ഹരിപ്പാട്: അന്യസംസ്ഥാന സംഘം വിമുക്തഭടന്റെ പെൻഷൻ തുക ഫോൺ മുഖേന തട്ടിയതായി പരാതി. പള്ളിപ്പാട് അകംകുടി ബാബു കോട്ടേജിൽ യോഹന്നാന്റെ പണമാണ് നഷ്ടപ്പെട്ടത്. 28ന് രാവിലെ യോഹന്നാന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. പെൻഷൻ സെല്ലിൽ നിന്നാണ് വിളിക്കുന്നതെന്നും കുടിശിക ഇനത്തിൽ തുക അക്കൗണ്ടിലേക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പെൻഷൻ വരുന്ന അക്കൗണ്ട് നമ്പരും എ.ടി.എം നമ്പരും പിൻ നമ്പരും നൽകി. വിളിച്ച വ്യക്തി ഹിന്ദിയിലാണ് സംസാരിച്ചത്. അടുത്ത ദിവസം എ.ടി.എം കൗണ്ടറിൽ നിന്ന് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഹരിപ്പാട് കച്ചേരി ജംഗ്ഷനിലുള്ള എസ്.ബി.ഐ ശാഖയിലെത്തി പരാതി നൽകി. അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി അറിയുന്നത്. ഈ മാസത്തെ പെൻഷൻ തുകയാണ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. യോഹന്നാൻ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |