തൃശൂർ: ആംബുലൻസ് ദുരുപയോഗം ചെയ്തുവെന്ന പരാതിയിൽ സുരേഷ് ഗോപി എംപിക്കെതിരെ അന്വേഷണം. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായതുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിനായി സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിനെതിരെയാണ് പരാതി. സംഭവത്തിൽ തൃശൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷാണ് പരാതി നൽകിയത്. സുമേഷിന്റെ മൊഴി എസിപി രേഖപ്പെടുത്തിയിരുന്നു. ചടങ്ങുകൾ അലങ്കോലമായെന്ന് പറഞ്ഞ് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെ പ്രശ്‌നം പരിഹരിക്കുന്നതിനായി സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിലിരുന്ന് വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത മേഖലയിൽ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റ് ചടങ്ങുകളിലൊന്നിലും പങ്കെടുത്തില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.
പൂരത്തിന്റെ പരമ്പരാഗത രീതിക്ക് ഭംഗം വന്നതിന് പിന്നിൽ പ്ലാൻ നടന്നിട്ടുണ്ടെന്നാണ് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചത്. 'പൂരം കുളമാക്കിയതിന് പിന്നിൽ പ്ലാനുണ്ട്, ഗൂഢാലോചനയുണ്ട്. വെടിക്കെട്ട് തടസപ്പെട്ടപ്പോൾ എന്നെ വിളിച്ചുവരുത്തിയതാണ്. രണ്ട് മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. എന്നെ ബ്ലോക്ക് ചെയ്‌തതിനാൽ സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നത്. ഏത് പാർട്ടിയുടെ ഇടപെടൽ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെ. ഇതേ കമ്മീഷണറെ നിർത്തി മര്യാദക്ക് പൂരം നടത്തി കാണിക്കണം. തിരുവമ്പാടി ദേവസ്വത്തിൽ നിന്നാണ് എന്നെ വിളിച്ചത്. കൂടുതൽ തല്ല് കൊള്ളാതിരിക്കാൻ നിർത്തിപ്പോവുക എന്നാണ് പൊലീസ് പറഞ്ഞത്. കമ്മീഷണർ തനിക്ക് ലഭിച്ച നിർദേശമാണ് പാലിച്ചത്. ചുമ്മാ അടുക്കള വർത്താനം പറയരുത്.' - എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |