'എമ്പുരാൻ' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ മോഹൻലാലിനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റും മോഹൻലാലിന്റെ അടുത്ത സുഹൃത്തുമായ എംബി സനിൽകുമാർ. മനസാ വാചാ കർമ്മണാ അറിയാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാതെപോയ കാര്യം തന്റെ തലയിൽ കൊണ്ടുവയ്ക്കുമ്പോൾ വേദനയുണ്ടാകുമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടിച്ചെടുത്തിട്ടില്ലെന്ന് സനിൽ കുമാർ പറയുന്നു. 'ആനക്കൊമ്പ് പിടിച്ചെടുത്തിട്ടില്ല. മുപ്പത്തിയഞ്ച് വർഷം മുമ്പ് ഈ രണ്ട് കൊമ്പും അതിലൊരു കണ്ണാടിയും അതിൽ ചാരി നിൽക്കുന്ന ലാലേട്ടന്റെ ഫോട്ടോ ഞാൻ കണ്ടു. ഇത് ഞങ്ങൾ കാണിച്ചു. ഈ ഓഫീസർമാരും മനുഷ്യരാണ്, അവർക്കും കാര്യം അറിയാം. പക്ഷേ പബ്ലിക്ക് എന്ന പ്രോബ്ലമാണ് അവരെ എഫക്ട് ചെയ്തത്.
ഇത് എന്താണ് സംഭവിച്ചതെന്നുവച്ചാൽ ലാലേട്ടന്റെ വീട്ടിലുള്ള ഈ കൊമ്പിന്റെ ബേസിന് എന്തോ തകരാറ് വന്നു. അങ്ങനെ ഈ സാധനം റിപ്പയറിന് കൊടുത്തു. ഈ കൊമ്പ് നമുക്ക് നടക്കുന്ന വഴിയിൽ വയ്ക്കാൻ പറ്റില്ലല്ലോ. അലമാരയിലും വയ്ക്കാൻ പറ്റില്ല. സ്വാഭാവികമായി എല്ലാവരും എവിടെയാണ് വയ്ക്കുന്നത്, കട്ടിലിന്റെ കീഴിൽ. അങ്ങനെ ആദായ നികുതി വകുപ്പിലെ ഓഫീസർമാർ പരിശോധിച്ചപ്പോൾ ഈ സാധനം അവരുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് ചോദിച്ച് അവർ തിരിച്ചുവച്ചു. അവർക്കിത് വിഷയമല്ല, ഇൻകം കുറച്ചുകാണിച്ചിട്ടുണ്ടോ, ടാക്സ് അടച്ചിട്ടുണ്ടോയെന്നതൊക്കെയാണ് അവരുടെ വിഷയം. അല്ലാതെ ആനക്കൊമ്പുണ്ടോ, വീട്ടിൽ ആനയെ വളർത്തുന്നുണ്ടോയെന്നത് അവരുടെ വിഷയമല്ല. ആനയെ വളർത്തിക്കോളൂ, ടാക്സ് അടച്ചിട്ടുണ്ടോയെന്നോ നോക്കൂ. അവരത് മൈൻഡ് ചെയ്തില്ല.
ലാലേട്ടന്റെ ഗതികേടിന് ആ സമയത്ത് ഇവർക്ക് ഭക്ഷണവുമായി വന്ന ഒരു ചങ്ങാതി, ഇതുകണ്ടു. ഇയാൾ പോയി പുറത്തുനിൽക്കുന്ന ക്യാമറാമാൻമാരോട് ലാൽ സാറിന്റെ കൈയിൽ ആനക്കൊമ്പുണ്ടെന്ന് പറഞ്ഞുകൊടുത്തു. തീർന്നില്ലേ. അപ്പോൾ എന്ത് പറ്റി, എല്ലാ ചാനലിലും ബേക്കിംഗ് ന്യൂസായി ഇത് വന്നു. ഇൻകം ടാക്സുകാർക്ക് എന്തുചെയ്യാൻ പറ്റും. അവിടെ വലിയ ചർച്ചയായി. ഞാനവിടെ വീട്ടിലില്ല.
ഞാൻ ഓഫീസിൽ ചെന്നു. എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ആനക്കൊമ്പാണെന്ന് ഉറപ്പാണോയെന്ന് ഞാൻ ചോദിച്ചു, നമ്മുടെ പണി ഇതല്ല, ടിവി ന്യൂസിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഓഫീസർമാർ പറഞ്ഞു. കണ്ട സ്ഥിതിക്ക് നമ്മൾ ഇത് റെക്കാർഡ് ചെയ്താൽ മതിയെന്ന് അവർ പറഞ്ഞു. നിങ്ങൾ വിശ്വസിക്കില്ല, ആനക്കൊമ്പ് പോലെ തോന്നിക്കുന്ന രണ്ട് സാധനമെന്നാണ് എഴുതിയത്. ഇൻകം ടാക്സുകാർ പണി കഴിഞ്ഞങ്ങ് പോയി. അതൊക്കെ എന്നേ ക്ലോസായി. ഒന്നും അടയ്‌ക്കേണ്ടിവന്നില്ല. അന്വേഷണം നടത്തി. ഞങ്ങൾ പ്രൂവ് ചെയ്തു. ലോകായുക്ത കോടതിയിൽ കൊണ്ടുപോയപ്പോൾ കേസ് തള്ളി. എന്തെങ്കിലും വിധത്തിൽ ചിലർ പരാതി കൊടുത്തുകൊണ്ടിരിക്കും.'- അദ്ദേഹം പറഞ്ഞു.
മോഹൻലാലിന്റെ കുടുംബവുമായും സനിൽ കുമാറിന് അടുത്ത ബന്ധമാണ്. മോഹൻലാലിന്റെ അച്ഛൻ ആശുപത്രിയിൽ കിടന്നപ്പോൾ അവിടെ ഇരുപത്തിയെട്ട് ദിവസം താമസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 'ഞാൻ ലാലേട്ടന്റെ അമ്മയുടെയടുത്ത് ചെല്ലാറുണ്ട്. പോയി പാട്ടുപാടാറുണ്ട്. നേരത്തെയും അങ്ങനെയായിരുന്നു. അന്ന് ഞാൻ ആഴ്ചയിൽ രണ്ട് ദിവസം അവിടെ ചെല്ലണം. എനിക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടാക്കി അവിടെയിരിക്കും. ലേറ്റ് ആയാലും അമ്മ ഭക്ഷണം കഴിക്കില്ല. ഞാൻ ചെന്നാലേ ഭക്ഷണം കഴിക്കൂ. എനിക്കിഷ്ടമുള്ള കപ്പലണ്ടി മിഠായി വരെ വാങ്ങിച്ചുവയ്ക്കും. ഒന്നിച്ച് ഭക്ഷണം കഴിക്കും, പാട്ടുപാടും. ഇപ്പോഴും ഞാൻ ചെന്നാൽ പാട്ടുപാടും. അമ്മ താളം പിടിക്കും. പിന്നെ അധികം നിൽക്കില്ല, വിഷമമാണല്ലോ. അമ്മ എനിക്ക് വാങ്ങിച്ചുതന്ന മാല ഞാൻ ഇന്നും ഊരിയിട്ടില്ല. രക്തചന്ദനത്തിലുണ്ടാക്കിയതാണ്.
ഒരിക്കൽ രുദ്രാക്ഷവുമിട്ട് ഞാൻ അമ്മയുടെ അടുത്ത് പോയി. കള്ള രുദ്രാക്ഷമായിരിക്കാം. അറിവില്ലായ്മയുണ്ടല്ലോ. ഇത് അമ്മ കണ്ടു. രുദ്രാക്ഷമാണെന്ന് പറഞ്ഞപ്പോൾ അമ്മ പൊട്ടിച്ചു. രുദ്രാക്ഷമിടാൻ പ്രായമുണ്ട്, അതിനുമുമ്പ് രുദ്രാക്ഷം ഇടാൻ പാടില്ലെന്ന് അമ്മ പറഞ്ഞു. ഞാൻ പാഷൻ കൊണ്ടിട്ടതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ, മേശപ്പുറത്ത് സാധനമുണ്ട്, എടുത്തോയെന്ന് പറഞ്ഞു. ഞാൻ എടുത്തുനോക്കിയപ്പോൾ ഭീമയുടെ കവർ. ഇത് രുദ്രാക്ഷമല്ലേയെന്ന് ചോദിച്ചപ്പോൾ അല്ല രക്ത ചന്ദനമാണെന്ന് പറഞ്ഞു. പതിനാറ് വർഷമായി ഇതിടുന്നു. എന്നും ഇടുന്ന മാലയാണ്. ലാലേട്ടന് പോലും അറിയില്ല.'- അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |