തിരുവനന്തപുരം: വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാൻ പലപ്പോഴും അടുത്ത ബന്ധുക്കളോട് പണവും സ്വർണവും ആവശ്യപ്പെടാറുണ്ടെന്ന് വിവരം. പണയം വയ്‌ക്കാൻ സ്വർണമാല ചോദിച്ച് രണ്ട് ദിവസം മുൻപും അഫാൻ വീട്ടിൽ വന്നിരുന്നെന്ന് കൊല്ലപ്പെട്ട വല്യുമ്മ സൽമാബീവിയുടെ മൂത്തമകൻ ബദറുദീൻ പറഞ്ഞു.
'ഇന്നലെ 5.30നാണ് ഞാൻ ഉമ്മ മരിച്ചത് അറിയുന്നത്. ഇടക്ക് അഫാൻ വന്ന് സ്വർണവും പണവും ചോദിക്കാറുണ്ട്. രണ്ടാഴ്ച മുൻപ് സൽമാബീവിയുടെ സ്വർണമോതിരം അഫാൻ വാങ്ങിയിരുന്നു. രണ്ടുദിവസം മുൻപാണ് വീണ്ടും സ്വർണമാല പണയം വയ്ക്കാൻ ആവശ്യപ്പെട്ട് എത്തിയത്. എന്നാൽ ആ മാല താൻ മരിക്കുമ്പോൾ സംസ്കാരച്ചടങ്ങുകൾ നടത്താനുള്ള ചെലവിന് വേണ്ടിയുള്ളതാണെന്നും ആർക്കും തരില്ലെന്നുമാണ് ഉമ്മ പറഞ്ഞത്. അത് ഒരു ചെറിയ മാല ആയിരുന്നു',- ബദറുദീൻ പറഞ്ഞു.
ഇന്നലെ രാവിലെ എട്ട് മണിയോടെ അഫാൻ വീണ്ടും സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നുവെന്നാണ് വിവരം.രാവിലെ 11 മണിക്ക് പിരിവിനായി പള്ളിക്കാർ വന്നപ്പോൾ അഫാൻ അവിടെ ഉണ്ടായിരുന്നില്ല. വെെകിട്ട് അഞ്ച് മണിയോടെ മൂത്ത മകൾ വീട്ടിൽ എത്തിയപ്പോഴാണ് സൽമാബീവിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഈ സമയതാണ് അഫാൻ ആറുപേരെ കൊന്നുവെന്ന് അവകാശപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. ആവശ്യപ്പെട്ട സ്വർണവും പണവും കിട്ടാത്തതിലുള്ള വെെരാഗ്യമാണ് ഈ കൊടും ക്രൂരതയിലേക്ക് നയിച്ചതെന്നാണ് അനുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |