ളവരടക്കം കേസിൽ സംശയിക്കുന്നവരെയെല്ലാം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി കേസന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിക്കണം. സത്യത്തിൽ, കോടതി വിധി വരുന്നതുവരെ അവരെല്ലാം കുറ്റാരോപിതർ മാത്രമാണ്. പക്ഷേ, കുറ്റപത്രം സമർപ്പിച്ചാൽ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞാൽ അവർക്കെതിരായ നടപടി പാർട്ടി പരിശോധിച്ച് എടുക്കും.
? പാലമാണ് ജോൺ ബ്രിട്ടാസ് എന്ന ആക്ഷേപം ശ്രദ്ധേയമാണ്. പാർട്ടിയുടെ അഭിപ്രായങ്ങൾ പറയാൻ ബ്രിട്ടാസിനെ വക്താവാക്കിയിട്ടുണ്ടോ.
സി.പി.എമ്മിന് അഭിപ്രായം പറയാൻ വക്താക്കളൊന്നുമില്ല. പാർലമെന്റിലായാലും നിയമസഭയിലായാലും, ഇനി തദ്ദേശ ബോഡികളിലായാലും പാർട്ടിയെ സംബന്ധിച്ച വിഷയങ്ങൾക്ക് പാർട്ടി നിർദ്ദേശിച്ച ചട്ടക്കൂടിൽ നിന്നുകൊണ്ട് നേതാക്കൾക്ക് മറുപടി പറയാം. അതിനൊന്നും വിലക്കില്ല. ബ്രിട്ടാസുമായി ബന്ധപ്പെട്ട്, അദ്ദേഹത്തോടു ചോദിച്ച ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞത്. അതിൽ യാതൊരു അപാകതയുമില്ല. അതിനപ്പുറത്തുള്ള മറുപടികളും വിശദീകരണങ്ങളും പാർട്ടിയുടെ തിരഞ്ഞടുക്കപ്പെട്ട അംഗങ്ങൾ നൽകാറില്ല. അതിന് സംസ്ഥാനത്തും കേന്ദ്രത്തിലും സി.പി.എമ്മിന് സംവിധാനങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |