സിനിമാപ്രേമികളുടെ ഏറെക്കാലമായുള്ള കാത്തിരിപ്പിന്വിരാമം. മമ്മൂട്ടി - കെ. മധു - എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രത്തിന് നവംബർ 25 തിങ്കളാഴ്ച എറണാകുളത്ത് തുടക്കം.
സി.ബി.ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന ബ്രാൻഡ് വീണ്ടും അവതരിപ്പിക്കുമ്പോൾ പഴയ തലമുറയും പുതു തലമുറയും ഒരേ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം വരുന്നതും ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും അഞ്ച് ഭാഗങ്ങളിലും ഒന്നിക്കുന്നതും മലയാള സിനിമയിൽ ഇതാദ്യമാണ്. ഡിസംബർ 16ന് സി.ബി.ഐ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്കുമാർ, രമേഷ് പിഷാരടി, ആശാശരത്ത് എന്നിവരാണ്സി.ബി.ഐ അഞ്ചാം ഭാഗത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനമൊരുക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. സി.ബി.ഐയുടെ മുൻ ഭാഗങ്ങളിലെപ്പോലെ ശ്യാം ഒരുക്കിയ ഐക്കണിക് തീം മ്യൂസിക്ക് കാലാനുസൃതമായ മാറ്റങ്ങളോടെ അഞ്ചാം ഭാഗത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നുണ്ട്. മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ കാമറാമാനായ അഖിൽ ജോർജാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് 1988ൽ ആണ് സി.ബി.ഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് റിലീസ് ചെയ്തത്. കേരളത്തിലും കേരളത്തിന് പുറത്തും ഉജ്ജ്വല വിജയം നേടിയ ചിത്രം കേരളത്തിന് പുറത്ത് മലയാള സിനിമയുടെ കീർത്തിയും മാർക്കറ്റ് വാല്യുവും ഉയർത്തിയ സിനിമയാണ്.
തൊട്ടടുത്ത വർഷം തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജാഗ്രതയ്ക്ക് പക്ഷേ ആദ്യ ഭാഗം നേടിയ തകർപ്പൻ വിജയം ആവർത്തിക്കാനായില്ല.
രണ്ട് ചിത്രങ്ങളും സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണിയാണ് നിർമ്മിച്ചത്.
പതിനാല് വർഷങ്ങൾക്കു ശേഷം 2004ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതുരാമയ്യർ സി.ബി.ഐ പുതിയ തലമുറ ഹർഷാരവത്തോടെ സ്വീകരിച്ചു. സി.ബി.ഐ സീരീസിലെ ഏറ്റവും വലിയ പണവാരിപ്പടമായ സേതുരാമയ്യർ സി.ബി.ഐ മാറി. തൊട്ടടുത്ത വർഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാൻ സി.ബി.ഐ സാമാന്യവിജയത്തിലൊതുങ്ങി.
സംവിധായകൻ കെ. മധുവിന്റെ ബാനറായ കൃഷ്ണകൃപയാണ്ഇരുചിത്രങ്ങളും നിർമ്മിച്ചത്. സ്വർഗചിത്രയായിരുന്നു വിതരണം.പതിനാറ് വർഷമായി സിനിമാ രംഗത്ത്നിന്ന് വിട്ടുനിൽക്കുന്ന സ്വർഗചിത്ര സി.ബി.ഐ അഞ്ചാം ഭാഗത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ്.
ബുദ്ധിരാക്ഷസനായ സേതുരാമയ്യർ ഒരിക്കൽക്കൂടി അവതരിക്കാനൊരുങ്ങുമ്പോൾ തിയേറ്ററുകൾ വീണ്ടും ആവേശക്കടലായി മാറുന്ന കാഴ്ചയെ വരവേല്ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.
സി.ബി.െഎ സീരിസിലെ മുൻചിത്രങ്ങളുടെയെല്ലാം പ്രൊഡക്ഷൻ കൺട്രോളറായിരുന്ന അരോമ മോഹനാണ് അഞ്ചാം ഭാഗത്തിന്റെ നിർമ്മാണ നിയന്ത്രണം നിർവഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |