ഓണം വന്നാലും സംക്രാന്തി വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ലെന്നു പറഞ്ഞാൽ അത് കോഴിയുടെ തലവിധിയാണെന്നു പറഞ്ഞ് സമാധാനിക്കാം. എന്നാൽ, സ്ത്രീപീഡന കേസുകളിലും കോഴികളെ വലിച്ചിഴച്ചാലോ? ചില കശ്മലന്മാർ നടത്തുന്ന സ്ത്രീപീഡനത്തിനെതിരെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ പ്രകടനങ്ങളിൽ പാവം പൂവൻ കോഴികളെ എന്തിന് ഉപകരണമാക്കുന്നു? ഒന്നുമറിയാത്ത ആ പാവം മിണ്ടാപ്രാണികൾ എന്തു പിഴച്ചു?
'സ്ത്രീലമ്പടൻ" എന്ന ആക്ഷേപത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് സി.പി.എം, ബി.ജെ.പി പ്രവർത്തകർ പാലക്കാട്ടും മറ്റും നടത്തിയ പ്രകടനത്തിൽ ഉയർത്തിപ്പിടിച്ചിരുന്നത് പൂവൻ കോഴികളെ. അതു കണ്ടാൽ തോന്നും, പ്രതി പൂവൻ കോഴിയാണെന്ന്! സമരക്കാർ ആവേശം മൂത്ത് വലിച്ചെറിഞ്ഞ കോഴികളിൽ ചിലത് ചത്തു. പിടിച്ച കോഴികളെ കറിവച്ച് ശാപ്പിട്ടോ എന്നറിയില്ല. മിണ്ടാപ്രാണികളായതുകൊണ്ട് അവയ്ക്ക് ചോദിക്കാനും പറയാനും ആളില്ലെന്ന് കരുതേണ്ട. മൃഗസ്നേഹിയായ ഒരു പാലക്കാട്ടുകാരൻ 'കോഴി പീഡന"ത്തിനെതിരെ കോടതിയിൽ കേസ് കൊടുത്തു കഴിഞ്ഞു.
'ഹൂ കെയേഴ്സ് " എന്ന അപരനാമമാണ് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. കുടുക്കുകളിൽ ചെന്നു ചാടുമ്പോൾ അതിൽ നിന്ന് തലയൂരാൻ പുള്ളിക്കാരൻ പ്രയോഗിക്കുന്ന മാസ്റ്റർ പീസാണ് ഇതെന്നാണ് പരാതിക്കാരായ പെൺകുട്ടികൾ പറയുന്നത്. സ്ത്രീകൾക്ക് അയച്ചതായി പറയുന്ന അശ്ലീല കമന്റുകളുടെയും ഗർഭഛിദ്ര ഭീഷണികളുടെയും ശബ്ദസന്ദേശങ്ങൾ ചാനലുകളിലും സമൂഹ മാദ്ധ്യമങ്ങളിലും നിറയുമ്പോഴും 'പ്രതിയുടെ" പേര് രേഖാമൂലം വെളിപ്പെടുത്തുന്ന ഒരു പരാതിയും ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. സ്വന്തം പാർട്ടിക്കു ലഭിച്ചതായും കേട്ടില്ല. അതുകൊണ്ടാണത്രെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദം ഒഴിഞ്ഞിട്ടും, എം.എൽ.എ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടുന്നവരോട് 'ഹൂ കെയേഴ്സ് " എന്ന് അദ്ദേഹം ആവർത്തിക്കുന്നത്. വിശേഷിച്ച്, സി.പി.എമ്മിൽ ഇത്തരം വിരുതന്മാർ ജനപ്രതിനിധികളായി വിലസുമ്പോൾ!
സി.പി.എമ്മിന് ഇല്ലാത്ത ധാർമ്മികത കോൺഗ്രസിനു വേണമെന്ന് ശഠിക്കാനാവുമോ? രാഹുൽ എം.എൽ.എ സ്ഥാനം രാജി വയ്ക്കണമെന്ന് കടുപ്പിച്ചു പറയാതെ, അക്കാര്യം കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷ് അഴകൊഴമ്പൻ മട്ടിൽ പറഞ്ഞതും അതിനാലാണല്ലോ. നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷുമായി ബന്ധപ്പെട്ട ചില സിനിമാ 'തിരക്കഥകൾ" പുറത്തുവന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതും, 'അക്കാര്യം സി.പി.എം തീരുമാനിക്കട്ടെ " എന്നായിരുന്നല്ലോ. പക്ഷേ, രാഹുലിന്റെ വിഷയത്തിൽ കാര്യങ്ങൾ ഒരുനടയ്ക്ക് തീരുന്ന ലക്ഷണം കാണുന്നില്ല. പുറത്തെ പട പേടിച്ച് സ്വന്തം പാർട്ടിയുടെ അകത്തേക്കു നോക്കിയാൽ അവിടെ പാളയത്തിൽ പട!
അടിച്ചു വളർത്താത്ത പിള്ളേരും, അടച്ചു വേവിക്കാത്ത കറികളും നേരേയാവില്ലെന്നാണ് പണ്ടത്തെ കാരണവന്മാരുടെ വാദം; പാകമാകാതെ പഴുപ്പിക്കുന്ന മാങ്ങ പുളിക്കുമെന്നും! യൂത്ത് കോൺഗ്രസിൽ വിളയാതെ ചിലർ ചേർന്ന് പഴുപ്പിച്ച മാങ്ങയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് പൊതുസംസാരം. അതിനോട് യോജിക്കുന്നവരാണ് കോൺഗ്രസിലെ പലരും. രാഹുലിന്റെ വളർച്ച പാർട്ടിയുടെ സമരങ്ങളിലൂടെയല്ല, സമൂഹ മാദ്ധ്യമങ്ങളിലെ താരമായിട്ടായിരുന്നു. കൈ പിടിച്ചുയർത്താൻ ചില 'ചേട്ടന്മാരും." തെറ്റുകൾ കണ്ടിട്ടും തക്ക സമയത്ത് അവർ ഗുണദോഷിച്ചില്ല. സ്ത്രീ വിഷയത്തിൽ അതിരുവിടുന്നതു സംബന്ധിച്ച പരാതി മൂന്നുവർഷം മുമ്പ് ഒരു പെൺകുട്ടി നേരിട്ട് പറഞ്ഞതാണ്. പക്ഷേ, ആ കുട്ടിയെ മകളെപ്പോലെ കരുതുന്ന പ്രതിപക്ഷ നേതാവു പോലും അന്ന് കണ്ണടച്ചെന്നാണ് ആക്ഷേപം.
ഒടുവിൽ അപവാദങ്ങളുടെ ചെളിക്കുണ്ടിൽ പതിച്ചിട്ടും സ്വന്തം തെറ്റുകൾ സമ്മതിക്കാൻ യുവ നേതാവ് കൂട്ടാക്കാതിരുന്നതും വെറുതെയല്ല. താൻ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് തെറ്റ് ചെയ്തതുകൊണ്ടല്ലെന്നും, പാർട്ടിയുടെ ന്യായീകരണ ബുദ്ധിമുട്ട് ഒഴിവാക്കാനാണെന്നുമാണ് വാദം. പക്ഷേ, അങ്ങനെ സ്വമേധയാ ഒഴിഞ്ഞ ത്യാഗിയല്ലെന്നും മുകളിൽ നിന്ന് ചെവിക്കു പിടിച്ച് നിലത്തിറക്കിയതാണെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പി കൂടാരത്തിലെത്തിയ പദ്മജാ വേണുഗോപാൽ. കോൺഗ്രസിൽ നിന്ന് രാജിവച്ചപ്പോൾ തന്റെ പിതൃത്വത്തെ ചോദ്യംചെയ്ത മഹാപാപത്തിന് തന്റെ പാവം അമ്മയുടെ ആത്മാവിന്റെ ശാപമാണ് രാഹുൽ അനുഭവിക്കുന്നത്. വീട്ടിൽ കയറ്റാൻ പോലും കൊള്ളാത്തവൻ ഇനി എം.എൽ.എയായി നടക്കരുതെന്നും പദ്മജ പറഞ്ഞുവച്ചു.
'അനിയൻ ബാവ" പ്രസിഡന്റ് സ്ഥാനം രാജിവച്ച ദിവസം ഡൽഹിയിലായിരുന്ന 'ചേട്ടൻ ബാവ" ഷാഫി പറമ്പിലിനെ അവിടത്തെ പത്രക്കാർ മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല. ഒടുവിൽ, അവരെ വെട്ടിച്ച് തലയിൽ മുണ്ടിട്ട് ബീഹാറിലേക്ക് മുങ്ങിയതായും ശ്രുതി പരന്നു. കഴിഞ്ഞ ദിവസം പാലക്കാട്ട് പൊങ്ങിയെങ്കിലും അനിയൻ ബാവയെ തള്ളിപ്പറഞ്ഞില്ല. അതാണ് സഹോദര സ്നേഹം! 'ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയല്ലേ..." എന്നാണത്രെ പാർട്ടിയിൽ നിന്ന് ആക്രമണം മൂത്തപ്പോൾ രാഹുലിന്റെ ചില ഗോഡ് ഫാദർമാരുടെ വിലാപം.
ആറ്റുനോറ്റിരുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വരുന്നത്. ഉടുപ്പു തയ്പിച്ച് മാസങ്ങളായി കാത്തിരുന്ന് മടുത്തു. ഭാവി രാഷ്ട്രീയ ജീവിതം സ്വയം 'കോഞ്ഞാട്ട"യാക്കിയവന്റെ ദു:ഖഭാരം ഇനി എന്തിന് മറ്റുള്ളവർ ചുമക്കണം? തിരഞ്ഞെടുപ്പ് നേരിടാൻ പാർട്ടിക്കു വേണ്ടത് ക്ളീൻ ഇമേജാണ്. അതിന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനവും ഒഴിയേണ്ടി വരുമെന്ന വാദം കോൺഗ്രസിൽ ശക്തം. അന്ന് ഒപ്പം നിന്നവരും ഇന്ന് കൂടെയില്ല. 'താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ!" യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി ആദ്യ ഘട്ടം മാത്രമാണെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിശേഷിച്ച് രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ കട്ടയ്ക്ക് നിൽക്കുമ്പോൾ. വണ്ടേ, നീ സ്വയം തുലഞ്ഞോളൂ. വിളക്കു കൂടി കെടുത്താൻ നോക്കേണ്ട!
അമ്മയെ തല്ലിയാലും രണ്ടു പക്ഷമെന്നത് മനുഷ്യരുടെ പൊതു സ്വഭാവം. രാഹുലിന്റെ രാജി ആവശ്യപ്പെട്ടതിന്റെ പേരിൽ എതിർപക്ഷത്തെ സൈബർ പോരാളികൾ അവരുടെ അമ്മയുടെയും അമ്മൂമ്മയുടെയുമൊക്ക പ്രായമുള്ള തനിക്കെതിരെ നടത്തുന്നത് കേട്ടാലറയ്ക്കുന്ന പദപ്രയോഗങ്ങളെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി. തന്റെ
കുടുംബവും രാഹുൽ മാങ്കൂട്ടത്തിലും ഒപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് മറുപക്ഷത്തെ ചിലർ നടത്തുന്ന നീചമായ സൈബർ ആക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകി ടി. സിദ്ദിഖ് എം.എൽ.എയുടെ ഭാര്യ ഷറഫുന്നീസ.
'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേല് " എന്ന തരത്തിൽ മാനസിക വൈകല്യം ബാധിച്ച ചിലരുടെ ക്രൂര
വിനോദങ്ങളാണ് ഇതൊക്കെ. അതിൽ ഇടതെന്നോ വലതെന്നോ പക്ഷമില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും!
നുറുങ്ങ്:
□ 'യജമാനന്മാരല്ല. ജനങ്ങളുടെ സേവകരാണ് നിങ്ങൾ. ബ്രൂറോക്രാറ്റുകൾക്ക് മനുഷ്യത്വമില്ലെങ്കിൽ സർക്കാർ പരാജയമാകും. " ജീവിതയാതനകളുമായി സർക്കാരാഫീസുകളിലെത്തുന്ന പാവങ്ങളെ നിഷ്കരുണം ആട്ടിയോടിക്കുകയും അവരുടെ നികുതിപ്പണം കൊണ്ടുള്ള ക്ഷാമബത്ത വൈകിയാൽ പണി മുടക്കി തെരുവിലിറങ്ങുകയും ചെയ്യുന്ന ജീവനക്കാരോട് ഹൈക്കോടതി.
■ മനുഷ്യത്വത്തെയും കാരുണ്യത്തെയും കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരെ (എല്ലാവരുമല്ല) ഇങ്ങനെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തേണ്ടി വരുന്നതാണ് കേരളത്തിലെ ഏറ്റവും വലിയ ദുര്യോഗം!
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |