പത്തനംതിട്ട: ആന്താലിമണ്ണിൽ ദമ്പതികൾ യുവാക്കളെ അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചരൽക്കുന്ന് സ്വദേശികളായ ജയേഷും രശ്‌മിയുമാണ് പൊലീസ് പിടിയിലായത്. യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കിയാണ് ദമ്പതികൾ മർദ്ദിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാലിവർ ആഭിചാരകർമ്മങ്ങൾ നടത്തുന്നതിനുവേണ്ടിയാണ് മർദ്ദിച്ചതെന്നാണ് യുവാക്കളിലൊരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ജയേഷും മർദ്ദനത്തിനിരയായ ഒരു യുവാവും രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഈ സൗഹൃദത്തിന്റെ പേരിലാണ് ജയേഷ് യുവാവിനെ ഓണത്തിന് വീട്ടിലേക്ക് ക്ഷണിച്ചത്. മുളകുസ്‌പ്രേ മുഖത്തടിച്ച് വീട്ടിലെ മുറിയിലെത്തിച്ച് കെട്ടിത്തൂക്കിയാണ് ദമ്പതികൾ മർദ്ദിച്ചതെന്നാണ് യുവാവ് പറയുന്നത്. 'നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരം മുഴുവനും സ്റ്റേപ്ലർ അടിച്ചു. ജയേഷ് മുൻപ് എന്നോടൊപ്പം ജോലി ചെയ്തിരുന്നു. സുഹൃത്തുക്കളെ ക്ഷണിക്കുന്നപോലെ ഓണത്തിന് എന്നെ വീട്ടിലേക്ക് വിളിച്ചതാണ്.
മർദ്ദനത്തിന് മുൻപ് ആഭിചാരകർമങ്ങൾ ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും കൊല്ലുമെന്നും നഗ്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ജയേഷ് പറഞ്ഞു. ഇലന്തൂർ നരബലി നടന്നതുപോലെയായിരുന്നു അവരുടെ വീട്. ബാധ കയറുന്നതുപോലെയാണ് അവർ സംസാരിച്ചത്. പല ഭാഷകളിലും സംസാരിച്ചു. അലങ്കോലമായി കിടക്കുന്ന തരത്തിലായിരുന്നു വീട്. ക്രഷറിയിലായിരുന്നു ജയേഷ് ജോലി ചെയ്തിരുന്നത്. ഭാര്യയെ കൊണ്ടാണ് ജയേഷ് ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിൻ അടിപ്പിച്ചത്. ഇതിനു പിറകിൽ കൂടുതൽ ആളുകളുണ്ടെന്ന് സംശയമുണ്ട്. സംഭവസമയത്ത് അയാൾ ഫോണിൽ മറ്റൊരു വ്യക്തിയുമായി സംസാരിക്കുന്നുണ്ടായിരുന്നു'- യുവാവ് പറഞ്ഞു.
അതേസമയം, ആക്രമണത്തിനിരയായ രണ്ടാമത്തെ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി ഇയാളുടെ പിതാവ് പറഞ്ഞു. മകന്റെ ശരീരത്തിൽ ബ്ലേഡ് കൊണ്ട് വരഞ്ഞെന്നും ശരീരം മുഴുവൻ സ്റ്റേപ്ലർ പിൻ അടിച്ചുകയറ്റിയെന്നും പിതാവ് പറഞ്ഞു.
ഇന്ന് രാവിലെയാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുളള സംഭവങ്ങൾ പുറത്തുവന്നത്. ദമ്പതികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. യുവാക്കൾ ചികിത്സയിലായിരുന്ന ആശുപത്രികളിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |