കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജിൽ പൂട്ടിയിട്ടശേഷം കഴുത്തിൽ കത്തിവച്ച് പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാൻ ഭീഷണിപ്പെടുത്തി വസ്ത്രമഴിപ്പിച്ച് നഗ്നചിത്രവും എടുത്തു. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. കോട്ടയം പാലായിലെ പള്ളിവികാരിയായ വൈദികന്റെ പരാതിയിൽ പ്രതിയെ ഇന്നലെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ തളിപ്പറമ്പ് ആൽവിയാണ് (29) പിടിയിലാണ്.
കൊച്ചിയിലെ വിവിധ ലോഡ്ജുകളിൽ താമസിച്ച്, നഗരത്തിൽ പിടിച്ചുപറിയും മോഷണവുമായി കറങ്ങിനടക്കുന്നയാളാണ് പ്രതി. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വച്ചതിന് സെൻട്രൽ പൊലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹൈക്കോടതി പരിസരത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് എത്തിയതായിരുന്നു വൈദികൻ. തിരികെ കോട്ടയത്തേയ്ക്ക് പോകാൻ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പോകുന്നതിനിടെ ബാത്ത് റൂം ഉപയോഗിക്കാനായി ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, കഴുത്തിൽ കത്തിവച്ച് 40,000 രൂപയും ആപ്പിൾ ഐഫോണും ആപ്പിളിന്റെ തന്നെ സ്മാർട്ട് വാച്ചും കൈക്കലാക്കി. നഗ്നചിത്രം പകർത്തി. പരാതിപ്പെട്ടാൽ ചിത്രം പുറത്തുവിടുമെന്നായിരുന്നു ഭീഷണി.
പ്രതി സ്ഥലംവിട്ടതോടെ വൈദികൻ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സെൻട്രൽ സി.ഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ റെജി രാജ്, സി.പി.ഒമാരായ ഉണ്ണിക്കൃഷ്ണൻ, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫോൺ ഉപയോഗിച്ചതോടെ കുടുങ്ങി
അന്വേഷണത്തിൽ ആൽവി ഇതേ ലോഡ്ജിൽ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജിൽ നൽകിയ തിരിച്ചറിയൽ രേഖയിൽ ആൽവിയെടുത്ത സിമ്മുകളുടെ നമ്പറെടുത്തു. സ്വിച്ച് ഓഫായിരുന്നതിനാൽ തുടക്കത്തിൽ അന്വേഷണം പരുങ്ങലിലായി. വികാരിയിൽ നിന്ന് കൈക്കലാക്കിയ ഫോണിൽ ഇന്നലെ സിമ്മിട്ടതോടെ പൊലീസിന് വിവരം ലഭിക്കുകയും ടവർ ലൊക്കേഷൻ വഴി പ്രതിയെ കണ്ടെത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |