ചാലക്കുടി: ആന്ധ്രയിൽ നിന്നും പെരുമ്പാവൂരിലേക്ക് ആഡംബര കാറിൽ കൊണ്ടുവന്ന 60 കിലോ കഞ്ചാവ് കൊരട്ടിയിൽ വച്ച് പൊലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. എറണാകുളം തൃക്കാക്കര നോർത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പിൽ ഷമീർ ജെയ്‌നു (41) വിനെയാണ് ചാലക്കുടി ഡിവൈ.എസ്.പി: ടി.എസ്. സിനോജ്, ഡാൻസാഫ് ഡിവൈ.എസ്.പി ഷാജ് ജോസ് എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
പജേറോ കാറിൽ കഞ്ചാവുമായി വരവേ പുതുക്കാട് വച്ച് പൊലീസ് പിന്തുടരുന്നതായി മനസിലാക്കിയ സംഘം അമിതവേഗതയിൽ ആറുവരിപ്പാതയിലൂടെയും ഇടവഴികളിലൂടെയും പാഞ്ഞെങ്കിലും പൊലീസ് കൊരട്ടിയിൽ വച്ച് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട് കാറിലുണ്ടായിരുന്ന യുവാവ് കാർ നിറുത്തുന്നതിനു മുമ്പേ ചാടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത കഞ്ചാവിന് മാർക്കറ്റിൽ 10 ലക്ഷം വില വരും. ഡോറിനുളളിലും സീറ്റിനുള്ളിലും പ്രത്യേക രഹസ്യ അറകളിലുമായി പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരായ ബി.കെ. അരുൺ, വി.ജി. സ്റ്റീഫൻ, ബിന്ദുലാൽ പി.ബി, ഷിഹാബ് കുട്ടശ്ശേരി, തോമസ് കെ.ടി, റെജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |