ശ്രീനഗർ: ഇരുപത്തിയാറ് നിരപരാധികളുടെ ജീവനെടുത്തതിന് ഇന്ത്യ ഭീകരർക്ക് കൊടുത്ത തിരിച്ചടിക്ക് നൽകിയ പേര് 'ഓപ്പറേഷൻ സിന്ദൂർ' എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പേര് നൽകിയത്. ഇന്ത്യയെ സംബന്ധിച്ച് ഇത് വെറുമൊരു പേരല്ല, ഒരു സന്ദേശം കൂടിയാണ്.
സിന്ദൂർ അഥവാ വെർമില്യൺ എന്നത് വിവാഹിതരായ ഹിന്ദു സ്ത്രീകളുടെ അടയാളമാണ്. ഭർതൃമതിയായ ഹിന്ദു സ്ത്രീകൾ നെറുകയിൽ ചാർത്തുന്ന ചുവന്ന തിലകമാണ് സിന്ദൂരം. ദാമ്പത്യജീവിതത്തിൽ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.
പഹൽഗാമിൽ കർണാടക സ്വദേശി മഞ്ജുനാഥിനും നേവി ഉദ്യോഗസ്ഥനായ വിനയ് നർവാളിനും നേരെ ഭീകരർ വെടിയുതിർത്തത് ഭാര്യമാരുടെ കൺമുന്നിൽവച്ചാണ്. ഭർത്താവിനെ കൊന്നില്ലേ തന്നെയും കൂടി കൊല്ലൂവെന്ന് പറഞ്ഞ മഞ്ജുനാഥിന്റെ ഭാര്യ പല്ലവിയോട് നിന്നെ കൊല്ലില്ല, മോദിയോട് പോയ് ആക്രമണത്തെക്കുറിച്ച് പറയൂവെന്നായിരുന്നു ഭീകരർ നൽകിയ മറുപടി.
ഹണിമൂൺ ആഘോഷിക്കാനാണ് വിനയ് ഭാര്യ ഹിമാൻഷി നർവാളിനൊപ്പം കാശ്മീരിലെത്തിയത്. വെറും ആറ് ദിവസത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ഹിമാൻഷിക്ക് ഭർത്താവിനെ നഷ്ടമായത്. വിനയ് നർവാളിന്റെ മൃതദേഹത്തിനരികിൽ ഹിമാൻഷി ഇരിക്കുന്ന ചിത്രം ഏവർക്കും മറക്കാനാകാത്ത നോവായി. ദിവസങ്ങൾക്ക് ശേഷം വിനയ്‌യുടെ അനുസ്മരണ ചടങ്ങിൽ ഹിമാൻഷി പങ്കെടുത്തു, നെറുകയിൽ സിന്ദൂരമണിയാതെ....
നിരവധി സ്ത്രീകളുടെ സിന്ദൂരം മായ്ച്ചുകളഞ്ഞ ഭീകരർക്ക് തിരിച്ചടി നൽകുമ്പോൾ 'ഓപ്പറേഷൻ സിന്ദൂർ' എന്നതിനേക്കാൾ അനുയോജ്യമായ മറ്റെന്ത് പേരാണ് നൽകുകയെന്നാണ് രാജ്യമൊന്നാകെ അഭിപ്രായപ്പെടുന്നത്. മാത്രമല്ല രാജ്യത്ത് ഏറ്റവും അധികം സിന്ദൂർ കൃഷി ചെയ്യുന്ന സ്ഥലം കൂടിയാണ് കാശ്‌മീർ. അങ്ങനെ നോക്കുമ്പോഴും ഈ പേര് അനുയോജ്യം തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |