പത്തനംതിട്ട: സാമൂഹ്യവിരുദ്ധ ശല്യം മൂലം മുണ്ടുക്കോട്ടയ്ക്കലിൽ ജനം പൊറുതിമുട്ടി. മദ്യപാനം, മയക്കുമരുന്ന് വില്പന, അടിപിടി, മോഷണം എന്നിവയുടെ കേന്ദ്രമാവുകയാണ് പ്രദേശം. കഴിഞ്ഞ ദിവസം വല്യയന്തി കുടിവെള്ളപദ്ധതിയുടെ 12എച്ച്.പി മോട്ടോർ കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചതാണ് അവസാന സംഭവം. രണ്ടു മാസങ്ങൾക്കിടയിൽ താന്നിക്കൽ തോമസ് കോശിയുടെ മെഷീന്റെ യന്ത്രഭാഗങ്ങളും ജെ.എം.ജെ തടത്തിൽ പി.സി റോയിയുടെ വീടിന്റെ മിന്നൽ രക്ഷാചാലകത്തിന്റെ കോപ്പർ റാഡും മോഷണം പോയി.
പത്തനംതിട്ട നഗരത്തോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മുണ്ടുകോട്ടയ്ക്കൽ. മേലേക്കാല വെയിറ്റിംഗ് ഷെഡ് ആയിരുന്നു നേരത്തെ മദ്യപസംഘം താവളമാക്കിയിരുന്നത്. ഇപ്പോൾ ഇടറോഡുകളും വിജനമായ ഇടങ്ങളും മദ്യപർ കൈയടക്കി . സന്ധ്യകഴിഞ്ഞാൽ ഈ റോഡിലൂടെ യാത്രചെയ്യാൻ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ഭയക്കുകയാണ്.
വല്യയന്തി, മേലേക്കാല, പ്ലാക്കൽ റോഡ് എന്നിവിടങ്ങളിലാണ് മദ്യപ ശല്യം രൂക്ഷം. കാറുകളിലും ബൈക്കുകളിലുമായി ഇരുട്ടുപരന്നാൽ എത്തുന്ന സംഘം പുലരുവോളം മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണ്. ഈ ഭാഗത്ത് നിരവധി വീടുകളുണ്ടെങ്കിലും പ്രായമായവരും കുട്ടികളുമാണ് മിക്കയിടത്തും . ഇക്കാരണത്താൽ ഇവർ പുറത്തേക്ക് ഇറങ്ങാൻ മടിക്കുകയാണ്.
പൊലീസ് നിരീക്ഷണം ശക്തമാക്കണം
മുണ്ടുകോട്ടയ്ക്കൽ പ്രദേശത്ത് പൊലീസിന്റെ നിരീക്ഷണം ശക്തമല്ലാത്തതാണ് സൂമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകാൻ കാരണം. വലിയ സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് പേരിനുവേണ്ടി മാത്രം ഇവിടേക്ക് എത്തുന്നത്. കുടിവെള്ള പമ്പ് സെറ്റ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചവരെ ഉടൻ കണ്ടെത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കന്നവരെ പിടികൂടാൻ പൊലീസും എക്‌സൈസും തയ്യാറാവണം.
ആൻസി തോമസ്
വാർഡ് കൗൺസിലർ
മുണ്ടുകോട്ടയ്ക്കൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |