
കേരളത്തിൽ തദ്ദേശ അങ്കം കഴിഞ്ഞു. ഇനി പതിവു പോലെ കാന പണിയാനും, കമ്മ്യൂണിറ്റി ഹാൾ പണിയാനും, കലുങ്ക് നിർമ്മാണത്തിനും, ഹൈമാസ്റ്റ് ലൈറ്റിടാനും, പേരുവച്ച് ബസ് സ്റ്റോപ്പ് പണിയാനും ഒക്കെയായി പുറപ്പെടുകയായിരിക്കും വിജയിച്ചവർ ചെയ്യുക! ഈ പതിവ് കസർത്തുകളുടെ രീതി ഉപേക്ഷിച്ച്, ഓരോ തദ്ദേശ സ്ഥാപനവും വിശദമായ വികസനരേഖയും, മാസ്റ്റർപ്ലാനും, അതിനായി കാരിയിംഗ് കപ്പാസിറ്റി പഠനവും, വിഭവ മാപ്പും, ജല വിഭവ ആസ്തിരേഖയും, നിലവിലെ കാർഷിക സൗകര്യങ്ങളും വിലയിരുത്തുകയാണ് ആദ്യം വേണ്ടത്.
വാർഡിലെ ജനങ്ങളുടെ ആവശ്യങ്ങളുടെ മുൻഗണനാ ക്രമം തയ്യാറാക്കുകയാണ് ആദ്യത്തെ ഹോംവർക്ക്. ജലവിഭവ മാനേജ്മെന്റും ഇക്കോളജിക്കൽ ഫീസിബിലിറ്റി ടെസ്റ്റും നടത്തണം. എല്ലാ പ്രോജക്ടിനും പരിസ്ഥിതി ആഘാതപഠനം നടത്തണം. കൃത്യമായ ചെരിവും ഭൂപ്രകൃതിയും അനുസരിച്ചു മാത്രമേ കാനകൾ പണിയാവൂ. തൊഴിൽ നൈപുണ്യ വികസനത്തിനും, തൊഴിലവസരത്തിനും പ്രാധാന്യം നൽകണം. എല്ലാ പഞ്ചായത്തിലും അഞ്ച് മുതൽ 10 സെന്റ് വരെ സ്ഥലത്ത് ഒരു 'മിയാവാക്കി" വനമെങ്കിലും സൃഷ്ടിക്കണം. ഔഷധ സസ്യ തോട്ടം എല്ലാ വാർഡിലും ഉണ്ടാകണം.
ഇത്രയും മാത്രം പോരാ, കാർഷിക ഉത്പന്നങ്ങൾക്ക് കർഷകന് ശരിയായ വില ലഭിക്കാൻ സൗകര്യം ഏർപ്പെടുത്തണം. കൃഷി ചെയ്യുന്നവർക്ക് അവരുടെ ഉത്പന്നങ്ങൾ കേടുകൂടാതെ സംഭരിച്ച് സൂക്ഷിക്കാൻ സൗകര്യം നല്കുന്ന ഗോഡൗണുകൾ ആ പ്രദേശത്തുണ്ടാകണം, നാട്ടുകൂട്ടങ്ങളും കാർഷിക സൗഹൃദ ഗ്രൂപ്പുകളും രൂപീകരിക്കണം, കുടിവെള്ള ലഭ്യതയും ശൗചാലയങ്ങളും ഒരുക്കണം. ഖര- ദ്രവ മാലിന്യ നിർമ്മാർജനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണം.
കൃത്യമായ നികുതി പിരിവു നടന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് എല്ലാറ്റിനും പണം ലഭ്യമാകും. മാസ്റ്റർ പ്ലാൻ അനുസരിച്ചാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടക്കുന്നതെന്ന് ഉറപ്പാക്കണം. വീടും വെള്ളവും ഓരോ പൗരന്റെയും ജന്മവകാശമായി കണക്കാക്കണം. 'പരമാവധി പേർക്ക് പരമാവധി കാലം ഗുണം" എന്നതാകട്ടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള മുദ്രവാക്യം. അഴിമതിരഹിത ഭരണം നടത്തുക എന്നത് എല്ലാ ജനപ്രതിനിധികളുടെയും കടമയായി കണക്കാക്കണം.
ഡോ.സി.എം. ജോയി
പ്രസിഡന്റ്, കേരള നേച്ചർ പ്രൊട്ടക്ഷൻ
കൗൺസിൽ, എറണാകുളം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |