ചേർത്തല: ചേർത്തല നഗരത്തിലെ ഡോക്ടർദമ്പതികളിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 7.65കോടി തട്ടിയ സംഘത്തിലെ പ്രധാന പ്രതികളിലൊരാൾ പിടിയിൽ. രാജസ്ഥാൻ പാലി സ്വദേശി നിർമ്മൽ ജയിനെയാണ് (22) ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഓൺലൈൻ തട്ടിപ്പു നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ടുബന്ധമുള്ള ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ് നിർമ്മൽ ജയിൻ. അറസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ.
ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സുനിൽരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്.ഐമാരായ ടി.ഡി.നെവിൻ,മോഹൻകുമാർ,എ.എസ്.ഐ വി.വി.വിനോദ്,സി.പി.ഒ മാരായ രഞ്ജിത്ത്,സിദ്ദിഖുൽ അക്ബർ എന്നിവർ ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലി ജില്ലയിലെ ജോജോവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.
2022മുതൽ ഓൺലൈൻ തട്ടിപ്പു രംഗത്തു സജീവമായ നിർമ്മൽ ജയിൻ ആദ്യമായാണ് അറസ്റ്റിലാകുന്നതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഇയാൾക്ക് പത്തോളം ബാങ്കുകളിൽ അക്കൗണ്ടുള്ളതായും നിരവധി വ്യാജ ഇ-മെയൽ ഐ.ഡികൾ ഉണ്ടാക്കിയിട്ടുള്ളതായും തെളിഞ്ഞു.
സംസ്ഥാനത്തെ വമ്പൻ തട്ടിപ്പ്
ജൂണിലാണ് ഓഹരിവിപണിയിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത് സംഘം പണം തട്ടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പായാണ് ഇതു കണക്കാക്കുന്നത്. കേസിലെ പ്രധാനിയായ മഹാരാഷ്ട്ര സ്വദേശി ഭഗവാൻ റാമിനെയും ക്രൈംബ്രാഞ്ച് നേരത്തെ പിടികൂടിയിരുന്നു. കേസിൽ ആദ്യ അന്വേഷണം നടത്തിയിരുന്ന ചേർത്തല പൊലീസ് ഏതാനും പ്രതികളെ പിടികൂടിയിരുന്നു.
ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ.മാരായ അഗസ്റ്റ്യൻ വർഗീസ്,സജി കുമാർ(സൈബർ സെൽ),സുധീർ.എ., എസ്.സി.പി.ഒ. ബൈജു മോൻ,സി.പി.ഒ. ആന്റണി ജോസഫ് എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |