പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം തോലാനിക്കൽ ജോബി ജോസഫ് (43) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 25ന് രാത്രി ഡ്യൂട്ടി ഡോക്ടറോട് കയർക്കുകയും രോഗികളെ ചികിത്സിക്കുന്നത് തടസപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. രാത്രി 11ന് അസുഖം കൂടുതലായ രോഗിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ജോബി ഡ്യൂട്ടിയിലുണ്ടായിരുന്ന ആംബുലൻസിൽ കൊണ്ടുപോകുവാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് പ്രശ്നമുണ്ടായത്. പൊൻകുന്നം എസ്.എച്ച്.ഒ. ടി.ദിലീഷ്, എസ്.ഐ. അജി പി.ഏലിയാസ്, എ.എസ്.ഐ. ഷീനാ മാത്യു, സി.പി.ഒ. സബീർ മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |