SignIn
Kerala Kaumudi Online
Saturday, 02 May 2026 3.18 PM IST

പ്രണയബന്ധം എതിർത്തിന്റെ പക; പിതൃസഹോദരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page

crime

കൊച്ചി: പ്രണയബന്ധം എതിർത്ത വൈരാഗ്യത്തിന് പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. സ്കൂട്ടറിന് പിന്നിൽ കാറിടിച്ചശേഷം വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചെങ്കിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുട‌ർന്ന് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കള്ളി പൊളിഞ്ഞത്.

എറണാകുളം അയ്യപ്പൻകാവ് നെഹ്റുറോഡ് കോട്ടുക്കലിൽ അഭിജിത്ത് പ്രസാദിനെയാണ് (33) എറണാകുളം നോർത്ത് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പ്രതിയുടെ പിതാവ് ശിവപ്രസാദിന്റെ സഹോദരൻ അയ്യപ്പൻകാവ് സ്വദേശി സത്യപാലനാണ് (61) സ്വകാര്യആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്. സത്യപാലൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിലാണ് പ്രതി ഓടിച്ച കാറിടിച്ചത്.

ഇന്നലെ രാവിലെ 6.15ന് അയ്യപ്പൻകാവ് -ചിറ്റൂർ റോഡ‌ിൽ അയ്യപ്പൻകാവ് ആക്സിസ് ബാങ്ക് ശാഖയ്ക്ക് സമീപമായിരുന്നു സംഭവം. അയ്യപ്പൻകാവ് ജംഗ്ഷനടുത്ത് സത്യപാലൻ സൂപ്പർമാർക്കറ്റ് നടത്തുന്നുണ്ട്. ഇവിടെ രാവിലെ പാൽവണ്ടി എത്തിയശേഷം ചായകുടിക്കാൻ സെമിത്തേരി മുക്കിലേക്ക് സത്യപാലൻ സ്കൂട്ടറിൽ പോകുന്ന തക്കംനോക്കിയാണ് പ്രതി മാരുതിക്കാറിൽ പിന്തുട‌ർന്നത്. അമിതവേഗത്തിൽ വന്ന കാർ ഇടിച്ച് സ്കൂട്ടറിൽനിന്ന് തെറിച്ച സത്യപാലൻ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ് ചില്ലുകൾ തക‌ർന്നു, വാഹനാപകടമാണെന്ന് വരുത്താൻ ഇതേകാറിൽ അഭിജിത്ത് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതും.

ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സൂപ്പർമാർക്കറ്റിന് ഏതാനുംവാര അകലെ പ്രതി ഒളിച്ചുനിൽക്കുന്നതും സത്യപാലൻ സ്കൂട്ടറിൽ കടന്നുപോകുമ്പോൾ കാറിൽ പിന്തുടരുന്നതും കണ്ടെത്തി. തുടർന്നാണ് അറസ്റ്റുചെയ്തത്.

എറണാകുളം പച്ചാളത്ത് സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്ന പ്രതി വിവാഹമോചിതയായ യുവതിയുമായി അടുപ്പത്തിലാണ്. രക്ഷിതാക്കളും മറ്റ് ബന്ധുക്കളും അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ എതിർത്തു. സത്യപാലന്റെ പ്രേരണ മൂലമാണ് വിവാഹം നടക്കാത്തതെന്ന് കരുതിയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാറും സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS: LOCAL NEWS, ERNAKULAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY