ചേർത്തല:പാതിവില തട്ടിപ്പുകേസിൽ റിമാൻഡിലായിരുന്ന മുഖ്യപ്രതി അനന്തുകൃഷ്ണനെ രണ്ടു ദിവസത്തേക്ക് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽവിട്ടു. പൂച്ചാക്കൽ സ്റ്റേഷനിൽ പാണാവള്ളി സ്വദേശിയായ അഡ്വ.പി.എം.റാഹില നൽകിയ പരാതിയിൽ രജിസ്റ്റർചെയ്ത കേസിലാണ് ഇയാളെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) എ.ആമിനക്കുട്ടി മുമ്പാകെ ഹാജരാക്കിയത്.
പൂച്ചാക്കലിൽ മാത്രം 750 ഓളം പരാതികളാണ് നിലവിലുളളത്.ഇതിന്റെയെല്ലാം തെളിവെടുപ്പിന്റെ ഭാഗമായാണ് സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിഅപേക്ഷ നൽകിയത്.
ഫണ്ട് എങ്ങോട്ടാണു പോയതെന്നും എൻ.ജി.ഒ സംഘടനയുടെ പങ്കുമാണ് പ്രധാനമായും അന്വേഷിക്കുന്നതെന്ന് ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി എ.സുനിൽരാജ് പറഞ്ഞു. ഇതിനൊപ്പം സാമ്പത്തികതട്ടിപ്പ് അന്വേഷണ വിഭാഗവും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽവിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പൂച്ചാക്കൽ സ്റ്റേഷനു പുറമെ ജില്ലയുടെ വിവിധ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പരാതികൾ ഉണ്ട്. ആവശ്യമെങ്കിൽ ഈ കേസുകളിലും ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.ഡിവൈ.എസ്.പിക്കൊപ്പം എസ്.ഐ.സുബിചാക്കോ,എ.എസ്.ഐ ലിസി,സി.പി.ഒ അരുൺരാജ് എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയിലെ കേസുകൾ അന്വേഷിക്കുന്നത്.
പാതിവില തട്ടിപ്പ് അന്വേഷിക്കാൻ സംസ്ഥാനത്താകെ എട്ട് അന്വേഷണ സംഘങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. പാതിവിലക്ക് സ്‌കൂട്ടർ നൽകാമെന്ന പേരിൽ സ്ത്രീകളിൽ നിന്നും 54000 മുതൽ 60000വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മെയ് മാസത്തിലാണ് ചേർത്തല താലൂക്കിൽ ഗുണഭോക്താക്കൾ സ്‌കൂട്ടറിനായി പണം നൽകിയത്.എട്ടുമാസം പിന്നിട്ടിട്ടും സ്‌കൂട്ടർ ലഭിക്കാതെ വന്നതോടെയാണ് പരാതികളുയർന്നത്.
സദുദ്ദേശത്തോടെ നടപ്പാക്കിയ പദ്ധതി സാങ്കേതിക കാരണങ്ങളാൽ താമസമുണ്ടായപ്പോൾ തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ.എൻ.ശ്രീകുമാറും,അഡ്വ.ആർ.ജയചന്ദ്രനും പറഞ്ഞു. കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കോടതി മുമ്പാകെ ജാമ്യാപേക്ഷ നൽകുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |