കൊച്ചി: സ്‌കൂൾ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചതിന് കാരണം സഹപാഠികളുടെ ക്രൂരമായ റാഗിങെന്ന ആരോപണവുമായി മാതാപിതാക്കൾ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതം മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ഈ മാസം 15നാണ് തൃപ്പൂണിത്തുറയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന മിഹിർ അഹമ്മദ് (15) ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. ചോറ്റാനിക്കരയ്‌ക്കടുത്ത് തിരുവാണിയൂരുള്ള ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മിഹിർ. കുട്ടിയെ സ്‌കൂൾ ബസിൽ വച്ച് സഹപാഠികൾ ക്രൂരമായി മർദിച്ചു. വാഷ്‌റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്‌ത്തിവച്ച് ഫ്ലഷ് അമർത്തി. തുടർന്നുണ്ടായ മാനസിക - ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാവിന്റെ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഇവർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
ജനുവരി 15ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങൾ പുറംലോകം അറിയണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഇതിന് മുതിരുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവച്ചിട്ടുള്ളത്.
കുറിപ്പിൽ പറഞ്ഞിരിക്കുന്നത്:
'വീട്ടമ്മയും സംരംഭകയും 15കാരനായ മിഹിറിന്റെ മാതാവുമായ ഞാൻ തൃപ്പൂണിത്തുറയിൽ സന്തുഷ്‌ട കുടുംബജീവിതം നയിച്ചുവരികയായിരുന്നു. സ്‌കൂൾ കഴിഞ്ഞ് മടങ്ങിയെത്തിയ എന്റെ മകൻ ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് ഞങ്ങൾക്ക് ലഭിച്ചത്. മൂന്ന് മാസം മുമ്പാണ് മിഹിർ പുതിയ സ്‌കൂളിൽ ചേർന്നത്. ചില സഹപാഠികളും സുഹൃത്തുക്കളുമാണ് അവന് കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നുവെന്ന് ഞങ്ങളെ അറിയിച്ചത്. നിസ്സഹായ ഘട്ടത്തിലാണ് അവൻ ജീവനൊടുക്കിയത് എന്നതിനുള്ള തെളിവുകളും ഞങ്ങൾക്ക് ലഭിച്ചു. എന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രിയപ്പെട്ട മകന്റെ ജീവന്‍ അപഹരിച്ച കേസിലെ മുഴുവന്‍ പ്രതികളെയും എത്രയും വേഗം നിയമത്തിന് മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ നല്‍കണമെന്നതാണ് ഒരു മാതാവെന്ന നിലയില്‍ എന്റെ ആവശ്യം. അതിനുവേണ്ടി സാദ്ധ്യമായ എല്ലാ നിയമപോരാട്ടവും നടത്താനാണ് തീരുമാനം. '
സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം കൂടി ചേർത്താണ് അന്വേഷണം നടത്തുന്നതെന്ന് ഹിൽപ്പാലസ് എസ്‌ഐ അനില അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളിലെ കുട്ടികളെ പൊലീസ് നേരിൽ കണ്ടിരുന്നു. എന്നാൽ, പരീക്ഷ നടക്കുന്നതിനാൽ വിശദമായ അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |