ലൂസിഫർ ഷൂട്ടിംഗ് സമയത്തുള്ള രസകരമായ ഓർമ്മ പങ്കുവച്ച് നടൻ ആദിൽ ഇബ്രാഹിം. ആ സീനിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ പൃഥ്വിരാജ് തന്നെ വിരട്ടിയതാണ് ഓർമ്മ വരുന്നതെന്ന് ആദിൽ പറയുന്നു. ലൂസിഫറിലേത് വളരെ ചെറിയ കഥാപാത്രമായിരുന്നെങ്കിലും അത്രയും വലിയൊരു സിനിമയിലേക്ക് അവസരം വന്നപ്പോൾ സ്വീകരിക്കുകയായിരുന്നുവെന്ന് ആദിൽ പറഞ്ഞു.
''പൃഥ്വിരാജിനോട് എനിക്ക് വളരെ വലിയ ബഹുമാനമാണുള്ളത്. നയൻ എന്ന സിനിമയിലാണ് അദ്ദേഹത്തോടൊപ്പം ഞാൻ ആദ്യമായിട്ട് അഭിനയിക്കുന്നത്. അതിൽ അഭിനയിച്ചതുകൊണ്ടാണ് ലൂസിഫർ ചെയ്യാൻ പറ്റിയത്. രാജുവേട്ടനെ പറ്റി പറയുമ്പോൾ എന്റെ മെമ്മറിയിൽ ആദ്യം വരുന്ന ഒരു കാര്യമുണ്ട്. ലൂസിഫറിൽ അഭിനയിക്കുമ്പോൾ എന്റേത് മൈക്ക് പിടിച്ച് ക്യാമറയിൽ നോക്കി റിപ്പോർട്ട് പറയുന്ന സീനാണ്.
ഞാൻ നാലു തവണ ഡയലോഗ് തെറ്റിച്ചു. പെട്ടെന്ന് മൈക്കിൽ നിന്നും സൗണ്ട് കേട്ടു. ആദിൽ...ഡയലോഗ് മറക്കല്ലേ ആദിൽ...പൃഥ്വിരാജിന്റെ സൗണ്ട് ആയിരുന്നു അത്. അങ്ങനെ പുള്ളി എന്നെ വിരട്ടിയത് ഇപ്പോഴും എനിക്ക് ഓർമ്മയുണ്ട്. ''- ആദിലിന്റെ വാക്കുകൾ.
അടുത്തിടെ മോഹൻലാൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. പൃഥ്വിരാജുമായിട്ട് വർക്ക് ചെയ്യുന്നത് പ്രയാസമുള്ള കാര്യം തന്നെയെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം. സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി. അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. അവിടെ ഈഗോയ്‌ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. ബറോസിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മോഹൻലാൽ മനസ് തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |