കണ്ണൂർ: കഞ്ചാവുമായി സിനിമാ പ്രവർത്തകൻ പിടിയിൽ. നദീഷ് നാരായണൻ എന്നയാളെയാണ് 115 ഗ്രാം കഞ്ചാവുമായി ഇന്നലെ പിടികൂടിയത്. ഇയാളെ പയ്യന്നൂർ എക്‌സൈസ് സംഘമാണ് പിടികൂടിയത്. നാളുകളായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവച്ചാണ് അറസ്റ്റിലായത്. ബൈക്കിൽ സഞ്ചരിക്കവേ എക്‌സൈസ് വളയുകയായിരുന്നു. പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തി. 'കാസർഗോൾഡ്' എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.
അതേസമയം, യുവ സംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറിനെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമീർ താഹിറിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
യുവസംവിധായകരായ ഖാലിദ് റഹ്മാൻ , അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സമീർ താഹിറിന്റെ പേരിലുള്ള ഫ്ലാറ്റിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലാണ് സമീർ താഹിറിനെ ചോദ്യം ചെയ്തത്. തുടർന്നാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
ഏഴുവർഷം മുമ്പാണ് ഈ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തതെന്നും ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ ലഹരി എത്തിച്ചതോ ഉപയോഗിച്ചതോ അറഞ്ഞില്ലെന്നുമാണ് സമീർ താഹിർ മൊഴി നൽകിയിരിക്കുന്നത്. ഒരു സിനിമാ നടനും ഈ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കാൻ എത്താറുണ്ടെന്ന് സൂചന ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |