കോഴിക്കോട്: വെസ്റ്റ്‌ഹിൽ സ്വദേശി കെടി വിജിലിനെ സരോവരം തണ്ണീർത്തടത്തിൽ കെട്ടിത്താഴ്‌ത്തിയ കേസിലെ രണ്ടാംപ്രതി പിടിയിൽ. കോഴിക്കോട് പെരിങ്ങളം സ്വദേശി രഞ്ജിത്താണ് ഇന്ന് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വാഴാത്തിരുത്തി കുളങ്ങരക്കണ്ടിമീത്തൽ കെകെ നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നീ പ്രതികൾ നേരത്തേ പിടിയിലായിരുന്നു.
ഇന്നലെ നടത്തിയ തെരച്ചിലിൽ വിജിലിന്റേത് എന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയും പിടിയിലായത്. വാഴത്തുരുത്തിക്ക് സമീപമുള്ള ചതുപ്പിൽ പരിശോധന ആരംഭിച്ച് എട്ടാം ദിവസത്തിലാണ് അന്വേഷണസംഘത്തിന് മൃതദേഹാവശിഷ്‌ടങ്ങൾ ലഭിച്ചത്. തലയോട്ടിയൊഴികെ 53 അസ്ഥികളാണ് ലഭിച്ചത്.
മൃതദേഹം കെട്ടിത്താഴ്‌ത്താൻ ഉപയോഗിച്ച കല്ലുകളും കയറും മരിച്ചസമയത്ത് ധരിച്ചതായി കരുതുന്ന വസ്‌ത്രങ്ങളും കണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഡിഎൻഎ പരിശോധന കൂടി പൂർത്തിയാക്കിയാലേ ലഭിച്ച അസ്ഥികൾ വിജിലിന്റേതാണെന്ന് ഉറപ്പിക്കാനാകൂ. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അസ്ഥികൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |