കുടയത്തൂർ: കുടയത്തൂർ, കോളപ്ര മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണം. ഇന്നലെ പുലർച്ചെ രണ്ടിന് ശേഷമാണ് കോളപ്ര ഹൈസ്‌കൂൾ ജങ്ഷനിലുള്ള കല്ലംമാക്കൽ സ്റ്റോഴ്സ്, കുടയത്തൂർ ബാങ്ക് ജങ്ഷനിലുള്ള പൊന്നൂസ് ബേക്കറി, പച്ചക്കറികട, ഡാഫോഡിൽസ് ഫാമിലി ഷോപ്പ് എന്നിവിടങ്ങളിൽ മോഷണം നടന്നത്. എല്ലായിടത്തും സ്ഥാപനങ്ങളുടെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കല്ലംമാക്കൽ സ്റ്റോഴ്സിൽ നിന്ന് 800 രൂപയും പച്ചക്കറി കടയിൽ നിന്ന് 700 രൂപയും ഡാഫോഡിൽസ് ഫാമിലി ഷോപ്പിൽ നിന്ന് മൂവായിരത്തോളം രൂപയും നഷ്ടമായി. പൊന്നൂസ് ബേക്കറിയിൽ പണം സൂക്ഷിച്ചിട്ടില്ലായിരുന്നു. മറ്റ് സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കോളപ്ര, ശരംകുത്തി, കുടയത്തൂർ സരസ്വതി സ്‌കൂൾ ജങ്ഷൻ എന്നിവിടങ്ങളിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകളെല്ലാം ഊരി മാറ്റിയതിന് ശേഷമാണ് മോഷ്ടാക്കൾ പ്രദേശത്ത് എത്തിയത്. കോളപ്രയിലെ ട്രാൻസ്‌ഫോർമറിലെ എബി സ്വിച്ചിന്റെ ലിവർ താഴ്ത്തിയ നിലയിലായിരുന്നു. സരസ്വതി സ്‌കൂൾ ജങ്ഷനിലെ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ സമീപത്തെ തോട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെയായതിനാൽ വൈദ്യുതി മുടങ്ങിയത് ജനങ്ങൾ അറിഞ്ഞില്ല. രാവിലെ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധയിലാണ് ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരി മാറ്റിയ നിലയിൽ കണ്ടത്. തിങ്കളാഴ്ച രാവിലെ തന്നെ വൈദ്യുതി വകപ്പ് ജീവനക്കാർ എത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന സി.സി ടി.വി ക്യാമറകളിൽ മോഷ്ടാക്കളുടെ മുഖം പതിയാതിരിക്കാൻ ദിശ മാറ്റിയ നിലയിലാണ്. കുടയത്തൂരിലെ തടിമില്ലിൽ നിന്ന് മോഷ്ടിച്ച കമ്പി ഉപയാഗിച്ചാണ് വ്യാപാര സ്ഥാപനങ്ങളിലെ താഴ് തകർത്തതെന്ന് കരുതുന്നു. കാഞ്ഞാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |