കൊച്ചി: അരയില്‍ കത്തിയൊളിപ്പിച്ച് ബൈക്കില്‍ സഞ്ചാരം. പണം തട്ടിയെടുക്കാന്‍ പട്ടാപ്പകല്‍ കത്തികാട്ടി ഭീഷണിയും ക്രൂര മര്‍ദ്ദനവും. അന്യസംസ്ഥാന തൊഴിലാളികളുടെ പേടിസ്വപ്നമായ 'മല്ലു ഗ്യാംഗ്' ഒടുവില്‍ വലയിലായി. എറണാകുളം ചേരാനെല്ലൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ കത്തിമുനയില്‍ നിറുത്തി പണം കവര്‍ന്ന കേസിലാണ് രണ്ടംഗ സംഘം അറസ്റ്റിലായത്. ചേരാനല്ലൂര്‍ കച്ചേരിപ്പടി സ്വദേശി ആന്‍സണ്‍ തിക്കോസ്റ്റ (25), തൈക്കാവ് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (57) എന്നിവരെയാണ് ചേരാനെല്ലൂര്‍ പൊലീസ് പിടികൂടിയത്.
കഴിഞ്ഞമാസം സൈക്കിളില്‍ വരികയായിരുന്ന ഒഡീഷ സ്വദേശിയെ ബൈക്കിടിച്ച് വീഴ്ത്തി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായതും ഇതേ സംഘാംഗങ്ങളാണെന്ന് പൊലീസ് പറയുന്നു. അടിപിടിയടക്കം ഏഴ് കേസുകളിലെ പ്രതിയാണ് ആന്‍സണ്‍ തിക്കോസ്റ്റ.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേരാനെല്ലൂരിലും കുന്നുംപുറത്തും ഇവര്‍ അഴിഞ്ഞാടിയത്. ചേരാനല്ലൂരിലെ പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടലിന് സമീപം പാന്‍മസാല വില്‍ക്കുന്ന അച്ചിന്‍ അലിയാണ് ആദ്യം കൊള്ളയടിക്കപ്പെട്ടത്.
ബൈക്കില്‍ എത്തിയ പ്രതികള്‍ പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് അച്ചിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലച്ചിഴച്ചുകൊണ്ടുപോയി കഴുത്തില്‍ കത്തിവച്ച് 8,000 രൂപ തട്ടിയെടുക്കുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അകത്തായത്.
ഇവര്‍ പിടിയിലായതിന് പിന്നാലെ മറ്റൊരാളെയും കൊള്ളയടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പാന്‍മസാല വില്‍ക്കുന്ന ഒഡീഷ സ്വദേശിയുടെ കൈയില്‍ നിന്ന് 3200 രൂപയാണ് കൈക്കലാക്കിയത്. ഇയാളുടെ പരാതിയിലും കേസെടുത്തു. ഒക്ടോബര്‍ 25ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഒഡീഷ സ്വദേശി ചരണനായിക്കിനെ ആക്രമിച്ച് 1000 രൂപയും മൊബൈല്‍ഫോണും കവര്‍ന്ന കേസിലാണ് സംഘത്തില്‍പ്പെട്ടവര്‍ ആദ്യം പിടിയിലായത്. വരാപ്പുഴ പള്ളിപ്പറമ്പില്‍വീട്ടില്‍ നന്ദകൃഷ്ണന്‍ (23), ചേരാനല്ലൂര്‍ സ്വദേശിയും ആന്‍സണിന്റെ ബന്ധുവുമായ പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് പിടിയിലായത്.
ലക്ഷ്യം അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രം
മദ്യപിക്കാനും കഞ്ചാവ് ഉപയോഗത്തിനുമുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതികള്‍ കത്തികാട്ടി പണം തട്ടുന്നത്. കണ്ടെയ്നര്‍ റോഡിലൂടെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പ്രദേശത്ത് ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരെയും ഉത്തരേന്ത്യക്കാരെയും മര്‍ദ്ദിച്ച് പണവും മറ്റും കവരുന്നതാണ് സംഘത്തിന്റെ രീതി. കൂട്ടമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ സമ്പാദ്യം പൊതുവേ വീട്ടില്‍ സൂക്ഷിക്കാറില്ല. മോഷണം ഭയന്ന് കൈയ്യില്‍ കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, പണം തട്ടിയാലും പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടാറില്ല. ഇതാണ് ഇവരെ ആക്രമിക്കാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |