
'വിഘടന വാദികളും പ്രതിക്രിയാ വാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർദ്ധാര സജീവമായിരുന്നു. വർഗീയവാദികളും കൊളോണിയലിസ്റ്റ് ചിന്താസരണികളും...!" സംസ്ഥാനത്ത് പത്തു വർഷത്തോളമായി ഭരണത്തിലിരിക്കുന്ന ഇടതു മുന്നണി ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ എങ്ങനെ മൂക്കുകുത്തി വീണു? ഗ്രാമ പഞ്ചായത്ത് തലം മുതൽ കോർപ്പറേഷനുകളിൽ വരെ യു.ഡി.എഫ് എങ്ങനെ
മിന്നുന്ന വിജയം നേടി? വിദൂരസ്വപ്നമെന്ന് മുമ്പ് പലരും കരുതിയിരുന്ന, തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കരഗതമാക്കാനും സംസ്ഥാനത്ത് അടി മുതൽ മുടിവരെ ശക്തി വർദ്ധിപ്പിക്കാനും ബി.ജെ.പിക്ക് എങ്ങനെ കഴിഞ്ഞു? അതിന്റെ ഉത്തര'സന്ദേശ"മാണ് ആദ്യം പറഞ്ഞത്!
ലളിതമായി പറഞ്ഞാൽ ജനം വോട്ട് ചെയ്യാത്തതുകൊണ്ട് ഇടുതു മുന്നണി ദയനീയ തോൽവി നേരിട്ടു. അവർ വോട്ട് ചെയ്തതുകൊണ്ട് മറ്റു രണ്ട് മുന്നണികളും മുന്നേറ്റം കുറിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചുമാസം മാത്രം ശേഷിക്കെ, കനത്ത തിരിച്ചടിയുടെ യഥാർത്ഥ കാരണം കണ്ടെത്തി, സത്യസന്ധമായി തിരുത്തുകയാണ് സി.പി.എമ്മും ഇടതു മുന്നണിയും ഇനി ചെയ്യേണ്ടത്. വരട്ടു തത്വവാദങ്ങളും 'പ്രതിക്രിയാ വാതകങ്ങളും" നിരത്തി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാണ് ശ്രമമെങ്കിൽ വരാനിരിക്കുന്നത് വൻ ദുരന്തമാവുമെന്നാണ് ഇടതുപക്ഷത്തെ സ്നേഹിക്കുന്നവരും അല്ലാത്തവരും പറയുന്നത്.
ഇടുതു സർക്കാരിന്റെ പ്രവർത്തനം ഏറ്റവും മെച്ചപ്പെട്ടതായിരുന്നുവെന്നും, ജനങ്ങൾ എങ്ങനെയാണ് മനസിലാക്കിയതെന്ന് അറിയില്ലെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. അപ്പോൾ പ്രശ്നം ജനങ്ങളാണോ? 'സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് എല്ലാം വാങ്ങിച്ച്, നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകൾ ഏതോ നൈമിഷിക വികാരത്തിന്റെ പേരിൽ നമുക്കിട്ട് വച്ചു. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ചവർ നേരേ എതിരെ വോട്ട് ചെയ്തു. അതിന്റെ പേര് ഒരുമാതിരി പിറപ്പുകേട്പണിയെന്ന് പറയും."- സംസ്കാരശൂന്യമായ വാക്കുകളിലൂടെ സി.പി.എം
നേതാവും മുൻ മന്ത്രിയുമായ മണിയാശാൻ തോൽവിക്ക് പഴിചാരിയതും വോട്ടർമാരായ ജനങ്ങളെ!
നേതാക്കൾ തള്ളിപ്പറഞ്ഞതോടെ മണിയാശാൻ പിന്നീട് തിരുത്തി. സത്യത്തെ അഭിമുഖീകരിക്കാനും തെറ്റുകൾ തുറന്നുപറഞ്ഞ് തിരുത്താനുമുള്ള വൈമനസ്യമാണ് രണ്ടു നേതാക്കൾ, രണ്ടുരീതിയിൽ,രണ്ടു സ്വരത്തിൽ പറഞ്ഞ വാക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് വിമർശനം.
പാർട്ടിയുടെയും സർക്കാരിന്റെയും തെറ്റുകൾ തിരുത്തുമെന്ന ഗോവിന്ദൻ മാഷിന്റെയും മറ്റും പതിവ് ഗീർവാണങ്ങൾ കേട്ടുതുടങ്ങിയിട്ട് നാളുകളായെന്നാണ് പാർട്ടി അണികൾ പറയുന്നത്. കഴിഞ്ഞ സി.പി.എം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ബ്രാഞ്ച് മുതൽ സംസ്ഥാനതലം വരെ നടന്ന സമ്മേനങ്ങളിലും, കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വിജയം ഇരുപതിൽ ഒരു സീറ്റിൽ ഒതുങ്ങിയപ്പോഴും തെറ്റ് തിരുത്തുമെന്ന് നേതാക്കൾ പറഞ്ഞതാണ്. പക്ഷേ ഒന്നും തിരുത്തിയതായി ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടില്ല എന്നതാണ് വാസ്തവം.
ഭരണ വീഴ്ചകൾ നിമിത്തം അനുഭാവികൾ ഉൾപ്പെടെയുള്ള ജനങ്ങൾ പാർട്ടിയിൽ നിന്ന് അകന്നുകൊണ്ടിരുന്ന കാഴ്ച കണ്ടിട്ടും, അവരെ ഒപ്പം നിറുത്താനുള്ള ഒരു ശ്രമവും ഉണ്ടായില്ലെന്ന് പാർട്ടി നേതാക്കൾ ഉൾപ്പെടെ സമ്മതിക്കുന്നു. പക്ഷേ, തെറ്റ് തിരുത്തൽ എവിടെ നിന്ന് തുടങ്ങും?ആര് ആരെ തിരുത്തും?കലാലയങ്ങളിൽ സ്വന്തം വിദ്യാർത്ഥി സംഘടനയുടെ അഴിഞ്ഞാട്ടം, പ്രതിഷേധക്കാർക്കു നേരേ. പൊലീസിനെ കാഴ്ചക്കാരാക്കി യുവജന സംഘടനാ പ്രവർത്തകരുടെ ഹെൽമറ്റ് പ്രയോഗം. കരുവന്നൂർ ഉൾപ്പെടെ സഹകരണ സംഘങ്ങൾ വഴി നിക്ഷേപ തട്ടിപ്പിലൂടെ കോടികൾ കവർന്ന നേതാക്കൾ, കണ്ണീരും കൈയുമായി നിസഹായരായ പതിനായിരങ്ങൾ...
പണസമ്പാദനത്തിലും സുഖലോലുപതയിലും ആസക്തി പൂണ്ട് ജനങ്ങളെ മറന്ന നേതാക്കൾ, പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി നേതാക്കളുടെ ബന്ധുകൾക്ക് ഉൾപ്പെടെ പിൻവാതിൽ നിയമനങ്ങൾ, തിരുവനന്തപുരം കോർപ്പറേഷനിൽ പിൻവാതിൽ നിയമനങ്ങളുടെ പട്ടിക മേയർക്കു കൈമാറി പാർട്ടി ജില്ലാ സെക്രട്ടറി! സ്കൂളുകളിൽ കുട്ടികളുടെ ഉച്ചക്കഞ്ഞിക്ക് വഴിയില്ലാതെ അദ്ധ്യാപകർ നട്ടംതിരിയുമ്പോഴും, ക്ഷേമ പെൻഷനുകൾ മുടങ്ങുമ്പോഴും കോടികൾ ധൂർത്തടിച്ച് ലോക കേരള സഭകളും, നവകേരള യാത്രകളും!
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അടിക്കടി പുത്തൻ ആഡംബര കാറുകൾ, പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പ്രതിമാസം നാല് ലക്ഷത്തിലേറെ രൂപ ശമ്പളം, ഏറ്റവും ഒടുവിൽ, ഭക്തമനസുകളിൽ ആഴത്തിൽ മുറിവേല്പിച്ച, ശബരിമല അയ്യപ്പന്റെ സ്വർണക്കൊള്ളയിൽ പാർട്ടി നേതാക്കൾ ഉൾപ്പെടെ അഴിയെണ്ണുന്ന ദുരവസ്ഥയും! സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയാതെ വന്നതാണോ പ്രശ്നം?അതോ എല്ലാം മനസിലായതോ?
തെറ്റുകൾ സംഭവിക്കുക മനുഷ്യസഹജം. തിരുത്താനുള്ള മനോഭാവമാണ് പ്രധാനം. 2001 നിയമസഭാ തിരഞ്ഞെടുപ്പിൽ അന്ന് ഭരണത്തിലിരുന്ന എൽ.ഡി.എഫ് പരാജയപ്പെടുകയും, മികച്ച ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞത്, അടുത്ത നൂറു കൊല്ലത്തേക്ക് സി.പി.എം കേരളത്തിൽ അധികാരത്തിൽ വരില്ലെന്നായിരുന്നു.
പക്ഷേ, 2006-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും ഭരണം പിടിച്ചു. ഒരു തിരിച്ചടിയും ശാശ്വതമല്ല; വിജയവും. അതിനെ എങ്ങനെ നേരിടുന്നു എന്നതാണ് കാര്യം. സംഭവിച്ച വീഴ്ചകൾ ആദ്യം അംഗീകരിക്കുക. തിരുത്തുക. അതുവഴി ജനവിശ്വാസം നേടി തിരിച്ചെത്തുക.
അങ്ങനെ പവനായി ശവമായി! സർക്കാർ കൊട്ടിഘോഷിച്ച തിരുവനന്തപുരം - കാസർകോട് സിൽവർ ലൈൻ ഒടുവിൽ 'കടലാസ് ലൈനാ"യി. കേന്ദ്രത്തിന്റെ രാഷ്ടീയ എതിർപ്പ് നിമിത്തം സിൽവർ ലൈൻ പദ്ധതിയുടെ കഥ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ, പദ്ധതിക്കു വേണ്ടി സർവേ നടത്താനും മഞ്ഞക്കുറ്റികൾ നാട്ടാനും സർക്കാർ ചെലവിട്ട കോടികൾ പാഴായില്ലേ?
നാട്ടിയ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞതിന് നിരവധി പേർക്കെതിരെ എടുത്ത ക്രിമിനൽ കേസുകളോ?മഞ്ഞക്കുറ്റികൾ സ്ഥാപിച്ച സ്ഥലങ്ങൾ വിൽക്കാൻ കഴിയാത്ത സ്ഥിതിക്ക് എന്നാണ് മോചനം? നടക്കാത്ത പദ്ധതിയുടെ പേരിൽ ചെലവായത് 51 കോടി രൂപ! 40 ലക്ഷം രൂപ ചെലവിട്ട പഠനവും ജനങ്ങളുടെ എതിർപ്പിൽ നിറുത്തിവച്ചു. ഇനി വരുന്നത് അതിവേഗപാത!
ശബരിമലയിലെ സ്വർക്കൊള്ളയിൽ അന്വേഷണത്തിന് സി.ബി.ഐ വരുമോ? സ്വർക്കൊള്ളയ്ക്കു പിന്നിൽ രാജ്യാന്തര കള്ളപ്പണ സംഘമുണ്ടെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലാണ് ആധാരം. ബെല്ലാരിയിലെ ഗോവർദ്ധൻ എന്ന സ്വർണവ്യാപാരിക്ക് താൻ സ്വർണം വിറ്റെന്നായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴി. ചെന്നൈയിലെ മറ്റൊരു പുരാവസ്തു വ്യാപാരിയും, രാജ്യാന്തര തലത്തിൽ ഈ വ്യാപാരം നിയന്ത്രിക്കുന്ന ഗൾഫിലെ മറ്റൊരു വ്യവസായിയും അന്വേഷണ പരിധിയിൽ വരും. അപ്പോൾ
നേരറിയാൻ സി.ബി.ഐ തന്നെ വേണം!
ബെല്ലാരിയിൽ നിന്ന് കണ്ടെടുത്ത സ്വർണം ശബരിമലയിലേത് അല്ലെന്ന് പരിശോധനയിൽ തെളിഞ്ഞാൽ യഥാർത്ഥ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതായി വരും. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ സ്വർണപ്പാളികൾ മാറ്റിയെന്നും, പുതിയ ചെമ്പുപാളികൾ സ്വർണം പൂശിയതാണെന്നും കണ്ടെത്തിയിരുന്നു. സ്വർണക്കൊള്ളക്കാർക്ക് വീണ്ടും ഉറക്കമില്ലാത്ത രാത്രികൾ!
നുറുങ്ങ്:
■ തദ്ദേശ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം അടുത്ത നിയമസഭാ തിരഞ്ഞെടപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വരുന്നതിന്റെ സൂചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മുഖ്യമന്ത്രിക്കസേരയെ ചൊല്ലി കോൺഗ്രസിൽ അടുത്ത അടി തുടങ്ങാം!
(വിദുരരുടെ ഫോൺ:99461 08221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |