കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം വിചാരണ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയുടേതാണ് തീരുമാനം.
ഡിസംബർ 12നാണ് കേസ് തുറന്ന കോടതിയിൽ വാദംകേൾക്കണമെന്ന് വിചാരണ കോടതിയിൽ നടി ആവശ്യം ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിന് എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകുകയായിരുന്നു.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്.
.2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം അടുത്തിടെ സുപ്രീകോടതി ജാമ്യം അനുവദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |