
റാഞ്ചി: യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കാട്ടിൽ ഉപേക്ഷിച്ച ഇറച്ചിവെട്ടുകാരനായ കാമുകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഖുന്തി ജില്ലയിലുളള വനമേഖലയിൽ നിന്നാണ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. നരേഷ് ഭെൻഗ്ര എന്ന യുവാവാണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
നവംബർ 24ന് ജരിയഗദ് പൊലീസ് സ്റ്റേഷന് സമീപത്തായി തെരുവ് നായ മനുഷ്യശരീരത്തിന്റെ അവശിഷ്ടം കടിച്ചുകൊണ്ട് വന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസുകാർ അന്വേഷണം നടത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി ഭെൻഗ്ര 24കാരിയായ കാമുകിയോടൊപ്പം ഖുന്തിയിൽ താമസിച്ച് വരികയായിരുന്നു. ദിവസങ്ങൾക്ക് മുൻപ് ഇയാൾ നാട്ടിലേക്ക് മടങ്ങുകയും കാമുകിയുടെ അറിവില്ലാതെ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം പ്രതി വീണ്ടും പഴയ കാമുകിയോടൊപ്പം താമസിക്കാൻ എത്തുകയായിരുന്നു. ഇത് ഭെൻഗ്രയുടെ ഭാര്യയും അറിഞ്ഞില്ല.
ഇതിനിടയിൽ ഭെൻഗ്രയുടെ വീട്ടിലേക്ക് വരാൻ കൊല്ലപ്പെട്ട യുവതി ആഗ്രഹം പ്രകടിപ്പിച്ചു. ഇത് പ്രതിയെ പ്രതിസന്ധിയിലാക്കുകയായിരുന്നു. യുവതി നിരന്തരം ആവശ്യപ്പെട്ടതോടെ ഇരുവരും ഭെൻഗ്രയുടെ നാട്ടിൽ ട്രെയിൻ മാർഗം എത്തിച്ചേരുകയായിരുന്നു. യാത്രയ്ക്ക് മുൻപ് തന്നെ താൻ കാമുകനോടൊപ്പം പോവുകയാണെന്ന് യുവതി അമ്മയെ അറിയിച്ചിരുന്നു. തുടർന്ന് പ്രതി യുവതിയെ നാട്ടിലെ ഒരു വനമേഖലയിൽ നിർത്തിയിട്ട് മറ്റൊരു സ്ഥലത്തേക്ക് പോയി. കുറച്ച് സമയങ്ങൾക്കകം തന്നെ പ്രതി തിരികെ വന്നു. അവിടെ വച്ച് ഭെൻഗ്ര കാമുകിയെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒടുവിൽ മൃതദേഹം 50 കഷ്ണങ്ങളാക്കി കാട്ടിൽ ഉപേക്ഷിക്കുകയും ചെയ്തു.
കൊലപാതകം പുറത്തുവരാതിരിക്കാനാണ് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതെന്നും കൃത്യം നടത്തിയതിനുശേഷം തിരികെ വീട്ടിൽ പോയി ഭാര്യയോടൊപ്പം താമസിച്ചെന്നും ഭെൻഗ്ര മൊഴി നൽകി. അതേസമയം, ദിവസങ്ങൾ കഴിഞ്ഞിട്ടും മകളെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒടുവിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. പ്രതി ഇറച്ചിവെട്ടാൻ വിദഗ്ദനാണെന്നാണ് അറിയാൻ സാധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |