ഗുവാഹത്തി: വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും ആഭരണങ്ങളും കണ്ടെത്തിയതിന് പിന്നാലെ അസമിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു. നൂപുർ ബോറ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലൻസ് സെല്ലിലെ ഒരു സംഘം ഉദ്യോഗസ്ഥർ യുവതിയുടെ ഗുവാഹത്തിയിലെ വസതിയിൽ റെയ്ഡ് നടത്തിയത്.
92 ലക്ഷം രൂപയും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. നൂപുർ ബോറയുടെ വാടകവീട്ടിൽ നടത്തിയ റെയ്ഡിൽ 10 ലക്ഷം രൂപയും കണ്ടെടുത്തു. 2019ലാണ് യുവതി സിവിൽ സർവീസ് നേടുന്നത്. നിലവിൽ കാംരൂപ് ജില്ലയിലെ ഗൊറോയ്‌മാരിയിലെ സർക്കിൾ ഓഫീസറാണ്. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആറ് മാസമായി ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. നൂപുർ ബോറയ്‌ക്കെതിരെ അഴിമതി ആരോപണം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |