ചേർപ്പ്: ഡയറി എഴുതാത്ത അഞ്ചുവയസുകാരനെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിച്ച കേസിൽ ഒളിവിൽ കഴിയുന്ന അദ്ധ്യാപികയ്ക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്. കുരിയച്ചിറ സെന്റ് ജോസഫ് യു.പി സ്‌കൂളിലെ അദ്ധ്യാപിക മുളങ്കുന്നത്തുകാവ് തിരൂർ സ്വദേശിനി സെലിനെ കണ്ടെത്താൻ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. എന്നാൽ അദ്ധ്യാപിക മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തുന്നതായാണ് ലഭ്യമാകുന്ന സൂചന.
ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്ന കേസുകളിൽ ചുമത്തുന്ന ബി.എൻ.എസ് 118 (1) വകുപ്പ് ചുമത്തിയാണ് നെടുപുഴ പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇവരെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ അധിക്തർ അറിയിച്ചു. ബോർഡിൽ അദ്ധ്യാപിക എഴുതിക്കൊടുത്ത പാഠങ്ങൾ ഡയറിയിൽ പകർത്തിയൊഴുതാൻ അഞ്ച് വയസുകാരൻ വൈകി യെന്നാരോപിച്ചാണ് കുട്ടിയുടെ ഇരുകാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഒരാഴ്ച മുൻപായിരുന്നു സംഭവം.
സംഭവം നടന്ന് ഒരാഴ്ചയായിട്ടും അദ്ധ്യാപികയെ അറസ്റ്റ് ചെയ്യാത്തത് പൊലീസ് മാനേജ്‌മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് കുടുംബം ആരോപിച്ചു. അദ്ധ്യാപികയ്‌ക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനും പരാതി നൽകി. അദ്ധ്യാപികയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പുറത്തുനിന്നും പൂട്ടിയ നിലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |