തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ അഫാൻ (23) മുമ്പും വിഷം കഴിച്ചിരുന്നതായി വിവരം. എട്ട് വർഷം മുമ്പായിരുന്നു സംഭവം. മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിന്റെ പേരിൽ എലിവിഷം കഴിച്ചാണ് പ്രതി അന്ന് ജീവനൊടുക്കാൻ ശ്രമിച്ചത്. അന്നും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്നലെ കൂട്ടക്കൊലപാതകം നടത്തിയ ശേഷവും പ്രതി എലിവിഷം കഴിച്ചിരുന്നു. തുടർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കും വൈകിട്ട് ആറിനും ഇടയിലാണ് കൊലപാതകങ്ങൾ നടന്നത്. സഹോദരൻ, പെൺസുഹൃത്ത്, പിതൃമാതാവ്, പിതൃസഹോദരൻ, ഭാര്യ എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ച മാതാവ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പിതൃമാതാവ് സൽമ ബീവിയെയാണ് അഫാൻ ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തി. തിരികെ സ്വന്തം വീട്ടിലെത്തി പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തുകയായിരുന്നു.
ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയായിരുന്നു. കൊല്ലപ്പെട്ടെന്ന് കരുതി ഷെമിയെ മുറിയിലിട്ട് പൂട്ടിയ ശേഷമായിരുന്നു പിതൃമാതാവിനെ കൊലപ്പെടുത്താൻ പോയത്. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വലിയ ചുറ്റിക ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. മൃതദേഹങ്ങളുടെ തലയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |