SignIn
Kerala Kaumudi Online
Friday, 26 April 2024 11.22 AM IST

' മനുഷ്യൻ പുതിയ വാസഗൃഹം കണ്ടെത്തും '

dr-s-somanath

ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ ( ഐ.എസ്.ആർ.ഒ ) ചെയർമാനായും ബഹിരാകാശവകുപ്പ് സെക്രട്ടറിയായും സ്പേസ് കമ്മിഷൻ ചെയർമാനായും ചുമതലയേറ്റശേഷം ഡോ.എസ്.സോമനാഥ് ആദ്യമായി സംസാരിച്ചത് കേരളകൗമുദിയുമായാണ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളിൽ നിന്ന് -

ബഹിരാകാശരംഗം വലിയ മാറ്റത്തിന്റെ പാതയിലാണ്. നമ്മൾ സംസാരിക്കുമ്പോൾ ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സിന്റെ ട്രാൻസ്‌പോണ്ടർ 105 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു. നാസയെപ്പോലും പിന്തള്ളി സ്വകാര്യകമ്പനികൾ മുന്നോട്ടുവരുന്നു. ഈ സാഹചര്യത്തിൽ ഐ.എസ്.ആർ.ഒയുടെ വർത്തമാനകാലവും ഭാവിയും എങ്ങനെ കാണുന്നു.?

നാസ അമേരിക്കയുടെ നാഷണൽ സ്പേസ് പ്രോഗ്രാമാണ്. അവരിപ്പോഴും ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. മുമ്പ് അവർ സ്പേസ് ഷട്ടിലാണ് ഉപയോഗിച്ചിരുന്നത്. സ്പേസ് ഷട്ടിൽ പ്രോഗ്രാം വേണ്ടെന്നുവച്ച് റോക്കറ്റുകൾ വികസിപ്പിക്കാൻ സ്വകാര്യ ഏജൻസികൾക്ക് നാസ ഫണ്ട് ചെയ്തു. അതവരുടെ സ്ട്രാറ്റജിയാണ്. സ്പേസ് ഷട്ടിൽ നാസ തുടർന്നിരുന്നെങ്കിൽ ഇലോൺമസ്ക്കിന് ബഹിരാകാശ പദ്ധതി സാദ്ധ്യമാകുമായിരുന്നില്ല. ഇലോൺ മസ്ക്കിനെയും ജെഫ് ബസോസിനെയും പോലുള്ളവർക്ക് സാദ്ധ്യത ഉണ്ടാക്കിക്കൊടുക്കുകയാണ് നാസ ചെയ്തത്.

ഇലോൺ മസ്ക്കിനെയോ ജെഫ് ബസോസിനെയോ പോലെ സ്വകാര്യ വമ്പന്മാർ ഇന്ത്യയില്ലല്ലോ. അപ്പോൾ നമ്മുടെ വ്യവസായ സാദ്ധ്യത എന്താവും?

ഇലോൺ മസ്ക്ക് ഒരു റോക്കറ്റ് സയന്റിസ്റ്റൊന്നുമല്ലായിരുന്നു. അദ്ദേഹം ഐ.ടി സർവീസിലൂടെ സാമ്പത്തിക മെച്ചമുണ്ടാക്കിയ ആളാണ്. റോക്കറ്റ് നിർമ്മിക്കാൻ കഴിവുള്ളവരെ കണ്ടെത്തി ടീമിൽ കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. ഏതെങ്കിലുമൊരു വ്യവസായ സ്ഥാപനം ഇത്തരം കാര്യങ്ങളിൽ പാഷനുള്ളവരെ ഒരുമിച്ചുകൊണ്ടുവന്നാൽ ഇവിടെയും നടക്കും. അതിനുള്ള അന്തരീക്ഷം നമ്മൾ ഉണ്ടാക്കേണ്ടതുണ്ട്. അമേരിക്കയിലുള്ള സ്പേസ് ബിസിനസ് അവസരങ്ങൾ ഇന്ന് ഇന്ത്യയിലില്ല. അതിനുള്ള അനുകൂല സംവിധാനം ഇവിടെയുണ്ടാക്കണം. ഇന്ത്യയ്‌ക്ക് ചേരുന്ന റോക്കറ് നിർമ്മിക്കാനും ബിസിനസ് അവസരങ്ങൾ ഉണ്ടാക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചാൽ ഇവിടെയും അതിനുള്ള സാദ്ധ്യതകളുണ്ട്. മസ്ക്കും ബസോസും ഈ രംഗത്ത് വന്നത് ലാഭത്തെക്കാൾ അവർക്ക് ഇതിലുള്ള പാഷൻ മൂലമാണ്. പാഷനുള്ളവർ വന്നാലേ ഈ രംഗത്ത് നിലനില്‌ക്കാൻ പറ്റൂ. പൂർണമായും ബിസിനസായി കാണുന്നവർക്ക് സാദ്ധ്യമല്ലായിരിക്കാം. ഇന്ത്യയിൽ അങ്ങനെയുള്ളവരുണ്ട് . അവർക്ക് ആവശ്യമായ പിന്തുണ സർക്കാരും ഇസ്റോയും ബഹിരാകാശവകുപ്പും നല്‌കണം.

ഇൻ സ്പേസിന്റെയും ന്യൂ സ്പേസിന്റെയും സാദ്ധ്യത ഈ മേഖലയിലാണോ?

തീർച്ചയായും. ഇൻ സ്പേസ് രൂപീകരിച്ചിരിക്കുന്നത് ഞാനീപ്പറഞ്ഞ ലക്ഷ്യത്തിനുവേണ്ടിയാണ്. താത്പ്പര്യമുള്ളവർ വരുമ്പോൾ അവർക്ക് തടസമുണ്ടാകരുത്. അവർക്ക് ടെക്നോളജി കിട്ടാനും ലൈസൻസ് കിട്ടാനും ഗ്രൗണ്ട് വർക്കിനുമുള്ള വീഥിയൊരുക്കണം. അതിനുള്ള പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്.

ന്യൂ സ്പേസിന്റെ ഉത്തരവാദിത്തമോ?

ഇതേപോലെ തന്നെ പൊതുമേഖലയിലും റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിച്ച് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുകയാണ് ന്യൂ സ്പേസിന്റെ ഉത്തരവാദിത്തം. നാസയും റോക്കറ്റുണ്ടാക്കുന്നുണ്ട്. ഇലോൺ മസ്ക്കും റോക്കറ്റ് ഉണ്ടാക്കുന്നുണ്ട്. ഗവൺമെന്റൽ പ്രോഗ്രാമും ഉണ്ട്. പ്രൈവറ്റ് പ്രോഗ്രാമും ഉണ്ട്. രണ്ടും സമാന്തരമായി നടക്കണം. അല്ലെങ്കിൽ ഈ രംഗത്തെ അറിവും സ്കില്ലുമൊക്കെ പൊതുമേഖലയിൽ ഇല്ലാതാകും. നമ്മുടേത് ടെക്നോളജി ഓറിയന്റഡ് പ്രോഗ്രാമാണ്. അല്ലാതെ സർവീസല്ല.

ഐ.എസ്.ആർ.ഒ വാതിലുകൾ തുറന്നിടുകയാണോ? കേരളത്തിലെ സർവകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും റോൾ എത്രമാത്രം പ്രസക്തമാണ്.?

വളരെ പോസിറ്റീവാണ്. എ.പി.ജെ അബ്ദുൾകലാം ടെക്നോളജിക്കൽ സർവകലാശാല ആ രീതിയിൽ സഹകരിക്കുന്നുണ്ട്. കുട്ടികൾ ഇൻഡസ്ട്രിക്ക് റെഡിയാവണം അതിനുള്ള സ്കിൽ അവർക്ക് കൊടുക്കണം. എന്നാലേ അവർക്ക് ആ മേഖലയിൽ സംഭാവന ചെയ്യാൻ കഴിയൂ. വിദ്യാർത്ഥികൾ ജോലിചെയ്യുന്നതിനൊപ്പം എങ്ങനെ ഒരു ബിസിനസ് ഡെവലപ്പ് ചെയ്യാമെന്നും എങ്ങനെ തന്റെ ഐഡിയ മാർക്കറ്റ് ചെയ്യാമെന്നുമൊക്കെ മനസിലാക്കേണ്ട ആവശ്യമുണ്ട്. സംരംഭകരാവണം. എങ്കിൽ മാത്രമേ ഈ മേഖലയിൽ മൈക്രോ മിനി വ്യവസായങ്ങൾ വരികയുള്ളൂ. സർവകലാശാലകളുടെ റോൾ ഇനിയും വലുതാവണം.

വീടുകളിലേക്ക് ഉപഗ്രഹങ്ങൾ വഴി ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതി ഇസ്റോയ്ക്കുണ്ടോ?

നമ്മൾ ഇതുവരെ തുടങ്ങിയിട്ടില്ല.

തുടങ്ങാൻ പരിപാടിയുണ്ടോ?

ആലോചിക്കേണ്ടതുണ്ട്. പക്ഷേ ഒരു രാജ്യത്തിനുവേണ്ടി മാത്രം സാറ്റലൈറ്റ് ഇന്റർനെറ്റ് നിർമ്മിക്കാനാവില്ല. അത് ലോകത്തിനു വേണ്ടിയേ നിർമ്മിക്കാൻ പറ്റുകയുള്ളൂ. ഒന്നോ രണ്ടോ ഉപഗ്രഹങ്ങൾ വച്ച് ചെയ്യാൻ പറ്റില്ല. ആയിരക്കണക്കിന് ഉപഗ്രഹങ്ങൾ വേണം.

കാലാവസ്ഥ പ്രവചനവും ദുരന്തമുന്നറിയിപ്പുകളും നല്‌കുന്നുണ്ടെങ്കിലും ഇതിനൊരു പ്രതിരോധത്തിനു സാദ്ധ്യത ഭാവിയിലുണ്ടോ? അതോ അത് പൂർണമായും പ്രകൃതിയുടെ കൈകളിൽത്തന്നെയോ?

ചെറിയ ചെറിയ മാറ്റങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം. കാലാവസ്ഥയിൽ വലിയൊരു ശക്തിയാണ് പ്രവർത്തിക്കുന്നത്. അതൊരു ലോക്കൽ ഇഫക്ടല്ല. അതൊരു ഗ്ളോബൽ ലെവലിലാണ്. ഉദാഹരണത്തിന് കൊടുങ്കാറ്റ് ഒരു ആഗോള പ്രതിഭാസമാണ് , താപ ഊർജ്ജപ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല. അത് പ്രകൃതിശക്തിയുടെ ഭാഗമാണ്. അതിനെ നിയന്ത്രിക്കുകയല്ല അതിന്റെ പ്രവചനവും, അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളുമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്.

ശാസ്ത്രം എത്ര പുരോഗമിച്ചാലും അതിനെ അതിജീവിക്കുന്നതാണ് പ്രകൃതിയുടെ ശക്തി ?

അങ്ങനെയാരു നിർവചനം ഞാൻ പറയില്ല. ശാസ്ത്രം പ്രകൃതിയുടെ ഭാഗമാണ്. തമ്മിലടിക്കുന്ന ശത്രുക്കളല്ല. കാലാവസ്ഥ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. പെട്ടെന്ന് മാറ്റങ്ങൾ വരുമ്പോഴാണ് ഭീതിതോന്നുന്നത്. ചരിത്രം പരിശോധിച്ചാൽ എത്രയോ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും മാറ്റങ്ങളിലൂടെയും കടന്നുപോയതാണ് ഈ ഭൂമിയെന്ന് മനസിലാകും. കുറച്ചുകാലം ജീവിക്കുന്ന മനുഷ്യന് ഈ മാറ്റങ്ങൾ കാണുമ്പോൾ വ്യത്യാസങ്ങൾ തോന്നും.

ഇസ്റോ ചെയർമാൻ എന്ന നിലയിൽ ഫോക്കസ് എന്തിലായിരിക്കും?

ഇത്രയും വർഷം കൊണ്ട് സ്പേസ് പ്രോഗ്രാമിൽ വലിയൊരു പ്രസ്ഥാനം നമ്മൾ കെട്ടിപ്പടുത്തിട്ടുണ്ട്. ആ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകണം. പുതിയ ആളുകളെ ഇതിലേക്ക് കൊണ്ടുവരണം. നേരത്തെ നമ്മുടെ സപ്ളയറായിരുന്ന ഇൻഡസ്ട്രികളെ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏല‌്പ്പിക്കേണ്ടതുണ്ട്. പുതുതായി വരുന്ന സ്റ്റാർട്ടപ്പുകൾ, അതിൽ വർക്ക് ചെയ്യാൻ താത്‌പര്യമുള്ള കുഞ്ഞ് ഇലോൺ മസ്ക്കുകൾക്കെല്ലാം വഴിതുറന്നുകൊടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഈ മേഖലയിൽ പുതിയ ചലനങ്ങളുണ്ടാക്കാൻ കഴിയുകയുള്ളൂ. മൊത്തം സ്പേസിനുള്ള ഒരു ഇക്കോണമി ഇന്ന് 15000 കോടിരൂപയുടെ വ്യാപ്തിയുള്ളതാണ്. ഒരു 50000 കോടി ആക്കാൻ പറ്റുമോ എന്നതാണ് ചോദ്യം. അങ്ങനെ വന്നാൽ അത് സ്പേസ് സെക്ടറിൽ വലിയൊരു കുതിപ്പാകും. അത് ശാസ്ത്ര സാങ്കേതികരംഗം ഉൾപ്പെടെ പല മേഖലകളെ സ്വാധീനിക്കും. അതാണ് സ്പേസ് ടെക്നോളജിയുടെ ഗുണം. പ്രത്യക്ഷഗുണത്തോടൊപ്പം കുട്ടികളുടെ വിദ്യാഭ്യാസമടക്കുമുള്ള മേഖലകളിൽ പരോക്ഷമായ ഗുണങ്ങളുണ്ട്. അതാണ് പോളിസി മേക്കർ എന്ന നിലയിൽ ഞാൻ കാണുന്ന വലിയ ഇംപാക്ട്.

ഗഗൻയാനിലൂടെ മനുഷ്യനെ ബഹിരാകാശത്തെത്തിച്ച്

മടക്കിക്കൊണ്ടുവരുന്നതിലൂടെ ഇസ്റോ എന്താണ് നേടുന്നത്?

രാജ്യത്തിന് ദീർഘകാല വിഷൻ ഉണ്ടാകണം. ഈ രാജ്യം മറ്റു ലോകരാജ്യങ്ങൾക്കു മുന്നിൽ എവിടെ നില്‌ക്കണമെന്ന് നമ്മൾ തീരുമാനിക്കണം. എനിക്ക് തോന്നുന്നത് ഈ രാജ്യം സാങ്കേതിക മേഖലയുടെ ശക്തികൊണ്ട് പവർ ഉണ്ടാകുന്ന ഒരു രാജ്യമായിരിക്കണം. അല്ലാതെ മിലിട്ടറി പവ‌ർ കൊണ്ടോ അയൽരാജ്യങ്ങളെ ഉപദ്രവിച്ചുകൊണ്ടോ ഉണ്ടാകുന്ന ഒരു പവറല്ല. നമ്മുടെ ശക്തി ടെക്നോളജിയായിരിക്കണം. ആ ടെക്നോളജി ഉപയോഗിച്ച് പല മേഖലകളിലും നമ്മൾ ഉയരേണ്ടതുണ്ട്.

അന്യഗ്രഹവാസത്തെക്കുറിച്ച് തന്നെ സ്വകാര്യകമ്പനികൾ ചിന്തിക്കുന്നു. നമ്മൾ ചൊവ്വയിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ?

എന്തുകൊണ്ട് ആലോചിച്ചുകൂടെ. ഇപ്പോൾ പോകുമെന്നല്ല ഞാൻ പറയുന്നത്. മനുഷ്യൻ ഈ ഭൂമിയിൽ മാത്രം ജീവിക്കാൻ ബാദ്ധ്യതപ്പെട്ടവനാണെന്ന് എനിക്ക് തോന്നുന്നില്ല. മനുഷ്യൻ ഭൂമിയിൽ ഉത്ഭവിച്ചു ഈ പ്രപഞ്ചം മുഴുവൻ ജീവിക്കാനും യാത്രചെയ്യാനും കഴിവുള്ള ഒന്നാണ്. അങ്ങനെ ചെയ്യണമെങ്കിൽ അതിനുള്ള ആദ്യ സ്റ്റെപ്പുകൾ നമ്മൾ നടത്തണം. ഭൂമിയുടെ ഗ്രാവിറ്റിക്കു പുറത്ത് ഒാർബിറ്റിലേക്ക് പോവുക. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പോവുക. അതിനുശേഷം സൗരയൂഥം കടന്ന് മറ്റേതെങ്കിലും എക്സോ പ്ളാനറ്റിൽ പോവുക. ഭൂമിക്ക് തുല്യമായി ജീവിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ എത്തുക.

ഈയിടെ ഒരു ഹോളിവുഡ് സിനിമയിൽ ( ഡോണ്ട് ലുക്ക് അപ്പ് ) ഒരു വാൽനക്ഷത്രം വന്നു പതിച്ച് ഭൂമി നശിക്കുന്നതായി കണ്ടു. അങ്ങനെയൊരു വാൽനക്ഷത്രം ഭൂമിയിലേക്ക് വരുമോ?

എപ്പോൾ വേണമെങ്കിലും വരാം. ഭൂമിയിൽ എത്രയോ വാൽനക്ഷത്രങ്ങൾ വന്നിടിച്ചിട്ടുണ്ട്. അതിന്റെ ലക്ഷണങ്ങളും മാർക്കുകളും ഇന്നീ ഭൂമിയിലുണ്ട്. നമ്മൾ ചന്ദ്രനിൽ കാണുന്ന ഗർത്തങ്ങൾ മുഴുവൻ ഇത്തരം വസ്തുക്കൾ വന്നിടിച്ച് ഉണ്ടായതാണ്. ഭൂമിയിൽ ഒരുകാലത്ത് ഇത്തരമൊരു ഇടിയിലൂടെയാണ് ദിനോസറുകൾ ഇല്ലാതായതെന്ന് നമ്മൾ കേൾക്കുന്നുണ്ട്. ടെക്നോളജിയുടെ വളർച്ചകൊണ്ട് അടുത്തൊരു നൂറുവർഷത്തേക്ക ഒരു വാൽനക്ഷത്രം വരില്ലെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്.

നൂറുവർഷം?

മനുഷ്യന്റെ ചരിത്രം നൂറുവർഷം കൊണ്ട് അവസാനിക്കാനൊന്നും പോകുന്നില്ല.

ഭൂമിയെ സൂര്യൻ വിഴുങ്ങില്ലേ?

സംശയമില്ല. ശാസ്ത്രീയമായി തെളിവുള്ള വസ്തുതയാണ്.

എത്ര വർഷം ബാക്കിയുണ്ട്?

പേടിക്കേണ്ട. നമ്മൾ ഒന്നും അത് കാണാനുണ്ടാകില്ല.

സൂര്യന്റെ ആയുസ് തന്നെ എത്രയോ ബില്യൺ വർഷങ്ങളല്ലേ ബാക്കിയുള്ളത്?

അതെ. പ്രപഞ്ച ചരിത്രം നോക്കിയാൽ ബില്യൺ വർഷങ്ങളൊക്കെ ചെറിയ കാലയളവാണ്. സമയമെല്ലാം ആപേക്ഷികമാണ്. സൂര്യൻ നശിച്ചാലും പ്രപഞ്ചം എത്രയോ കാലം നിലനില്‌ക്കും. സൂര്യൻ നശിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സൂര്യൻ നശിക്കുന്നതിന് എത്രയോ മുമ്പുതന്നെ ഭൂമി നശിച്ചിരിക്കും. മനുഷ്യകുലം തന്നെ ഇവിടെ ഉണ്ടാകുമെന്നതിന് യാതൊരു ഉറപ്പുമില്ല. സൂര്യൻ നശിക്കുന്നതിനൊക്കെ മുമ്പ് മറ്റു പലകാരണങ്ങളാലും ഭൂമി നശിച്ചുപോയേക്കാം. എന്നാൽ ബുദ്ധിയുള്ള ഒരു ജീവിയെന്ന നിലയിൽ നമ്മുടെ ലക്ഷ്യം നമ്മുടെ അതിജീവനമാണ്. എത്ര ചെലവായാലും എന്തുചെയ്താലും നമ്മൾ അതിജീവിക്കണം. അതിനു വേണ്ട ശക്തമായ ടൂളാണ് സ്പേസ് ടെക്നോളജി. ഇന്ന് നടക്കുന്നത് വലിയ സ്പേസ് ടെക്നോളജിയൊന്നുമല്ല. വെറും പിച്ചവയ്പ്പാണ് . ഇന്ന് നമ്മൾക്ക് ഭൂമിയുടെ ഭ്രമണപഥത്തിൽ പോകാൻ മാത്രമെ കഴിയുന്നുള്ളൂ. എനിക്കു തോന്നുന്നത് റോക്കറ്റെടുത്ത് പെട്ടെന്നൊരു എക്സോ പ്ളാനറ്റിലേക്ക് പോകാൻ പറ്റുന്ന തരത്തിൽ ടെക്നോളജി വികസിക്കണം. നൂറുവർഷം കഴിഞ്ഞായിരിക്കും ചിലപ്പോൾ 500 വർഷം കഴിഞ്ഞാകാം.

ഭൂമി നശിച്ചാലും മനുഷ്യൻ മറ്റൊരു വാസസ്ഥലം കണ്ടെത്തുമോ ?

തീർച്ചയായും കണ്ടെത്തിയിരിക്കും. മനുഷ്യന്റെ പരിണാമം അതാണ് സൂചിപ്പിക്കുന്നത്. ഇനിയും പരിണമിക്കും. ആ പരിണാമം നമ്മുടെ ബുദ്ധികൊണ്ട് മാത്രമായിരിക്കില്ല. സപ്പോർട്ടഡ് ഇന്റലിജൻസ് കൊണ്ടുകൂടിയായിരിക്കും. കമ്പ്യൂട്ടറിന്റെ പിന്തുണ അവിഭാജ്യ ഘടകമാകും. മനുഷ്യന്റെ ശേഷി പതിന്മടങ്ങ് വർദ്ധിക്കും അതിലൂടെ പലതും ചെയ്യാൻ കഴിയും. വിമാനത്തിനു പകരം റോക്കറ്റ് ഉപയോഗിച്ച് മനുഷ്യൻ ഭൂഖണ്ഡാന്തര യാത്രനടത്തുന്ന കാലം വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S SOMANATH
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.