അടിമാലി: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, മൂന്നു പേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങൻചേരി എസ് എസ് കോട്ടേജ് സജീദ്(36) കൊല്ലം കൊട്ടിയം കമ്പിവിള , തെങ്ങ് വിള മുഹമ്മദ്ഷാ( 23 ) കൊല്ലം തഴുത്തല ഉമയനെല്ലൂർ പേരയം, മുണ്ടന്റഴിക അൻഷാദ് (37) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നതിങ്ങനെ: മൂന്നാർ സന്ദർശനത്തിനെത്തിയ പ്രതികൾ ചീയപ്പാറയിൽ കരിക്ക് വിൽപ്പന നടത്തുകയായിരുന്ന അടിമാലി മന്നാം കലാ കല്ലുവെട്ടിക്കുഴി ഷാജഹാനെ (33)നെ പരിചയപ്പെടുന്നത്. ഫെബ്രുവരിയിൽ വിയറ്റ്നാമിൽ 80000 രൂപ ശമ്പളത്തിൽ ഡി ടി പി ഓപ്രേറ്ററായി ജോലി വാഗ്ദനം ചെയ്ത 2 ലക്ഷം രൂപ വാങ്ങി വിസിറ്റിംഗ് വിസയിൽ വിയറ്റ്നാമിൽ എത്തിച്ചു.അവിടെ വെച്ച് ചൈനാക്കാർക്ക് ഇയാളെ വില്പന നടത്തി. ഷാജഹാനെ ചൈനാക്കാർ വിയറ്റ്നാമിൽ നിന്ന് വ്യാജരേഖകൾ സംഘടിപ്പിച്ച് കമ്പോഡിയയിൽ എത്തിച്ച ശേഷം ഓൺലൈൻ തട്ടിപ്പ് ജോലി ചെയ്യാൻ നിർബ്ബന്ധിക്കുകയായിരുന്നു. വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടുന്നതായിരുന്നു രീതി. അവിടെ സമാന രീതിയിൽ എത്തിയ മറ്റ് മലയാളികളും ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്നു. തട്ടിപ്പ് ജോലി ചെയ്യാതെ ഇരുന്നാൽ മുറിയിൽ പൂട്ടിയിടുകയും ശമ്പളം നൽകാതിരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ഷാജഹാൻ വീട്ടിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ഷാജഹാന്റെ ഭാര്യ മാതാവ് അടിമാലി പൊലീസിൽ കഴിഞ്ഞ മേയ് മാസത്തിൽ പരാതി നൽകി തുടർന്ന് ഷാജഹാൻ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നാട്ടിൽ തിരിച്ചെത്തി. നാട്ടിൽ എത്തിയ ഷാജഹാൻ ദുബായിൽ ജോലിക്കായി പോവുകയും ചെയ്തു. സമാന രീതിയിലുള്ള കേസ്സുകൾ സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളിലും രജിസ്ടർ ചെയ്തതിനെ തുടർന്ന് എ.ഡി.ജി.പി യുടെ നിർദ്ദേശപ്രകാരം അടിമാലി സി.ഐ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഒന്നാം പ്രതി സജീദിനെ പാങ്ങോട് നിന്നും രണ്ടാം പ്രതി മുഹമ്മദ് ഷായെ കൊട്ടിയത്തു നിന്നും മൂന്നാം പ്രതി അൻഷാദിനെ വിഴിഞ്ഞത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ സമാന മനുഷ്യക്കടത്ത് നടത്തിയതിൽ ബാലരാമപുരം, അഞ്ചാലുംമൂട് അടക്കമുള്ള സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസ്സുകൾ ഉണ്ട്. പ്രതികളെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സി.ഐ പ്രിൻസ് ജോസഫ് , എ എസ് ഐ ഷാജി, എസ്സ് സി പി ഒ നിഷാദ്, സി പി ഒ അജീസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |