ബംഗളൂരു: കോറമംഗലയിലെ പ്രമുഖ ഹോട്ടലിൽ നിന്നുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് യുവതി. ആനന്ദ് സ്വീറ്റ്സ് ആൻഡ് സാവറീസ് ഹോട്ടലിൽ കഴിഞ്ഞ മാസം 25ന് ഭക്ഷണം കഴിക്കാനെത്തിയ യുവതിക്കാണ് മോശം അനുഭവം ഉണ്ടായത്. ഹോട്ടലിന്റെ ശുചിമുറിയിൽ ഒളിക്യാമറയുണ്ടായിരുന്നുവെന്നാണ് യുവതി ആരോപിച്ചത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ ആനന്ദ് സ്വീറ്റ്സിന്റെ അധികാരികളും പ്രതികരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഹോട്ടൽ അധികൃതർ ക്ഷമാപണം നടത്തിക്കൊണ്ടുളള പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. യുവതിയുടെ ആരോപണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അവർ അറിയിച്ചിട്ടുണ്ട്. സുഹൃത്ത് നിർദ്ദേശിച്ചത് കൊണ്ടാണ് താൻ ആനന്ദ് സ്വീറ്റ്സിൽ പോയതെന്ന് യുവതി പോസ്റ്റിൽ പറയുന്നു.
'നഗരത്തിലെ എല്ലാവർക്കും വിശ്വാസമുളള ഹോട്ടലാണ് ആനന്ദ് സ്വീറ്റ്സെന്ന് സുഹൃത്ത് പറഞ്ഞിരുന്നു. ശുചിമുറിയിൽ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായത്. ഭിത്തികൾക്കിടയിൽ ഒരു വിടവുളളതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയാണ് സംശയം തോന്നിയത്. ശുചിമുറിയുടെ മുൻവശം പൂർണമായും ഇഷ്ടിക കൊണ്ടല്ല നിർമിച്ചിരിക്കുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. മദ്ധ്യഭാഗം ഫൈബർ ഗ്ലാസും തടികൊണ്ടുമാണ് നിർമിച്ചത്. മെൻസ്ട്രൽ കപ്പ് വൃത്തിയാക്കാനാണ് ഞാൻ ശുചിമുറിയിൽ എത്തിയത്. അപ്പോഴാണ് വിടവ് ശ്രദ്ധയിൽപ്പെട്ടത്. ഇതിനിടയിലാണ് ഫൈബർഗ്ലാസ് പരിശോധിച്ചത്. അങ്ങനെയാണ് ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. അതിലെ വീഡിയോ ഓപ്ഷൻ പ്രവർത്തിക്കുകയായിരുന്നു. '-യുവതി പോസ്റ്റിൽ കുറിച്ചു.
ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ യുവതി ഹോട്ടലിലെ സ്റ്റോർ മാനേജറെ വിവരം അറിയിക്കുകയായിരുന്നു. ആരാണ് ചെയ്തതെന്ന് പരിശോധിക്കാനും അവർ ആവശ്യപ്പെട്ടു. ഫോൺ കണ്ടതോടെ കരയുകയും പേടിക്കുകയും ചെയ്തിരുവെന്ന് യുവതി അറിയിച്ചു. പൊലീസ് എത്തുന്നതിന് മുൻപ് തന്നെ യുവതി ഹോട്ടലിലെ സിസിടിവി പരിശോധിക്കുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവാവിന്റെ ഫോണിൽ നിന്നും നിരവധി യുവതികളുടെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |