നിക്കോഷ്യ (സൈപ്രസ്): യാത്രക്കാരൻ മദ്യലഹരിയിലായതിനെത്തുടർന്ന് വിമാനം ഗ്രീസിലേക്ക് വഴിതിരിച്ചുവിട്ടു. ഇതുമൂലം യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. ഇന്നലെ എഡിൻബർഗ് വിമാനത്താവളത്തിൽ നിന്ന് ലാർനാക്കയിലേക്ക് പുറപ്പെട്ട "LS721" എന്ന വിമാനത്തിലാണ് സംഭവം.
വിമാനയാത്രയ്ക്കിടെ ഒരാൾ മദ്യപിക്കുകയും സഹയാത്രികരോട് മോശമായി പെരുമാറുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെ ശല്യം മൂലം പൈലറ്റുമാർ വിമാനം ഗ്രീക്ക് വൻകരയിലെ തെസ്സലോനിക്കിയിലേക്ക് തിരിച്ചുവിടാൻ നിർബന്ധിതരായി. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ശല്യക്കാരനായ യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.
തനിക്ക് പെട്ടന്ന് സർവീസ് ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ ബഹളം തുടങ്ങിയതെന്ന് സഹയാത്രികൻ വ്യക്തമാക്കി. അയാൾ കോൾ ബട്ടൺ അമർത്തിക്കൊണ്ടുതന്നെ ജീവനക്കാരുടെ നേരെ വിരൽ ചൂണ്ടിക്കൊണ്ടിരുന്നു.
എന്നാൽ പതിയെപ്പതിയെ ഇയാൾ അക്രമാസക്തമായി പെരുമാറാൻ തുടങ്ങി. തുടർന്ന് മറ്റ് യാത്രക്കാർ ഇടപെട്ട് ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചു. ഇന്നലെ പ്രാദേശിക സമയം രാത്രി 10.00 ന് വിമാനം ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു.
എന്നാൽ അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് വിമാനം തെസ്സലോനിക്കിയിൽ നിന്ന് ലാർനാക്കയിലേക്ക് പുറപ്പെട്ടതെന്നാണ് വിവരം. ഒടുവിൽ പുലർച്ചെ രണ്ട് മണിയോടെ യാത്രികർ ലക്ഷ്യസ്ഥാനത്തെത്തി.
വഴിതിരിച്ചുവിടേണ്ടിവന്നതിനാൽ 80,000 പൗണ്ട് വരെയാണ് എയർലൈൻസിന് അധിക ചെലവ് വന്നത്. പ്രശ്നക്കാരനായ യാത്രക്കാരനെതിരെ അധികൃതർ നിയമ നടപടി സ്വീകരിച്ചേക്കുമെന്നാണ് വിവരം. പിഴ ശിക്ഷയോ വിലക്കോ നേരിടേണ്ടി വന്നേക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |