താരങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അധികമാർക്കുമറിയാത്ത സംഭവങ്ങൾ സംവിധായകൻ ആലപ്പി അഷ്റഫ് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. നടി സായി പല്ലവിയെക്കുറിച്ചാണ് അദ്ദേഹം പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
പൊതുസമൂഹത്തിൽ വളരെ ഉത്തരവാദിത്തത്തോടെ, ഒരു കലാകാരിയുടെ കടമകളെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് സായ് പല്ലവിയുടെ ജീവിതമെന്ന് അദ്ദേഹം പറയുന്നു. 'രണ്ട് കോടി ഓഫറുണ്ടായിരുന്ന ഒരു ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അവർ അഭിനയിക്കില്ലെന്ന് പറഞ്ഞത് പരസ്യമായിത്തന്നെയായിരുന്നു. ഇതു തേച്ചാൽ വെളുക്കും, സുന്ദരിയാകും, ഞാൻ ഇത് ഉപയോഗിക്കുന്നതാണെന്നൊക്കെ പറഞ്ഞാൽ ആളുകൾ അത് വാങ്ങി ഉപയോഗിച്ചെന്ന് വരാം.
എന്നാൽ അത് പൊതുസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും. ഇത്തരം ക്രീമുകൾ സ്ഥിരമായി ഉപയോഗിച്ചാൽ അത് ഗുണത്തേക്കാൾ ദോഷമാണെന്ന് എനിക്ക് വ്യക്തമായി അറിയാവുന്നതാണെന്ന് സായി പല്ലവി പറഞ്ഞു. മലയാളത്തിലെ ഏതെങ്കിലുമൊരു സെലിബ്രിറ്റിയായിരുന്നെങ്കിൽ ഈ രണ്ടുകോടി രൂപ വേണ്ടെന്ന് വയ്ക്കുമായിരുന്നോയെന്ന് നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചുനോക്കൂ.
നിസാര തുകയ്‌ക്ക് വേണ്ടി മനുഷ്യനെ വഴിതെറ്റിക്കുന്ന പരസ്യങ്ങളിലഭിനയിക്കുന്ന പണമോഹികൾക്ക് എന്ത് സമൂഹം, എന്ത് പ്രതിബദ്ധത. വളരെ ഉത്തരവാദിത്തത്തോടെ സംസാരിക്കുന്നയൊരാളാണ് സായി പല്ലവി. വിവാദങ്ങളൊന്നുമില്ലാത്ത സാധാരണക്കാരി. ഞാൻ സാരി വാങ്ങുകയാണെങ്കിൽ ആയിരത്തിന്റെ കൂടിയാൽ രണ്ടായിരം രൂപ വിലയുള്ള സാരിയൊക്കയേ വാങ്ങാറുള്ളൂ,, അതുടുത്താൽ കുട്ടുന്ന സൗന്ദര്യമൊക്കെ മതിയെനിക്കെന്ന് സായി പല്ലവി പറയുന്നു. യാതൊരു സൗന്ദര്യ വർദ്ധക വസ്തുക്കളും ഉപയോഗിക്കില്ല. ആഭരണങ്ങളോടൊന്നും ഭ്രമമില്ല.
പ്രേമമെന്ന ചിത്രത്തിലെ മലർ മിസിനെയും ജോർജിനെയും ആർക്കാണ് മറക്കാനാകുക. ആ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുമ്പോൾ മേക്കപ്പിടേണ്ടതുണ്ടോയെന്ന് സംവിധായകനോട് സായി ചോദിച്ചു. വേണ്ടെന്ന് ആ സംവിധായകൻ പറഞ്ഞു.
തമിഴ്നാട്ടിലെ കോയമ്പത്തൂരാണ് സായി പഠിച്ചതും വളർന്നതുമെല്ലാം. സെൻട്രൽ എക്‌സൈസിലെ ഉദ്യോഗസ്ഥനായിരുന്ന ചെന്ദാമര കണ്ണന്റെയും രാധ കണ്ണന്റെയും മൂത്ത മകളാണ് സായി പല്ലവി. അവർക്കൊരു അനുജത്തി കൂടിയുണ്ട്. സായി ബാബ ഭക്തരായ മാതാപിതാക്കൾ മൂത്തമകളെയും കൊണ്ട് അദ്ദേഹത്തിനെ സന്ദർശിക്കാൻ പോയി. സായി ബാബ അനുഗ്രഹിച്ചിട്ടുകൊടുത്ത പേരാണ് സായി പല്ലവി എന്നവർ പറയുന്നു. ഇവർ ഭാവിയിൽ നല്ല വ്യക്തിത്വവും പ്രശസ്തിയുമുള്ള കുട്ടിയായി മാറുമെന്ന് തലയിൽ കൈവച്ച് അനുഗ്രഹിച്ച് സായിബാബ പറഞ്ഞിരുന്നു. ആ വാക്കുകൾ അതേപടി ഫലിക്കുമെന്ന് അവർ കരുതിയില്ല."- ആലപ്പി അഷ്റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |