
ചെന്നൈ: സ്വത്ത് തർക്കത്തിന്റെ പേരിൽ തഞ്ചാവൂരിലെ ബിജെപി നേതാവ് ബി ശരണ്യയുടെ (38) തലവെട്ടിയ സംഭവത്തിൽ പ്രതികൾ കീഴടങ്ങി. ശരണ്യയുടെ രണ്ടാം ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളുമാണ് മധുര പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചത്. ആദ്യ ഭാര്യയുടെ മക്കൾക്ക് സ്വത്ത് നൽകുന്നത് ശരണ്യ എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബി കപിലൻ, പാർത്ഥിബൻ, ഗുഗൻ എന്നിവരാണ് കുറ്റം സമ്മതിച്ചത്.
മധുര സ്വദേശിയായ ശരണ്യ ഭർത്താവ് ബാലനൊപ്പം തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയ്‌ക്കടുത്തുള്ള ഉദയസൂരിയപുരം ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. ശരണ്യ ഒരു ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 2022ൽ മധുരയ്ക്ക് സമീപം മന്ത്രി പളനിവേൽ ത്യാഗരാജന്റെ കാറിന് നേരെ ചെരുപ്പ് എറിഞ്ഞ കേസിൽ പ്രതിയായിരുന്നു ബി ശരണ്യ. കൊലപാതകത്തിന് പിന്നിൽ രാഷ്‌ട്രീയ എതിരാളികളാണോ എന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികൾ കീഴടങ്ങിയത്. പിന്നാലെ കൊലപാതകത്തിന് രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് തഞ്ചാവൂർ എസ്പി ആർ രാജാറാം പറഞ്ഞു.
ആദ്യ ഭർത്താവ് ഷൺമുഖസുന്ദരത്തിന്റെ മരണശേഷം, 2023ലാണ് പട്ടുകോട്ടൈ ബ്ലോക്കിലെ കലുഗപുലിക്കാട്ടിൽ നിന്നുള്ള ബാലനെ ശരണ്യ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. ഉദയസൂര്യപുരത്ത് സ്ഥിരതാമസമാക്കിയ ഇവർ ഒരു ട്രാവൽ ഏജൻസിയും ഫോട്ടോകോപ്പി ഷോപ്പും നടത്തിയിരുന്നു. ആയുധങ്ങൾ ഉപയോഗിച്ച് തലയറുത്താണ് ശരണ്യയെ കൊലപ്പെടുത്തിയത്. തല മൃതദേഹം കിടന്നിടത്ത് നിന്നും ഏതാനും മീറ്റർ അകലെയാണ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |