പാലക്കാട്: വാളയാർ ടോൾപ്ളാസയിൽ രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച ഒരു കാേടി രൂപ പിടികൂടി. ഇന്നലെ രാത്രിയിലായിരുന്നു പണം പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബി ജെ പി പ്രാദേശിക നേതാവും കിഴക്കഞ്ചേരി സ്വദേശിയുമായ പ്രസാദ് സി നായർ, ഡ്രൈവർ പ്രശാന്ത് എന്നിവരെ ജാമ്യത്തിൽ വിട്ടു.
കർണാടക രജിസ്ട്രേഷനുള്ള കാറിൽ പഴം കൊണ്ടുവരുന്ന പെട്ടിയിലായിരുന്നു നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. കച്ചവടത്തിന്റെ ആവശ്യത്തിനുള്ള പണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. എന്നാൽ ഇതുസംബന്ധിച്ച് രേഖകളൊന്നും ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്ന് പണം പിടിച്ചെടുത്ത് കോടതിക്ക് കൈമാറാനുളള നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയായിരുന്നു. പ്രസാദിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു. ഇവിടെനിന്ന് എന്തെങ്കിലും പിടിച്ചെടുത്തോ എന്ന് വ്യക്തമല്ല.
ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ കള്ളപ്പണം സംബന്ധിച്ച വെളിപ്പെടുത്തലിനെത്തുടർന്ന് കൊടകര കള്ളപ്പണക്കേസിൽ തുടർ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. തുടർ അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘമാണ് കോടതിയെ സമീപിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറുചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നത്. കേസിലെ മുഖ്യസാക്ഷിയായ ധർമരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു പുറത്തുവന്നത്. ഇത് വൻ വിവാദമാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |