
കൊളംബോ: ന്യൂസിലൻഡ് സ്വദേശിനിയോട് ലൈംഗികാതിക്രമം കാട്ടിയ ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പ്രതി അറസ്റ്റിലായത്. സോളോ ട്രിപ്പുകൾ ചെയ്യുന്ന യുവതി തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇൻസ്റ്റയിൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെയാണ് 23കാരനെ അറസ്റ്റ് ചെയ്‌തത്. യുവതി പങ്കുവച്ച വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശ്രീലങ്കൻ യാത്രയുടെ നാലാം ദിവസമാണ് യുവതിക്ക് മോശം അനുഭവമുണ്ടായത്. 'സൂര്യോദയത്തിൽ നീന്തൽ കഴിഞ്ഞ് വളരെ പോസിറ്റീവായാണ് കാഴ്‌ചകൾ കാണാനിറങ്ങിയത്. പക്ഷേ, ഒരാൾ എന്നെ പിന്തുടരാൻ തുടങ്ങി. അയാളുടെ പെരുമാറ്റം വളരെ അസ്വസ്ഥമായി തോന്നി. ഞാൻ ഒന്ന് വിശ്രമിക്കാനും വെള്ളം കുടിക്കാനുമായി നിന്നപ്പോൾ അവൻ അവിടെയുമെത്തി. അയാളുടെ സ്‌കൂട്ടറിൽ നിന്നിറങ്ങി എന്നോട് സംസാരിക്കാൻ വന്നു. സൗഹൃദപരമായാണ് വരുന്നതെന്ന് കരുതി ഞാൻ സംസാരിക്കാൻ അനുവദിച്ചു.
പക്ഷേ, അയാളുടെ ഉദ്ദേശം മോശമായിരുന്നു. ഞാൻ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. ഇയാൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് വ്യക്തമായി. ശേഷം അയാൾ എന്നോട് ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞു. ശേഷം സ്വയംഭോഗം ചെയ്യാൻ തുടങ്ങി. ഉടൻതന്നെ ഞാനൊരു ഓട്ടോയിൽ കയറി അവിടെനിന്നും പോയി. അതിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്ന സ്‌ത്രീക്ക് അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളാണിത്. ഇക്കാര്യം പുറംലോകത്തെ അറിയിക്കണോ എന്ന് ഞാൻ ഒരുപാട് ചിന്തിച്ചു.
പക്ഷേ, നിങ്ങൾ അറിയണം. പ്രത്യേകിച്ച് യാത്രകൾ ഇഷ്‌ടപ്പെടുന്ന സ്‌ത്രീകൾ. യാത്രകൾ എപ്പോഴും മനോഹരമായ കാഴ്‌ചകളും സന്തോഷങ്ങളും മാത്രമല്ല നൽകുന്നത്. ഈ ഒറ്റ സംഭവം കൊണ്ട് ആരും ശ്രീലങ്കയെ നിർവചിക്കരുത്. അവിടെ ഞാൻ കണ്ടുമുട്ടിയ പലരും വളരെ ദയയും സഹായമനസ്‌തകയും ഉള്ളവരാണ്. ഞാൻ കണ്ട പുരുഷൻ ഒരു രാജ്യത്തിന്റെ പ്രതിഫലനമല്ല. ഈ അനുഭവം മുന്നോട്ടുള്ള എന്റെ യാത്രയെ ബാധിക്കില്ല. ധൈര്യമായി തന്നെ മുന്നോട്ടുപോകും ' - യുവതി വീഡിയോയിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |