തിരുവനന്തപുരം: വനിതകൾ ഭരണനിർവഹണം നടത്തുന്ന തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ വനിതാ ജീവനക്കാർക്ക് മാനസിക പീഡനമെന്ന് പരാതി. സഹപ്രവർത്തകരുടെ മുന്നിൽവച്ച് അനാവശ്യമായി ശകാരിച്ചതോടെ കഴിഞ്ഞ ദിവസം ഹെഡ് നഴ്സ് ശ്രീലേഖ ഓപ്പറേഷൻ തിയേറ്ററിൽ കുഴഞ്ഞുവീണു. തലയ്ക്ക് പരിക്കേറ്റ നഴ്സിന് പ്രാഥമിക ചികിത്സയുറപ്പാക്കാൻ അധികൃതർ തയ്യാറായില്ല.ഇതിൽ പ്രതിഷേധിച്ച് കേരള ഗവ.നഴ്സസ് അസോസിയേഷന്റെ (കെ.ജി.എൻ.എ) നേതൃത്വത്തിൽ ആശുപത്രിയിലെ നഴ്സുമാരും മറ്റു ജീവനക്കാരും ഇന്നലെ രാവിലെ പ്രതിഷേധിച്ചു.കെ.ജി.എൻ.എ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടിയതോടെ ഡി.എം.ഒ അന്വേഷണം തുടങ്ങി.സൂപ്രണ്ട് ഡോ.ശാന്ത,ഡെപ്യൂട്ടി സൂപ്രണ്ട് സ്വപ്ന,ആർ.എം.ഒ ഡോ.ശ്രീകല എന്നിവർക്കെതിരെയാണ് ആരോപണം.
പരാതി ഇങ്ങനെ
തിങ്കളാഴ്ച രാവിലെ ഓപ്പറേഷൻ തിയേറ്ററിന് മുന്നിലെ ഇടനാഴിയിൽ വച്ച് അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി വിച്ഛേദിക്കാൻ പോവുകയാണെന്നും ഓപ്പേറേഷൻ നിറുത്തിവയ്ക്കണമെന്നും സൂപ്രണ്ട് ഡോ.ശാന്ത ഹെഡ് നഴ്സ് ശ്രീലേഖയോട് നിർദ്ദേശിച്ചു. എന്നാൽ ശസ്ത്രക്രിയ പുരോഗമിക്കുകയാണെന്നും രോഗിയെ കൂടുതൽ സമയം ഓപ്പറേഷൻ ടേബിളിൽ കിടത്താനാകില്ലെന്നും ശ്രീലേഖ പറഞ്ഞു. ഇതോടെ സൂപ്രണ്ട് പ്രകോപിതയായി സഹപ്രവർത്തകരുടെ മുന്നിൽവച്ച് അനാവശ്യം പറഞ്ഞു. പിന്നാലെ ഓപ്പറേഷൻ തിയേറ്ററിനുള്ളിലേക്ക് കയറിയ ശ്രീലേഖ കുഴഞ്ഞ് വീഴുകയായിരുന്നു.ഓപ്പറേഷൻ ടേബിളിൽ തലയിടിച്ച് ഇവർക്ക് പരിക്കേറ്റു.സംഭവം സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും ആർ.എം.ഒ.എയെയും അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നും ആരോപണമുണ്ട്. ജീവനക്കാർ ചേർന്ന് ശ്രീലേഖയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ചികിത്സയ്ക്ക് ശേഷം ശ്രീലേഖ വീട്ടിലേക്ക് മടങ്ങി.
ഡി.എം.ഒ ആശുപത്രിയിലെത്തി
ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടിയതോടെ അന്വേഷണത്തിനായി ഡി.എം.ഒ ഡോ.ബിന്ദു മോഹൻ ആശുപത്രിയിൽ നേരിട്ടെത്തി ജീവനക്കാരുമായി സംസാരിച്ചു. പിന്നാലെ ആരോപണവിധേയരെ ഡി.എം.ഒ ജില്ലാ മെഡിക്കൽ ഓഫീസിൽ വിളിച്ചുവരുത്തി വിശദീകരണം തേടി.റിപ്പോർട്ട് ഉടൻ ഡയറക്ടർക്ക് നൽകും.
തൊഴിലെടുക്കാൻ സൗകര്യമൊരുക്കണം: കെ.ജി.എൻ.എ
ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും സമ്മർദ്ദമില്ലാതെ തൊഴിലെടുക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്ന് കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് പറഞ്ഞു. തൈക്കാട് ആശുപത്രിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൈക്കാട് ഏരിയാ സെക്രട്ടറി ജിൻസി,യൂണിറ്റ് സെക്രട്ടറി ബിന്ദു,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഷീജ,ശ്രീജാമോൾ,വിജയകുമാരി,യൂണിറ്റ് ഭാരവാഹികളായ സുമ,ശ്രീലത,ദീപ തുടങ്ങിയവർ സംസാരിച്ചു.
ഓപ്പറേഷൻ സമയം വൈദ്യുതി ബന്ധം വിച്ഛേദിക്കാനാകില്ലെന്നിരിക്കെ തന്നെ കുറ്റക്കാരിയാക്കുന്ന തരത്തിൽ സഹപ്രവർത്തകരുടെയും രോഗികളുടെയും മുന്നിൽ വച്ച് അപമാനിച്ചു.
ശ്രീലേഖ,ഹെഡ് നഴ്സ്
അഞ്ചുമിനിട്ട് വൈദ്യുതി ഓഫാക്കുമെന്ന വിവരം ഹെഡ് നഴ്സിനെ നേരത്തെ അറിയിച്ചെങ്കിലും അവർ അത് ഡോക്ടർമാരെ അറിയിച്ചില്ല. എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
-ഡോ.ശാന്ത
ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |