കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. പ്രതികളിൽ ഒരാളുടെ ഐഎസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിൽ എൻഐഎ അന്വേഷണത്തിന് തമിഴ്നാട് സർക്കാർ ശുപാർശ നൽകിയിരുന്നു. എൻഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇവർ ചോദ്യം ചെയ്തു.
അതേസമയം, കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. സ്ഫോടനക്കൂട്ടുകൾ ഓൺലൈനായി ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലീസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങിയതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ.
വിശദവിവരം അറിയാൻ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി. രണ്ട് വർഷത്തിനിടെ കോയമ്പത്തൂരിൽ വിറ്റ സ്ഫോടക വസ്‍തുക്കളുടെ വിവരമാണ് ആവശ്യപ്പെട്ടത്. ആരാണ് ഓർഡർ ചെയ്തത്, പണം നൽകിയ രീതി, എവിടെയാണ് ഡെലിവറി ചെയ്തത് എന്നും പൊലീസ് പരിശോധിക്കുന്നു. മുക്കാൽ ക്വിന്റൽ സ്ഫോടക ശേഖരം സൂക്ഷിച്ചത് കൂടുതൽ ആക്രമണം ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ സശയം.
അതേസമയം, 2024ഓടെ എല്ലാ സംസ്ഥാനങ്ങളിലും എൻഐഎ ഓഫീസുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്, അതിർത്തി കടന്നുള്ള ഭീകരവാദം, രാജ്യദ്രോഹം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ നേരിടാൻ സംയുക്ത പദ്ധതി ആവിഷ്‌കരിക്കുകയാണെന്നും ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തിൻ ശിവറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |