ജാഗ്രതവേണമെന്ന് സൈബർ പൊലീസ്
കോഴിക്കോട്: വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ സന്ദേശം അയക്കുന്നവരുടെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി സെെബർ പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് വ്യാജ ചലാൻ നമ്പർ ഉണ്ടാക്കി വാട്സ് ആപ്പ് വഴിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ ലോഗോ പ്രൊഫൈലാക്കിയ വാട്സാപ്പ് അക്കൗണ്ടാണ് തട്ടിപ്പിനുപയോഗിക്കുന്നത്. ജില്ലയിൽ ഇത്തരത്തിൽ നാലോളം പരാതികളാണ് സെെബർ പൊലീസിലെത്തിയത്. പണം നഷ്ടമാകാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തരം സന്ദേശങ്ങളിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യനോ അവർ പറയുന്ന നമ്പറിലേക്ക് പണം കൈമാറാനോ പാടില്ലെന്ന് മോട്ടോർ വാഹന വകുപ്പും സെെബർ പൊലീസും മുന്നറിയിപ്പ് നൽകി.
തട്ടിപ്പ് ഇങ്ങനെ
ഔദ്യോഗിക അറിയിപ്പിന് സമാനമായ വാചക ഘടനയുള്ള സന്ദേശമാണ് വാഹന ഉടമകൾക്ക് വാട്സാപ്പിലൂടെ ലഭിക്കുന്നത്. അതും വകുപ്പിന്റെ പ്രൊഫെെൽ ഉള്ള അകൗണ്ടുകളിൽ നിന്ന്. സന്ദേശത്തിനൊപ്പം കേസിന്റെ വിശദാംശങ്ങൾ അറിയാൻ ഒരു ലിങ്ക് നൽകും. എന്നാൽ ലിങ്ക് പ്രവർത്തനക്ഷമമായിരിക്കില്ല. ഇതോടെ വിവരങ്ങൾ അറിയാൻ കഴിയുന്നില്ലെന്ന് പറഞ്ഞ് പലരും മോട്ടോർ വാഹനവകുപ്പ് അധികൃതരെ സമീപിച്ചതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്.
അറിയിപ്പ് മെസേജ് വഴി മാത്രം
ഗതാഗത നിയമ ലംഘനങ്ങൾ അറിയിക്കാൻ ആർ.ടി.ഒ ഇത്തരത്തിൽ വാട്സ് ആപ്പിൽ മെസേജുകൾ അയക്കാറില്ലെന്നും എസ്.എം.എസ് മുഖേന മാത്രമെ സന്ദേശം അയക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി. തട്ടിപ്പ് ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക
''സന്ദേശത്തിന്റെ ഉറവിടം അറിയാൻ സെെബർ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്'' ജിതേഷ്, സെെബർ പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |